ആലപ്പുഴ: പോപ്പുലര്‍ഫ്രണ്ടുകാര്‍ക്ക് സിപിഎം, എസ്ഡിപിഐയേക്കാള്‍ സുരക്ഷിത താവളമായി മാറി. കേരളം നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളിയാണിത്. വര്‍ഷങ്ങളായി പാര്‍ട്ടി നടത്തുന്ന അതിരുവിട്ട പ്രീണന രാഷ്ട്രീയം ഗുണം ചെയ്തത് മതതീവ്രവാദികള്‍ക്കാണ്.
മുഖ്യമന്ത്രിയായിരുന്ന കാലത്ത് വി.എസ്. അച്യുതാനന്ദന് പോപ്പുലര്‍ഫ്രണ്ടിന്റെ ഭീകരത പരസ്യമായി തുറന്നു കാട്ടിയിരുന്നു. കേരളത്തെ മുസ്ലീം ഭൂരിപക്ഷ പ്രദേശമാക്കാനുള്ള ശ്രമങ്ങളാണ് അവര്‍ നടത്തുന്നതെന്നും, അക്കൂട്ടരെ ഒറ്റപ്പെടുത്തണമെന്നും വിഎസ് പറഞ്ഞു. എന്നാല്‍ ഇന്ന് പോപ്പുലര്‍ഫ്രണ്ടിനെ പരസ്യമായി ന്യായീകരിക്കാന്‍ സിപിഎം എംപി വരെ തയ്യാറാകുന്നു. പോപ്പുലര്‍ഫ്രണ്ടിനെതിരായ കേന്ദ്ര ഏജന്‍സികളുടെ അന്വേഷണം ഏകപക്ഷീയമാണെന്ന് പറഞ്ഞ് മതഭീകരരുടെ കയ്യടി നേടാനും പിന്തുണ ഉറപ്പിക്കാനും എ.എം. ആരീഫ് തയ്യാറായി. എംപിയുടെ പ്രസ്താവന വന്‍വിവാദമായെങ്കിലും തള്ളിപ്പറയാന്‍ സിപിഎം ഇതുവരെ തയ്യാറായിട്ടില്ല.
ഭരണത്തുടര്‍ച്ചയ്ക്കും രാഷ്ട്രീയ നേട്ടങ്ങള്‍ക്കും വര്‍ഗ സിദ്ധാന്തത്തേക്കള്‍ മെച്ചം വര്‍ഗീയതയാണെന്നാണ് സിപിഎം കണ്ടെത്തിയത്. മുസ്ലീം രാഷ്ട്രീയ മുഖമായിരുന്ന ലീഗിനെ അപ്രസക്തമാക്കി വളരുന്ന എസ്എഡിപിഐ, പോപ്പുലര്‍ഫ്രണ്ട് ഭീകരതയെ പരമാവധി താലോലിക്കുകയാണ് സിപിഎം. പാര്‍ട്ടിക്കുള്ളില്‍ പോപ്പുലര്‍ഫ്രണ്ട് ചിന്താഗതിയുമായി പ്രവര്‍ത്തിക്കുന്നവര്‍ ധാരാളമാണ്. ലോക്സഭാ, നിയമസഭാ തെരഞ്ഞെടുപ്പുകളില്‍ വെല്‍ഫയര്‍ പാര്‍ട്ടി പിന്തുണ യുഡിഎഫിനായിരുന്നു. ഇതിന് മറുപടിയായി ഇടതു മുന്നണി എസ്ഡിപിഐ പിന്തുണ ഉറപ്പിച്ചു. പല മണ്ഡലങ്ങളിലും പരസ്യപിന്തുണയാണ് എസ്ഡിപിഐ, സിപിഎമ്മിന് നല്‍കിയത്. തദ്ദേശ സ്ഥാപനങ്ങളില്‍ പാര്‍ട്ടി പ്രവര്‍ത്തകരുടെ എതിര്‍പ്പ് പോലും മറികടന്ന് എസ്ഡിപിഐയുമായി ചേര്‍ന്ന് ഭരിക്കാനും സിപിഎം തയ്യാറായി.
സിപിഎമ്മിനുള്ളില്‍ പോപ്പുലര്‍ഫ്രണ്ടുകാരുണ്ടെന്ന് പരസ്യമായി പോസ്റ്റര്‍ പതിച്ചത് പാര്‍ട്ടി പ്രവര്‍ത്തകരായിരുന്നു. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ അമ്പലപ്പുഴയില്‍ ജി. സുധാകരനെ തഴഞ്ഞപ്പോള്‍ പാര്‍ട്ടി നിശ്ചയിച്ച സ്ഥാനാര്‍ത്ഥി എച്ച.് സലാമിന് എസ്ഡിപിഐ ബന്ധമുണ്ടെന്ന് രക്തസാക്ഷി മണ്ഡപങ്ങളില്‍ അടക്കം പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടത് വലിയ ചര്‍ച്ചയായിരുന്നു. ഒടുവില്‍ സുധാകരനെ ബ്രാഞ്ച് കമ്മിറ്റിയില്‍ ഒതുക്കുകയും ചെയ്തു.
എസ്എഫ്ഐ നേതാവ് അഭിമന്യുവിനെ കൊന്ന കേസിലെ പ്രധാന പ്രതിയായ പോപ്പുലര്‍ഫ്രണ്ടുകാരനെ അറസ്റ്റ് ചെയ്യാതെ പിണറായി സര്‍ക്കാര്‍ ഒളിച്ചു കളിച്ചു. പിന്നീട് കൊവിഡ് പടര്‍ന്നു പിടിച്ചപ്പോള്‍ പ്രതി കീഴടങ്ങി. മൂവാറ്റുപുഴയില്‍ കോളജ് അദ്ധ്യാപകന് ജോസഫിന്റെ കൈ മതഭീകരര്‍ വെട്ടിമാറ്റിയപ്പോള്‍ ജോസഫിനെ മഠയന്‍ എന്ന് വിളിച്ചു പരിഹസിക്കുകയാണ് അന്നത്തെ വിദ്യാഭ്യാസ മന്ത്രി എം.എ. ബേബി തയ്യാറായത്. പോപ്പുലര്‍ഫ്രണ്ടിനെ സഹായിക്കുകയും മഹത്വവല്‍ക്കരിക്കുകയും ചെയ്യുന്ന സമീപനത്തിന്റെ തുടര്‍ച്ചയാണ് ഇന്നലത്തെ ഹര്‍ത്താലില്‍ അഴിഞ്ഞാടാന്‍ എല്ലാവിധ സഹായവും ഇടതുസര്‍ക്കാര്‍ നല്‍കിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: