ശശി നാരായണന്
സ്വാതന്ത്ര്യലബ്ധിയുടെ എഴുപത്തിയഞ്ചാം വര്‍ഷത്തില്‍ അമൃത മഹോത്സവം ആേഘാഷിക്കുന്ന ഈ അവസരത്തിലും നമ്മുടെ നാട്ടിലെ അടിസ്ഥാന വര്‍ഗങ്ങളുടെ ജീവിതാവസ്ഥ അത്രയൊന്നും മെച്ചപ്പെട്ടതല്ല. കേരളത്തില്‍ പ്രത്യേകിച്ചും എന്നാല്‍ കോടിക്കണക്കിന് കേന്ദ്രഗവണ്മെന്റ് ഫണ്ട് ഓരോ വര്‍ഷവും വനവാസി വികസനത്തിന്റെ പേരില്‍ ഇതുവരെയുള്ള സര്‍ക്കാരുകള്‍ ചെലവഴിച്ചിട്ടുണ്ട്. 1947 മുതല്‍ ഇതിനായി നീക്കിവെച്ച തുക കണക്കാക്കിയാല്‍ ഓരോ വനവാസിക്കും ഓരോ കോടി വീതം നേരിട്ടു കൊടുക്കുവാനുള്ള അത്രയും ചെലവായിട്ടുണ്ടാവും എന്നു ചിലര്‍ ഫലിതം പറയുന്നതില്‍ കാര്യമില്ലാതില്ല. പക്ഷേ വികസനം ഇപ്പോഴും പണി പൂര്‍ത്തിയാകാത്ത വീടുകളെന്ന പേരില്‍ കെട്ടിയിട്ടിരിക്കുന്ന സിമന്റുകട്ടകൊണ്ടുള്ള കൂടുകളും, പാതികുഴിച്ചുവെച്ച കിടങ്ങുകളും, പ്രാഥമിക വിദ്യാഭ്യാസത്തിന്റെ അപ്രാപ്യതയും ശിശുമരണങ്ങളും രോഗപീഡകളും അവിവാഹിതരായ അമ്മമാരും ഒക്കെയാണ്. ചിലര്‍ക്കത് അവിവാഹിതരായ അമ്മമാര്‍ക്ക് കൊടുക്കുന്ന രണ്ടു ലക്ഷം രൂപയും, ശിശുമരണങ്ങള്‍ക്കു നല്കുന്ന സാമ്പത്തികസഹായവും സൗജന്യ ഭക്ഷണ വിതരണവും വസ്ത്രവിതരണവും എല്ലാമാണ്.
അട്ടപ്പാടിയില്‍ ആകെയുള്ള വനവാസികളേക്കാള്‍ എണ്ണം എന്ജിഒമാരുണ്ടത്രേ! അതില്‍ പലര്‍ക്കും പണി മതംമാറ്റാന്‍ വിദേശഫണ്ട് സ്വീകരിക്കലാണ്. അങ്ങനെ ‘വട്ട്ലക്കി’ എന്ന ഊര് മുഴുവന്‍ മതംമാറ്റപ്പെട്ടു. വനവാസി കല്യാണ്‍ ആശ്രമം, സൂര്യകാന്തി ഫൗണ്ടേഷന് എന്നിങ്ങനെയുള്ള ചില സംഘടനകളുടെ സേവനങ്ങള്‍ ഒഴിച്ചുനിര്‍ത്തിയാല്‍ ബാക്കി എല്ലാം അതേ ഗണത്തില്‍ വരും. എന്നാലിപ്പോള്‍ മോദിജിയുടെ പുത്തന്‍ സാമ്പത്തിക നയങ്ങളും നിയന്ത്രണങ്ങളും വന്നതോടെ എന്‍ജിഒമാര്‍ മിക്കവരും അപ്രത്യക്ഷരായി എന്നതൊരാശ്വാസം.
യഥാര്‍ത്ഥത്തില്‍ കാരണമറിയാതെയുള്ള പരിഹാരക്രിയകളാണ് വനവാസി വികസനരംഗം സങ്കീര്‍ണമാക്കിയത്. ഭാരതത്തില്‍ വികസനമെന്നത് 1947 മുതല്‍ മുകളില്‍നിന്ന് താഴേയ്ക്കടിച്ചേല്പ്പിക്കുന്ന ഒരു പ്രക്രിയയാണ്. അതിന്റെ വര്‍ത്തമാനകാല തുടര്‍ച്ചയായി വേണം ‘കെ’റെയിലിന്റെ കോലാഹലങ്ങളേയും കാണാന്‍.
ഒരല്പം ചരിത്രം
ഈ വിഷയത്തില്‍ വെളിച്ചം ലഭിക്കണമെങ്കില്‍ ഒരല്പം ചരിത്രം പരിശോധിക്കണം. സത്യത്തില്‍ നിരന്തരമുണ്ടായ വൈദേശികാക്രമണങ്ങളാല്‍ ശിഥിലമാക്കപ്പെട്ടതായിരുന്നു പുരാതന ഭാരതത്തിലെ രാജഭരണങ്ങളെല്ലാം. അതുകൊണ്ടുതന്നെ ഭാരതീയ പാരമ്പര്യമനുസരിച്ചുള്ള സാമൂഹിക വികസന സാധ്യതകള്‍ അടഞ്ഞുപോയിട്ട് ആയിരക്കണക്കിന് വര്‍ഷങ്ങളായി. എന്നുവച്ചാല്‍ അടിസ്ഥാന വര്‍ഗ്ഗ വികസനം മുരടിച്ചുപോയിട്ട് അനേക നൂറ്റാണ്ടുകളായെന്നര്ത്ഥം. മുസ്ലിം, ബ്രിട്ടീഷ് അധിനിവേശങ്ങളോടെ ഭൂമിയൊക്കെ തീര്‍ത്തും സ്വകാര്യസ്വത്തായി മാറിപ്പോവുകയും പുത്തന്‍ ജന്മിവര്‍ഗം രൂപപ്പെട്ടുവരികയും ചെയ്തു. ആ കാലഘട്ടത്തിലാണ് നമ്മള് പഠിച്ചറിഞ്ഞ മട്ടിലുള്ള ഉച്ചനീചത്വങ്ങളും ജാതിപീഡനങ്ങളും എല്ലാം നിലനിന്നിരുന്നത്. പിന്നീട് ഭക്തിപ്രസ്ഥാനവും നവോത്ഥാന പ്രവര്‍ത്തനങ്ങളും സ്വാതന്ത്ര്യസമരവും എല്ലാം വളര്‍ന്നുവന്നു. 1938 ല്‍ പഞ്ചാബ് പോലുള്ള പ്രവിശ്യകള്‍ക്ക് അര്ധസ്വയംഭരണം കൊടുക്കാമെന്ന് ബ്രിട്ടീഷുകാര്‍ സമ്മതിച്ചപ്പോള്‍ പൂര്‍ണ സ്വാതന്ത്ര്യം അകലെയല്ലെന്നു മനസ്സിലാക്കിയ കോണ്‍ഗ്രസ് പാര്‍ട്ടി സ്വതന്ത്രയാകാന്‍ പോകുന്ന ഭാരതത്തിനൊരു വികസനനയം രൂപീകരിക്കാനായി പണ്ഡിറ്റ് ജവഹര്‍ലാല്‍ നെഹ്റുവിന്റെ അധ്യക്ഷതയില്‍ ഒരു വികസനസമിതിയെ നിയോഗിച്ചു. കേംബ്രിഡ്ജിലും ഓക്സ്ഫോര്‍ഡിലും പഠിച്ചുവന്ന കുറെ വിദഗ്ധരും, കുറെ നാട്ടുരാജാക്കന്മാരും ചേര്‍ന്നതായിരുന്നു ആ സമിതി. പത്തോളം യോഗങ്ങള്‍ ചേര്‍ന്നെങ്കിലും അവര്‍ക്കൊരു സമവായത്തിലെത്താനായില്ല. വ്യവസായവല്‍ക്കരണം, പാലങ്ങളും പാതകളും നിര്‍മിക്കല്‍, വീട്, ശൗചാലയ നിര്‍മാണം, കൂലിവര്‍ധന എന്നിങ്ങനെ ഇന്നും നമ്മള് തുടര്‍ന്നുകൊണ്ടിരിക്കുന്ന പല പരിപാടികളും തുടങ്ങാനുള്ള തീരുമാനമെടുക്കാന്‍ മാത്രമേ അവര്‍ക്കായുള്ളൂ. ശേഷം രണ്ടാം ലോകമഹായുദ്ധം ആരംഭിച്ചതോടെ നേതാക്കളെല്ലാം ജയിലിലായി. വികസനസമിതി പിരിച്ചുവിട്ടു. പിന്നീട് 1947 നോടടുത്തപ്പോഴേക്കും വിഭജനകലാപങ്ങളാരംഭിച്ചു. നേതാക്കന്മാരൊക്കെ അതിന്റെ പിറകെ ആയി. അതിനെത്തുടര്‍ന്ന് മഹാത്മജിയുടെ വധം നടന്നു. അതോടെ രാഷ്ട്രം മുഴുവന്‍ കലുഷമായി. ഈ നൂലാമാലകള്‍ക്കിടയില്‍ വികസനകാര്യത്തിലൊരടിസ്ഥാന തീരുമാനത്തിലെത്താന്‍ നേതൃത്വത്തിനു കഴിഞ്ഞില്ല. തദ്ഫലമായി അടിസ്ഥാന വികസനത്തിനുള്ള യാതൊരു പദ്ധതിയുമില്ലാതെ 1947 ഓഗസ്റ്റ് 14 അര്‍ധരാത്രിയില്‍ നമ്മുടെ സ്വാതന്ത്ര്യദിനം പുലര്ന്നുവീണു. ഈ യാഥാര്‍ത്ഥ്യം നമ്മള് തിരിച്ചറിയേണ്ടതുണ്ട്. പിന്നീട് കലാപങ്ങളൊക്കെ ഒടുങ്ങി രാജ്യം ശാന്തമായപ്പോള്‍ ഭരണാധികാരികള്‍ അടിസ്ഥാന വികസനകാര്യങ്ങളൊക്കെ തിരക്കിനിടയില്‍ മറന്നുപോയി. അതുകൊണ്ടൊക്കെതന്നെയാണല്ലോ ഭാരതത്തിലെ അടിസ്ഥാന ജനവര്‍ഗ്ഗങ്ങളുടെ വളര്‍ച്ചയില്‍ പ്രതിബദ്ധതയുള്ള ജനസംഘവും ബിജെപിയും സമാന്തരമായി വളര്‍ന്നുവന്നതും.
വനവാസി വികസനരംഗത്തെ വര്‍ത്തമാനകാല പ്രശ്നങ്ങള്‍
1. വനവാസി വികസനത്തിന് വ്യക്തമായ പദ്ധതിയോ കാഴ്ചപ്പാടോ ഇല്ലാതെയാണ് നാളിതുവരെ സര്‍ക്കാരുകള്‍ കാശ് ചെലവഴിച്ചത്.
2. സാധാരണ ഗ്രാമവികസന പദ്ധതികളെപ്പോലെതന്നെയുള്ള പദ്ധതികളാണ് വനവാസികള്‍ക്കു വേണ്ടിയും നടപ്പാക്കാന്‍ ശ്രമിച്ചത്. ഘട്ടംഘട്ടമായുള്ള ആ പദ്ധതി നടപ്പാക്കല്‍ രീതി വനവാസികള്‍ക്കു യോജിച്ചതല്ല. അതുകാരണം ചെലവഴിച്ച കോടികള്‍ പലയിടത്തും പുല്ലില്‍ ചിന്തിയ തവിടുപോലെയായി.
ഒരൊറ്റ പദ്ധതിയ്ക്കു കീഴില്‍ പ്രാഥമികമായ രണ്ടുമൂന്നു പ്രശ്നങ്ങള്‍കൂടി പരിഹരിക്കാവുന്ന തരത്തിലുള്ള പദ്ധതികളാണ് വനവാസികള്‍ക്കുവേണ്ടി നടപ്പിലാക്കേണ്ടത്. അതിലേറ്റവും പ്രധാനം പാര്പ്പിടമാകുന്നു. ഇന്നും ഗുഹാമനുഷ്യര്‍ കൂടി ഉള്‍പ്പെട്ടൊരു ജനസഞ്ചയമാണവര് എന്നോര്‍ക്കണം. വനാന്തരത്തിന്റെ സ്വഛതയില്‍ കഴിഞ്ഞിരുന്ന അവര്‍ക്ക് സിമന്റുകട്ടകൊണ്ടുള്ള കൂടുകള്‍ പോലുള്ള വീടുകള്‍ തടവറകളായേ അനുഭവപ്പെടൂ. അത്തരമൊരവസ്ഥയില്‍ വളര്‍ച്ചക്കു പകരം വീര്‍പ്പുമുട്ടലും മുരടിപ്പുമാണ് അവര്‍ക്കുണ്ടാവുക.
അപ്പോള്‍പിന്നെ എങ്ങിനെ ആയിരിക്കണം വനവാസി പാര്‍പ്പിട പദ്ധതിയെന്ന് വേറെതന്നെ വിഭാവന ചെയ്യേണ്ടതുണ്ട്. നമ്മുടെ എല്ലാം പുരാതന പൂര്‍വ്വികര്‍ ആദ്യമായി കേന്ദ്രീകരിച്ചു ജീവിച്ചുതുടങ്ങിയത് ഒറ്റയ്ക്കൊറ്റയ്ക്കുള്ള വീടുകളിലായിരുന്നില്ല. ഒരുപാട് അമ്മമാര്‍ക്കും മക്കള്‍ക്കും ഒരുമിച്ചു കഴിയാന്‍ ഉതകുന്ന വലിയ നാലുകെട്ടുകളിലും എട്ടുകെട്ടുകളിലും ഒക്കെയായിരുന്നു. ആരംഭത്തില്‍ അവയൊന്നും പ്രൗഢിയുടെ പ്രതീകങ്ങളായിരുന്നില്ല. പകരം കുറെ കുടുംബങ്ങള്‍ക്ക് ഒരുമിച്ചു കഴിയാനുള്ള വലിയ ഇടങ്ങള്‍ മാത്രമായിരുന്നു. ആ മാതൃകയില്‍ വനവാസി പാര്‍പ്പിട സമുച്ചയം സങ്കല്പ്പിച്ചാല് പ്രശ്നങ്ങള്‍ക്ക് വളരെ ജൈവപരമായ ഒരു പരിഹാരം ഉരുത്തിരിഞ്ഞുവരുന്നതു കാണാം.
ഒറ്റയ്ക്കൊറ്റക്കുള്ള ചെറിയ വീടുകളെന്ന കൂടുകള്‍ക്കു പകരം ഓരോ ഊരിലെയും കുടുംബാംഗങ്ങളുടെ എണ്ണത്തിനനുസരിച്ച് ആവശ്യമുള്ളത്ര മുറികളോടുകൂടി, നല്ല വീതിയും നീളവുമുള്ള വരാന്തയാലും ഇടച്ചുമരുകളാലും ബന്ധിക്കപ്പെട്ട് ഒരു വലിയ മൈതാനത്തിന് (വലിയ മുറ്റം) നാലുപുറവുമായി, പടിപ്പുരയോടുകൂടി പടുത്തുയര്‍ത്തുന്നതായിരിക്കണം ആ പാര്‍പ്പിട സമുച്ചയം. ചെങ്കല്ലോ കരിങ്കല്ലോ ഇഷ്ടികയോ ആയിരിക്കണം ചുമരുകള്‍. ഇത് വെറും പാര്‍പ്പിടം മാത്രമായിരിക്കില്ല; വിദ്യാലയംകൂടി ആയിരിക്കും. പകല്‍ സമയങ്ങളില്‍ ഇതിന്റെ വിശാലമായ വരാന്തയും മുറ്റവും ഒന്നുമുതല്‍ എട്ടാംതരം വരെയുള്ള വിദ്യാലയമായിരിക്കും. തെരഞ്ഞെടുക്കപ്പെട്ട അധ്യാപകര്‍ ഈ പാര്പ്പിടസമുച്ചയത്തിലെത്തണം. അധ്യയനത്തിനുള്ള സാങ്കേതികസൗകര്യങ്ങള്‍ അവിടെ ഒരുക്കണം. ചുമരുകള്‍ മഹദ്വചനങ്ങള്കൊണ്ടും, മഹാന്മാരുടെ ചിത്രങ്ങളാലും അലങ്കരിക്കാവുന്നതാണ്. വീടുതന്നെ വിദ്യാലയമാകുന്ന അപൂര്‍വ്വ അനുഭവമായിരിക്കും അത്. വിവേകാനന്ദസ്വാമികളുടെ ഒരു വിദ്യാഭ്യാസചിന്തയുടെ പ്രയോഗവും.
If the mountain does not move to Muhammed, Muhammed mtsu go towards the mountain.’
അങ്ങിനെയാകുമ്പോള്‍ ഒരിക്കലും പ്രാഥമികതലത്തിലുള്ള കൊഴിഞ്ഞുപോക്കുണ്ടാവില്ല. പകല്‍സമയത്ത് കുട്ടികളിരിക്കുന്ന ബെഞ്ചുകള്‍ രാത്രികാലങ്ങളില്‍ അവിവാഹിതരായ ചെറുപ്പക്കാര്‍ക്കുള്ള കട്ടിലായുപയോഗിക്കാം. അധ്യാപകര്‍ നിത്യസന്ദര്ശകരോ അവിടെത്തന്നെ താമസിക്കുന്നവരോ ആകയാല്‍, ഗര്‍ഭിണികള്‍, ശിശുക്കള്‍, രോഗികള്‍, വൃദ്ധജനങ്ങള്‍ എന്നിവര്‍ക്കെല്ലാം ശ്രദ്ധയും ആരോഗ്യസംരക്ഷണവും ലഭ്യമാകും. കുട്ടികളുടെ പഠനസൗകര്യങ്ങള്‍ രാത്രികാലങ്ങളില്‍ രക്ഷിതാക്കളുടെ പഠനത്തിനായുപയോഗിക്കാം.
പത്തു കുട്ടികളുടെ ഒന്നാംതരം മുതല്‍ പന്ത്രണ്ടാം ക്ലാസ് വരെയുള്ള പഠനത്തിന്റെ ഉത്തരവാദിത്വം ഒരു അധ്യാപകനില്‍ നിക്ഷിപ്തമായിരിക്കണം. ഹയര്‍ സെക്കന്ററി പരീക്ഷയില്‍ ഏറ്റവും കൂടുതല്‍ മാര്‍ക്കു വാങ്ങുന്ന കുട്ടികള്‍ക്കും, അധ്യാപകരാല്‍ നിര്‍ദ്ദേശിക്കപ്പെടുന്ന കുട്ടികള്‍ക്കും ഉന്നതവിദ്യാഭ്യാസത്തിനു പോകാം. മറ്റുള്ളവര്‍ക്ക് കലാലയാങ്കണ അഭിമുഖത്തിലൂടെ ഗവണ്മെന്റ് ജോലി നല്‍കാം. ഇങ്ങനെ ജോലി നല്‍കപ്പെട്ടവര്‍ക്ക് നഗരത്തിലോ ഗ്രാമത്തിലോ വീടുവാങ്ങുന്നതിന് പലിശരഹിത വായ്പ അനുവദിക്കാം. റിട്ടയര്‍മെന്റിനുശേഷം അവര്‍ക്കത് പുതിയ തലമുറക്ക് കൈമാറി വനാതിര്‍ത്തിയിലെ പഴയ പാര്‍പ്പിട സമുച്ചയത്തില്‍ വിശ്രമജീവിതം നയിക്കാം.
യഥാര്‍ത്ഥത്തിലിത് സ്വാതന്ത്ര്യലബ്ധിയുടെ ആദ്യദശകങ്ങളില്‍തന്നെ നടപ്പാക്കേണ്ട പദ്ധതിയായിരുന്നു. എങ്കിലും ഇപ്പോഴും പല ഊരുകളിലും ഇതു പ്രസക്തവുമാണ്.
ഇത്തരം ഒരു പാര്‍പ്പിട സമുച്ചയ പദ്ധതി നടപ്പാക്കുന്നതോടൊപ്പം കൃഷിഭൂമി പതിച്ചു നല്‍കലും, വനാവകാശങ്ങളും മറ്റാനുകൂല്യങ്ങളും എല്ലാം നടപ്പാക്കാവുന്നതാണ്. ഇങ്ങനെ വനവാസി ഊരുകളിലെ ഭവനപദ്ധതി പുനഃസംവിധാനം ചെയ്ത് ഒരു തലമുറയെ വളര്‍ത്തിയെടുത്താല്‍ ഇനിവരുന്ന തലമുറകളുടെയെങ്കിലും ജീവിതം സര്‍ഗ്ഗാത്മകവും ഐശ്വര്യപൂര്ണവുമാകും സംസ്കാരസമ്പന്നവുമാകും എന്നതില്‍ സംശയമില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: