കൊച്ചി : എന്‍ഐഎ റെയ്ഡില്‍ പ്രതിഷേധിച്ച് ഹര്‍ത്താലെന്ന പേരില്‍ സംസ്ഥാനത്ത് പോപ്പുലര്‍ ഫ്രണ്ട് നേതാക്കള്‍ നടത്തിയ ആക്രമണത്തില്‍ കേരളം മുഴുവന്‍ കത്തുമ്പോള്‍ മുഖ്യമന്ത്രി പിണറായി വിജയന് ചെണ്ടകൊട്ടി രസിക്കുകയായിരുന്നെന്ന് കേന്ദ്രമന്ത്രി വി. മുരളീധരന്. സംസ്ഥാനത്ത് പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകര്‍ വ്യാപകമായി നിരത്തുകളിലും ജനങ്ങള്‍ക്ക് നേരേയും ആക്രമണം അഴിച്ചുവിടുമ്പോള്‍ മുഖ്യമന്ത്രിയും ഡിജിപി അനില്‍കാന്തും കൊച്ചിയില്‍ കൊക്കൂണ്‍ സമ്മേളന പരിപാടിയില്‍ പങ്കെടുക്കാന്‍ എത്തിയിരുന്നു. ഇക്കാര്യം ചൂണ്ടിക്കാട്ടിയാണ് കേന്ദ്രമന്ത്രി മുഖ്യമന്ത്രിക്കെതിരെ വിമര്‍ശനം ഉന്നയിച്ചത്.
ഈ അക്രമങ്ങളൊക്കെ നടക്കുമ്പോള്‍ മുഖ്യമന്ത്രിക്ക് പഴയ നീറോ ചക്രവര്‍ത്തിയെ അനുസ്മരിപ്പിക്കുന്ന രീതിയിലുള്ള പെരുമാറ്റമായിരുന്നു. നീറോ ചക്രവര്‍ത്തി റോം കത്തിയെരിയുമ്പോള്‍ വീണ വായിക്കുകയായിരുന്നുവെന്ന് കേട്ടിട്ടുണ്ട്. ഇവിടെ കേരളം മുഴുവന്‍ കത്തിയെരിയുമ്പോള്‍ മുഖ്യമന്ത്രിയും ഡിജിപിയും കൊച്ചിയില്‍ കൊക്കൂണ്‍ പരിപാടിയില്‍ ചെണ്ടകൊട്ടി രസിക്കുകയായിരുന്നു.
അക്രമ സംഭവങ്ങള്‍ക്കെതിരെ ഒന്നും ചെയ്യാതെ ഡിജിപിയും ഈ പരിപാടികള്‍ ആസ്വദിക്കുകയായിരുന്നു. ആക്രമണങ്ങള്‍ സൂചിപ്പിക്കുന്നത് ഇസ്ലാമിക ഭീകരവാദികള്‍ക്ക് അഴിഞ്ഞാടാനുള്ള സര്‍വസ്വാതന്ത്ര്യവും കേരള സര്‍ക്കാര്‍ നല്‍കിയെന്നതാണ്. കേരളത്തില്‍ ഇത്ര വ്യാപകമായ ആക്രമണങ്ങള്‍ ഇതിനുമുമ്പ് ഉണ്ടായിട്ടില്ല. പോലീസിന് മുന്നിലാണ് അക്രമികള്‍ അഴിഞ്ഞാടിയത്. അക്രമം തടയാന്‍ ഒരു സ്ഥലത്തും ഒരു നടപടിയും എടുത്തില്ല.
ഏതാനും ആഴ്ചകള്‍ക്ക് മുമ്പ് ആലപ്പുഴയില്‍ വിദ്വേഷ പ്രകടനം നടത്തിയ ആളുകള്‍ക്ക് കോഴിക്കോട് മഹാസമ്മേളനം നടത്താന്‍ അനുവാദം നല്‍കിയത് കേരളത്തിലെ ആഭ്യന്തര വകുപ്പാണ്. ആ അനുവാദത്തിന്റെ അടിസ്ഥാനത്തിലും അതില്‍ നിന്ന് ലഭിച്ച ഊര്‍ജവുമാണ് കേരളത്തിലുടനീളം അക്രമം നടത്താന്‍ പോപ്പുലര്‍ ഫ്രണ്ടുകാര്‍ക്ക് ധൈര്യം നല്‍കിയത്.
ഇന്ത്യയെ ഒന്നിപ്പിക്കാന്‍ വേണ്ടി യാത്ര നടത്തുന്ന മഹാന് ഹര്‍ത്താല്‍ ദിനത്തില്‍ ചാലക്കുടിയില്‍ കണ്ടെയ്നറില്‍ കിടന്നുറങ്ങുകയായിരുന്നുവെന്നും വി. മുരളീധരന് രാഹുല്‍ ഗാന്ധിയെയും പരിഹസിച്ചു. കഴിഞ്ഞ ദിവസം നടന്ന കാര്യങ്ങളൊന്നും രാഹുല്‍ അറിഞ്ഞില്ലേ. ഇസ്ലാമിക ഭീകരവാദത്തിനെതിരേ നാവുപൊങ്ങാത്തതെന്താണെന്നും അദ്ദേഹം ചോദിച്ചു. പിഎഫ്ഐയെ വളര്‍ത്തുന്ന കാര്യത്തില്‍ സിപിഎമ്മും കോണ്‍ഗ്രസും ഒറ്റക്കെട്ടാണ്. അതുകൊണ്ടാണ് രാഹുല്‍ ഗാന്ധിയും വി.ഡി സതീശനും കെ. സുധാകാരനും ഇക്കാര്യത്തില്‍ മിണ്ടാതിരിക്കുന്നത്. അക്രമത്തിനെതിരെ ബിജെപി രംഗത്തുവരും. പോപ്പുലര്‍ ഫ്രണ്ടിനെ നിരോധിക്കണോ എന്ന കാര്യം ആഭ്യന്തര വകുപ്പ് പരിശോധിച്ച് ഉചിതമായ തീരുമാനമെടുക്കുമെന്ന് വി മുരളീധരന് കൂട്ടിച്ചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: