മണി എടപ്പാള്‍
മധ്യപ്രദേശിലും ഉത്തര്‍പ്രദേശിലും രാജസ്ഥാനിലുമൊക്കെയായി വ്യാപിച്ചുകിടക്കുന്ന ചമ്പല്‍ താഴ്വര അവിടങ്ങള്‍ സന്ദര്‍ശിക്കാത്ത മലയാളികള്‍ക്കും സുപരിചിതമാണ്. ആര്‍ക്കും കീഴടക്കാനാവാത്ത ചമ്പല്‍കൊള്ളക്കാര്‍. റിപ്പോര്‍ട്ടുകളിലൂടെയും അന്വേഷണ പരമ്പരകളിലൂടെയും ചില സാഹിത്യരചനകളിലൂടെയും മലയാളികള്‍ വായിച്ച് ഹരംകൊണ്ട കഥകള്‍. കൊള്ളക്കാരും അവരെ നേരിടുന്നവരും ജീവന്‍കൊണ്ട് പന്താടിയിരുന്ന ചമ്പല്‍ താഴ്വരയിലെ കൊടുംകാടുകളില്‍ തികച്ചും വ്യത്യസ്തമായ മറ്റൊരു ദൗത്യം നിര്‍വഹിക്കേണ്ടിവന്ന ഒരു മലയാളിയുണ്ട്. അയോധ്യയിലെ രാമജന്മഭൂമിയില്‍ ഉത്ഖനനം നടത്തിയ സഘത്തിലുണ്ടായിരുന്ന കെ.കെ. മുഹമ്മദ് എന്ന ആര്‍ക്കിയോളജിസ്റ്റ്.
പല കാരണങ്ങളാല്‍ ജീര്‍ണത പ്രാപിച്ചിരുന്ന മഹാക്ഷേത്രങ്ങളുടെ സംരക്ഷണമാണ് മധ്യപ്രദേശിലെ ആര്‍ക്കിയോളജിക്കല്‍ സര്‍വെ ഓഫ് ഇന്ത്യയുടെ മേധാവിയെന്ന നിലയ്ക്ക് ചമ്പല്ക്കാടുകളില് കെ.കെ. മുഹമ്മദിന് ഏറ്റെടുക്കേണ്ടി വന്നത്. ചമ്പല്ക്കൊള്ളക്കാര്ക്കും മൈനിങ് മാഫിയയ്ക്കുമിടയില്, അന്നത്തെ സംസ്ഥാന-കേന്ദ്ര സര്‍ക്കാരുകളുടെ അനുഭാവമില്ലാതെ തന്നെ 80 ക്ഷേത്രങ്ങളാണ് മുഹമ്മദിന്റെ നേതൃത്വത്തില്‍ പുനഃസ്ഥാപിച്ചത്.
സമാനമായ ദൗത്യത്തിനുവേണ്ടി ജീവിതം ഉഴിഞ്ഞുവച്ചിരിക്കുന്ന മറ്റൊരു മലയാളി നമുക്കിടയിലുള്ളത് പലര്‍ക്കും പുതിയ അറിവായിരിക്കും. ഹൈദരാലിയുടെയും ടിപ്പുവിന്റെയും പടയോട്ടങ്ങള്‍ തകര്‍ത്ത മലബാറിലെ ക്ഷേത്രങ്ങള്‍ കണ്ടെത്തി അവയുടെ ചരിത്രം രേഖപ്പെടുത്തുന്ന തിരൂര്‍ ദിനേശ് ആണിത്. പ്രതികൂലമായ ചുറ്റുപാടുകളില്‍ ശ്രമകരമായ ദൗത്യവുമായി മുന്നേറുന്ന തിരൂര്‍ ദിനേശിനെ ബല്‍ജിയംകാരനും പ്രമുഖ ഇന്‍ഡോളജിസ്റ്റും ചരിത്രം തിരുത്തുന്ന നിരവധി ആധികാരിക ഗ്രന്ഥങ്ങളുടെ രചയിതാവുമായ കൊണ്‍റാഡ് എല്‍റ്റ്സ് വിശേഷിപ്പിച്ചത് ‘സീതാറാം ഗോയലിന്റെ പിന്‍ഗാമി’ എന്നാണ്. മുഗള്‍ഭരണകാലത്തെ ആക്രമണങ്ങള്‍ തച്ചുതകര്‍ത്ത രണ്ടായിരത്തോളം ക്ഷേത്രങ്ങളുടെ ചരിത്രം രേഖപ്പെടുത്തിയയാളാണ് സീതാറാം ഗോയല്‍.
ക്ഷേത്രധ്വംസനങ്ങളുടെ ചിത്രവും ചരിത്രവും
ക്ഷേത്ര ധ്വംസനങ്ങളുടെ ചരിത്രം നിറഞ്ഞതാണ് മലബാര്‍ മേഖലയുടെ ഭൂതകാലം. ശ്രീകോവിലുകള്‍ക്കു മുന്നില്‍ കൈകാലുകള്‍ വെട്ടിമാറ്റിയ ദ്വാരപാലരുടെ ശില്‍പ്പങ്ങള്‍ക്കു പറയാനുള്ളത് മൈസൂരിന്റെ പടയോട്ടക്കാലത്തെ ക്രൂരതകളുടെ ചരിത്രം. ആയിരക്കണക്കിനു ക്ഷേത്രങ്ങളാണ് മൈസൂര്‍ പടയാളികള്‍ കൊള്ളയടിച്ച് അടിച്ചുതകര്‍ത്തത്;കൊള്ളിവെച്ചു നാമാവശേഷമാക്കിയത്. 1921ല്‍ നടന്ന കലാപത്തില്‍ ഏറനാട്, വള്ളുവനാട് താലൂക്കുകളില്‍ ലഹളക്കാര്‍ തകര്‍ത്തത് നൂറിലേറെ ക്ഷേത്രങ്ങള്‍. മണ്ണാര്‍ക്കാട് താലൂക്കിലെ അലനെല്ലൂര്‍ വില്ലേജിലുള്ള എടപ്പലം മഹാവിഷ്ണു ക്ഷേത്രത്തില്‍ കാണുന്ന അടിച്ചുടച്ച വിഷ്ണുവിഗ്രഹം ലഹളക്കാലത്ത് ക്ഷേത്രങ്ങള്‍ക്കു നേരെ നടന്ന അക്രമങ്ങളുടെ തെളിവുകളില്‍ ഒന്നുമാത്രം.
കേരളത്തില്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ പ്രചാരണ കാലത്ത് ഇ.എം.എസ്സ്.നമ്പൂതിരിപ്പാടിന്റെ സ്വാധീനത്താല്‍ കമ്മ്യൂണിസ്റ്റുകളായ ഊരാളന്മാരുടെ ക്ഷേത്ര പരിത്യാഗം മൂലം തകര്‍ന്നുപോയതും ഒട്ടനവധി ക്ഷേത്രങ്ങള്‍. എടക്കുട മഹാദേവ ക്ഷേത്രമടക്കം മലപ്പുറം ജില്ലയിലെ മാറാക്കരയില്‍ തകര്‍ന്നു കിടക്കുന്ന ആറോളം ക്ഷേത്രങ്ങള്‍ കമ്മ്യൂണിസ്റ്റ് സ്വാധീനം വന്ന ഊരാളന്മാരുടെ ചരിത്രത്തിലെ കറുത്ത അദ്ധ്യായങ്ങളാണ്. പൂര്‍വ്വിക കാലത്ത് വഴിപാടുകള്‍ക്ക് ക്ഷേത്രങ്ങളില്‍ പണം ഈടാക്കിയിരുന്നില്ല. ഓരോ ക്ഷേത്രത്തിനും നിത്യവൃത്തിക്കായി നിരവധി ഭൂമികളുണ്ടായിരുന്നു. പാട്ടത്തിനു നല്കി കിട്ടുന്ന വരുമാനമാണ് ക്ഷേത്ര നിലനില്‍പ്പിന് ഉപയോഗിച്ചിരുന്നത്. ഭൂപരിഷ്കരണ നിയമം വന്നതോടെ ദേവഭൂമികള്‍ മുഴുവന്‍ പാട്ടക്കുടിയാന്മാര് ജന്മം പതിച്ചു വാങ്ങി സ്വന്തമാക്കി.
ഭൂമി നഷ്ടപ്പെട്ട് വരുമാനം നിലച്ചതോടെ ദേവന് നിവേദ്യം സമര്‍പ്പിക്കാന്‍ പോലും മാര്‍ഗ്ഗമില്ലാതായി. നിവൃത്തിയില്ലാതെ ഊരാള കുടുംബങ്ങള്‍ കണ്ണുനീരോടെ ക്ഷേത്രങ്ങള്‍ കയ്യൊഴിഞ്ഞു. തിരിഞ്ഞു നോക്കാന്‍ ആളില്ലാതെ തകര്‍ന്നു കിടന്ന ക്ഷേത്രഭൂമികളില്‍ കാടുകയറി. തകര്‍ന്നടിഞ്ഞ ശ്രീകോവിലുകളില്‍ പാഴ്മരങ്ങള്‍ വളര്‍ന്നു. മേല്‍പ്രകാരം വിവിധ ഘട്ടങ്ങളിലായി തകര്‍ന്നുപോയത് പതിനായിരക്കണക്കിനു ക്ഷേത്രങ്ങളാണ്. പില്ക്കാലത്ത് കുറേയേറെ ക്ഷേത്രങ്ങള്‍ ഭക്തജനങ്ങള്‍ പുനര്‍നിര്‍മ്മിച്ചിട്ടുണ്ട്. ഇനിയുമുണ്ട് കണ്ടെത്താനോ പുനരുദ്ധാരണം ചെയ്യാനോ കഴിയാതെ തകര്‍ന്നടിഞ്ഞ് കാടുകയറിക്കിടക്കുന്ന ആയിരക്കണക്കിനു ക്ഷേത്രങ്ങള്‍. ഇതിനു പുറമെ നിരവധി ക്ഷേത്രങ്ങള്‍ ഭൂരേഖകളില് ഒതുങ്ങി. അത്തരം ദേവഭൂമികള്‍ ഇന്നു കൃഷിയിടങ്ങളാണ്. മൂന്നു നൂറ്റാണ്ടിലേറെ മനുഷ്യഗന്ധമേല്ക്കാതെ കാട് മൂടിക്കിടക്കുന്ന ദേവഭൂമികളില്‍ ക്ഷേത്രാവശിഷ്ടങ്ങള്‍ മണ്ണടിഞ്ഞു കിടക്കുന്നു. തീര്‍ത്ഥക്കിണറുകളില്‍ രക്ഷകനെ കാത്തു കിടക്കുന്ന അടിച്ചുടച്ച വിഗ്രഹങ്ങള്‍.
ചരിത്രകാരന്മാര് കണ്ണുതുറക്കുന്നില്ല. അവരുടെ തൂലികയില്‍ നിന്നും തകര്‍ക്കപ്പെട്ട ക്ഷേത്രങ്ങളുടെ ചരിത്രങ്ങള്‍ക്കു വേണ്ടി മഷിയിറങ്ങിയില്ല. ഒരു കാലഘട്ടത്തില്‍ മാനവ സമൂഹത്തിന് ഐശ്വര്യത്തിന്റെ വിളനിലമായിരുന്ന ക്ഷേത്രങ്ങളുടെ ചരിത്രം ആരാലുമറിയാതെ വെളിച്ചം കാണാതെ കിടന്നു. തകര്‍ന്ന് കാടുകയറി നാമാവശേഷമായി ഇന്നുള്ള ക്ഷേത്രഭൂമികള്‍ സ്ഥിതിചെയ്യുന്ന പ്രദേശങ്ങളില്‍ ക്ഷേത്ര വിശ്വാസികളുമില്ല. പഴയ കാലത്ത് മതപരിവര്‍ത്തനത്തിനു വിധേയമാവേണ്ടി വന്നവരുടെ പരമ്പരകളാണ് ഇത്തരം ക്ഷേത്രഭൂമികള്‍ക്ക് ചുറ്റുമുള്ളത്. തകര്‍ന്ന ക്ഷേത്രങ്ങള്‍ പുനരുദ്ധാരണം ചെയ്തു കാണാന്‍ അവര്‍ ആഗ്രഹിക്കുന്നുണ്ടെങ്കിലും അവര്‍ അനുവര്‍ത്തിച്ചു വരുന്ന വിശ്വാസങ്ങള്‍ അനുവദിക്കാത്തതിനാല്‍ തകര്‍ന്ന് നാമാവശേഷമായ ക്ഷേത്രങ്ങള്‍ അത്തരക്കാരുടെ കൂടി വേദനയാണ്.
ഇവിടെയാണ് കാലം നിയോഗിക്കപ്പെട്ടവനെ പോലെ തിരൂര്‍ ദിനേശിന്റെ രംഗപ്രവേശം. തകര്‍ക്കപ്പെട്ട ക്ഷേത്രങ്ങളുടെ ചരിത്ര ശേഖരണത്തിനുള്ള തിരൂര്‍ ദിനേശിന്റെ യാത്ര ക്ഷേത്രങ്ങളുടെ പുനരുദ്ധാരണങ്ങള്‍ക്ക് വഴിതുറന്നുകൊണ്ടിരിക്കുന്ന അഭൂതപൂര്‍വമായ കാഴ്ചയാണ് മലബാര്‍ കണ്ടുകൊണ്ടിരിക്കുന്നത്. കുന്നും മലയും കയറിയിറങ്ങിയും കാട് വെട്ടിത്തെളിച്ചും കഴിഞ്ഞ നാലുവര്‍ഷത്തിനിടക്ക് അറുപതോളം ഗ്രാമങ്ങള്‍ സഞ്ചരിച്ച തിരൂര്‍ ദിനേശ് കണ്ടെത്തിയത് തകര്‍ക്കപ്പെട്ട 150 ക്ഷേത്രങ്ങളാണ്. മലബാര്‍ മേഖലയില്‍ മാത്രം ആയിരത്തോളം ക്ഷേത്രങ്ങള്‍ തകര്‍ന്ന് മണ്ണടിഞ്ഞ് കാടുകയറി കിടക്കുന്നുണ്ട്. തകര്‍ക്കപ്പെട്ട മുന്നൂറ് ക്ഷേത്രങ്ങള്‍ കണ്ടെത്തി അവയുടെ ചരിത്രം രേഖപ്പെടുത്താനുള്ള പദയാത്രയിലാണ് ഓറല്‍ ഹിസ്റ്ററി റിസര്‍ച്ച് ഫൗണ്ടേഷന് ഡയറക്ടര്‍ കൂടിയായ തിരൂര്‍ ദിനേശ്. കണ്ടെത്തിയ 25 ക്ഷേത്രങ്ങളുടെ ചരിത്രം ഫോട്ടോ സഹിതം, ഓരോ വാല്യങ്ങളായി ‘തകര്‍ക്കപ്പെട്ട ക്ഷേത്രങ്ങള്‍’ എന്ന പേരില്‍ മലയാളത്തിലും ‘ഡിസ്ട്രോയ്ഡ് ടെമ്പിള്‍സ് ഓഫ് കേരള’ എന്ന പേരില്‍ ഇംഗ്ലീഷിലും പ്രസിദ്ധീകരിച്ചു കൊണ്ടിരിക്കുകയാണ്.
2020 ആഗസ്ത് 25 നാണ് കൊണ്‍റാഡ് എല്‍റ്റ്സ് തന്റെ ബ്ലോഗില്‍ തിരൂര്‍ ദിനേശിന്റെ പ്രവര്‍ത്തനങ്ങള്‍ സീതാറാം ഗോയലിന്റെ പ്രവര്‍ത്തനങ്ങളുടെ തുടര്‍ച്ചയാണെന്നു നിരീക്ഷിച്ചത്. തകര്‍ക്കപ്പെട്ട 1862 ക്ഷേത്രങ്ങളുടെ ചരിത്രമാണ് സീതാറാം ഗോയല്‍ എഴുതിയത്. ഈ പുസ്തകം അന്താരാഷ്ട്ര തലത്തില്‍ ശ്രദ്ധിക്കപ്പെട്ടു. ഇത്രയും ക്ഷേത്രങ്ങള്‍ സന്ദര്‍ശിക്കാതെ അവയുടെ വിവരങ്ങള്‍ ശേഖരിച്ചാണ് സീതാറാം ഗോയല്‍ ചരിത്രമെഴുതിയത്. അദ്ദേഹത്തിനു ശേഷം കേരളത്തിലെ തകര്‍ന്ന ക്ഷേത്രങ്ങള്‍ നേരിട്ട് സന്ദര്‍ശിച്ചുകൊണ്ട് തിരൂര്‍ ദിനേശ് അതിന് തുടര്‍ച്ച നടത്തിയിരിക്കുന്നുവെന്നാണ് എല്‍റ്റ്സ് തന്റെ ദീര്‍ഘമായ കുറിപ്പില്‍ സൂചിപ്പിച്ചിരിക്കുന്നത്.
ക്ഷേത്ര പുനരുദ്ധാരണങ്ങളും പുതിയ കണ്ടെത്തലുകളും
തകര്‍ക്കപ്പെട്ട ക്ഷേത്രങ്ങളുടെ ചരിത്രം എഴുതുക മാത്രമല്ല, അത്തരം ക്ഷേത്രങ്ങള്‍ പുനരുദ്ധാരണത്തിനുകൂടി വഴിതുറക്കുന്നുവെന്ന് അറിയുമ്പോഴാണ് ഈ ദൗത്യത്തിന് പൂര്‍ണ്ണതയുണ്ടെന്നും തിരൂര്‍ ദിനേശിന്റെ യാത്രകളും അന്വേഷണങ്ങളും ദേവേച്ഛയാണെന്നും വിശ്വസിക്കേണ്ടി വരുന്നത്.
സമൂഹത്തില്‍ വലിയൊരു ചലനം സൃഷ്ടിച്ചു കൊണ്ടുള്ള ഗ്രാമഗ്രമാന്തരങ്ങളിലൂടെയുള്ള തിരൂര്‍ ദിനേശിന്റെ യാത്രകള്‍ക്ക് പരിപൂര്‍ണ്ണ പിന്തുണ നല്‍കുന്നത് ക്ഷേത്ര പുനരുദ്ധാരണത്തില്‍ ശ്രദ്ധ കേന്ദ്രീകരിച്ച ഉഗ്രനരസിംഹ ചാരിറ്റബിള്‍ ട്രസ്റ്റാണ്. കണ്ടെത്തിയ ക്ഷേത്രങ്ങളില്‍ പത്ത് ക്ഷേത്രങ്ങള്‍ ഉഗ്രനരസിംഹചാരിറ്റബിള് ട്രസ്റ്റ് പുനരുദ്ധാരണം ചെയ്തു കഴിഞ്ഞു. ഈ പ്രവര്‍ത്തനം രാജ്യാന്തര ശ്രദ്ധ പിടിച്ചുപറ്റിയതിനെത്തുടര്‍ന്ന് ‘ഉഗ്രനരസിംഹ ദേവസ്വവും’ രൂപീകരിച്ചു. ദേവസ്വത്തിന്റെ പ്രോജക്ട് ഡയറക്ടര്‍ എന്ന സ്ഥാനവും തിരൂര്‍ ദിനേശിന് നല്കി. ഉഗ്രനരസിംഹ ദേവസ്വം നാമാവശേഷമായ മൂന്ന് ക്ഷേത്രങ്ങള്‍ ഏറ്റെടുത്തിരിക്കുന്നു. തിരൂര്‍ ദിനേശിന്റെ പാദം പതിഞ്ഞാല്‍ തകര്‍ക്കപ്പെട്ട ക്ഷേത്രം പുനരുദ്ധാരണം ചെയ്യപ്പെടും എന്ന ഒരു വിശ്വാസവും നിലവില്‍ പ്രചാരത്തിലുണ്ട്. മലബാര്‍ മേഖലയില്‍ 20 ലേറെ ക്ഷേത്രങ്ങള്‍ ഭക്തജനങ്ങള്‍ സംഘടിച്ച് പുനരുദ്ധാരണം ചെയ്തുകൊണ്ടിരിക്കുന്നു. കെ.കെ.മുഹമ്മദുമായുള്ള ദൃഢബന്ധം തിരൂര്‍ ദിനേശിന് ഏറെ പ്രചോദനമേകുന്നുണ്ട്.
തിരൂര്‍ ദിനേശിന്റെ പ്രവര്‍ത്തനത്തില്‍ വാര്‍ത്താപ്രാധാന്യം നേടിയ കണ്ടെത്തലുകളും ഉണ്ടായിട്ടുണ്ട്. അതിലൊന്നാണ് തിരുന്നാവായ തളി മഹാദേവ ക്ഷേത്രത്തിന്റെ കണ്ടെത്തല്‍. ശിവാലയസ്തോത്രങ്ങളില് തിരുന്നാവായ തളിയെക്കുറിച്ചു പറയുന്നുണ്ടെങ്കിലും അത് എവിടെയാണെന്ന് കണ്ടെത്താന്‍ കഴിഞ്ഞിരുന്നില്ല. ടിപ്പുവിന്റെ പടയോട്ടക്കാലത്ത് തകര്‍ക്കപ്പെടുകയും ജര്‍മ്മനിയിലെ ബാസല്‍ മിഷന് കുഴിച്ചുമൂടുകയും ചെയ്ത തിരുന്നാവായ തളിക്ഷേത്രത്തിന്റെ അവശിഷ്ടങ്ങള്‍ കണ്ടെത്തിക്കൊണ്ടാണ് ആ ക്ഷേത്രഭൂമിയെക്കുറിച്ചുള്ള വിവരം വെളിപ്പെടുത്തിയത്.മറ്റൊന്ന് കേരളത്തിലെ 108 ദുര്‍ഗ്ഗാക്ഷേത്രങ്ങളിലൊന്നായ വള്ളൂര്‍ ദുര്‍ഗ്ഗാക്ഷേത്രത്തിന്റെ കണ്ടെത്തലാണ്. ദുര്‍ഗ്ഗാലയ സ്തോത്രത്തില്‍ വളളൂര്‍ ദുര്ഗ്ഗാക്ഷേത്രത്തെക്കുറിച്ചു പറയുന്നുണ്ടെങ്കിലും ആ ക്ഷേത്രവും എവിടെയാണെന്ന് ആര്‍ക്കും അറിയില്ലായിരുന്നു. പള്ളിപ്പറം-പട്ടാമ്പി റെയില്പ്പാതയോരത്ത് കൈതക്കാട്ടിനുള്ളില്‍ കണ്ടെത്തിയ തകര്‍ക്കപ്പെട്ട ദ്വാരപാലകന്റെ ശില്‍പ്പം കണ്ടെടുത്തുകൊണ്ട് വള്ളൂര്‍ ദുര്‍ഗ്ഗാക്ഷേത്രത്തിന്റെ അറിയപ്പെടാത്ത ചരിത്രം മലയാളികളെ പരിചയപ്പെടുത്തിയത് തിരൂര്‍ ദിനേശാണ്. മൈസൂര്‍ സുല്ത്താന്മാരുടെ പടയോട്ടക്കാലത്ത് തകര്‍ക്കപ്പെട്ട ശേഷം കാടുമൂടിയ വള്ളൂര്‍ ദുര്ഗ്ഗാക്ഷേത്രഭൂമി ഉന്മൂലനം ചെയ്ത് എ.ഡി. 1885 ല്‍ ബ്രിട്ടീഷുകാര്‍ റെയില്‍പ്പാത നിര്‍മ്മിക്കുകയാണുണ്ടായത്.
തിരുവനന്തപുരത്തെ ശ്രീഅനന്തപത്മനാഭസ്വാമി ക്ഷേത്രത്തിനു സമാനമായ മറ്റൊരു ക്ഷേത്രം കേരളത്തില്‍ ഉണ്ടായിരുന്നതായി യാതൊരു വിവരവും മലയാളികള്‍ക്കില്ലായിരുന്നു. എന്നാല്‍ മലപ്പുറം ജില്ലയില്‍ തലക്കാട് പഞ്ചായത്തില്‍ ഒരു അനന്തപത്മനാഭസ്വാമി ക്ഷേത്രമുണ്ടായിരുന്നുവെന്ന് തിരൂര്‍ ദിനേശ് കണ്ടെത്തി. ഇരുപത് അടി നീളമുണ്ടായിരുന്ന അനന്തപത്മനാഭ വിഗ്രഹം അടിച്ചുടച്ച് നാമാവശേഷമാക്കിയിരുന്നു. ഇപ്പോള്‍ അവശേഷിക്കുന്നത് പത്മതീര്‍ത്ഥക്കുളം മാത്രമാണ്. ഇത് മലയാളികള്‍ക്കു ലഭിച്ച അപൂര്‍വ്വ വിവരമായിരുന്നു. മലബാറിനെ സംബന്ധിച്ചിടത്തോളം ക്ഷേത്ര പുനരുദ്ധാരണ ചരിത്രത്തില്‍ പ്രധാനം അങ്ങാടിപ്പുറം തളി മഹാദേവക്ഷേത്രത്തിനാണ്. അതിന്റെ നായകന് കേളപ്പജിയും. വര്‍ത്തമാനകാലത്ത് തകര്‍ക്കപ്പെട്ട ക്ഷേത്രങ്ങളുടെ രക്ഷകനായി രംഗത്തുവന്നിരിക്കുന്ന തിരൂര്‍ ദിനേശ് കേളപ്പജിക്ക് ശേഷമുള്ള വിടവു നികത്താന്‍ കാലം നിയോഗിച്ച ജന്മമെന്ന് ഉറപ്പിച്ചു പറയാം. കൊണ്‍റാഡ് എല്‍റ്റ്സ് പറഞ്ഞതുപോലെ സീതാറാം ഗോയലിന്റെ പിന്‍ഗാമിയും. കണ്ടെത്തുന്നക്ഷേത്രങ്ങള് പൊതു ജനത്തിനു കാണാന്‍ ‘തകര്‍ക്കപ്പെട്ട ക്ഷേത്രങ്ങള്‍’ എന്നൊരു യൂട്യൂബ് ചാനലും ദിനേശ് ആരംഭിച്ചുണ്ട്.
തിരൂര്‍ ദിനേശിന് മറ്റൊരു വിശേഷണം കൂടിയുണ്ട്. മലയാളനോവല്‍സാഹിത്യത്തിലെ ജീവചരിത്ര നോവല്‍ ശാഖയില്‍ ഏറ്റവും കൂടുതല്‍ രചനകള്‍(നോവലുകള്‍) നടത്തിയ എഴുത്തുകാരന് എന്ന ബഹുമതിയാണത്.
വാമൊഴി ചരിത്ര മേഖലയില്‍ മൂന്നരപ്പതിറ്റാണ്ടായി സജീവമായി പ്രവര്‍ത്തിക്കുന്ന തിരൂര്‍ ദിനേശിന് കേന്ദ്ര സാംസ്കാരിക വകുപ്പ് സീനിയര്‍ ഫെല്ലോഷിപ്പ് നല്‍കിയിട്ടുണ്ട്. കോഴിക്കോട് ചേവരമ്പലത്ത് വെളമല്‍പനങ്ങോട്ട് ഗോപാലന് നായരുടേയും തിരൂര്‍ തൃക്കണ്ടിയൂരില്‍ പാലക്കാട്ട് ശ്രീദേവിയമ്മയുടേയും മകനാണ് തിരൂര്‍ ദിനേശ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: