ന്യൂഡല്‍ഹി : പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ (പിഎഫ്ഐ)യ്ക്കും അനുബന്ധ സംഘടനകള്‍ക്കുമായി അക്കൗണ്ട് മാര്‍ഗം മാത്രംവിദേശത്തുനിന്ന് എത്തിയത് 120 കോടി. വിദേശത്തുനിന്ന് പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകര്‍ എന്‍ആര്‍ഐ അക്കൗണ്ട് വഴി നാട്ടിലേക്ക് അയയ്ക്കുന്ന പണമാണ് സംഘടനാനേതാക്കള്‍ക്കു ലഭിച്ചത്. ഖത്തര്‍, സിംഗപ്പൂര്‍ എന്നിവിടങ്ങളില്‍ നിന്ന് പണം അയച്ച ചിലര്‍ക്ക് സംഘടനയുടെ നിയമവിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ നേരിട്ടു ബന്ധമുള്ളതായി അന്വേഷണ ഏജന്‍സികള്‍ക്ക് തെളിവുകിട്ടിയിട്ടുണ്ട് .
കണ്ണൂര്‍ സ്വദേശി ഷെഫീഖ് പായത്ത് ഖത്തറില്‍ നിന്ന് എന്‍ആര്‍ഐ അക്കൗണ്ട് വഴി പോപ്പുലര്‍ ഫ്രണ്ട് പ്രവര്ത്തകന് റൗഫ് ഷെരീഫിന് 21 ലക്ഷംവും റിഹാബ് ഇന്ത്യ ഫൗണ്ടേഷനും 16 ലക്ഷം നല്‍കിയത് അയാല്‍ സമ്മതിച്ചിട്ടുണ്ട്. വിദേശ ഫണ്ട് സ്വീകരിച്ചിട്ടില്ലെന്നും അതിനു ചാനലുകളില്ലെന്നുമാണ് പിഎഫ്ഐ നേതാക്കള്‍ ചോദ്യം ചെയ്യലില്‍ പറയുന്നത്. കസ്റ്റഡിയില്‍ ലഭിച്ച നേതാക്കളെ എന്‍ഐഎ ചോദ്യം ചെയ്യുകയാണ്. ഇതില്‍ നിന്നു ലഭിക്കുന്ന വിവരങ്ങളുടെ അടിസ്ഥാനത്തില്‍ വരും ദിവസങ്ങളില്‍ കൂടുതല്‍ അറസ്റ്റ് ഉണ്ടാകും.
എന്‍ഐഎ അറസ്റ്റ് ചെയ്ത 18 പേര്‍ക്കെതിരെ നിയമവിരുദ്ധ പ്രവര്‍ത്തന നിരോധന നിയമം (യുഎപിഎ) അനുസരിച്ചുള്ള വകുപ്പുകളാണ് ചുമത്തിയത്.പോപ്പുലര്‍ ഫ്രണ്ടുമായി ബന്ധപ്പെട്ട 19 കേസുകളാണ് എന്‍ഐഎ അന്വേഷിക്കുന്നത്.
പ്രഫ. ടി.ജെ.ജോസഫിന്റെ കൈപ്പത്തി വെട്ടിയത്, മറ്റു മതസംഘടനകളിലെ അംഗങ്ങള്‍ക്കു നേരെയുണ്ടായ ആക്രമണങ്ങള്‍, സ്ഫോടകവസ്തുക്കളുടെ ശേഖരണം, പൊതുമുതല്‍ നശിപ്പിക്കല്‍ എന്നിവയുള്‍പ്പെടെയുള്ള പോപ്പുലര്‍ ഫ്രണ്ടിന്റെ പ്രവൃത്തികള്‍ ജനമനസ്സില്‍ ഭീതി വിതച്ചതായി കുറ്റപത്രത്തില്‍ പറഞ്ഞു. സമൂഹമാധ്യമങ്ങളിലെ പ്രചാരണങ്ങളിലൂടെ വിവിധ വിഭാഗങ്ങള്‍ക്കിടയില്‍ സ്പര്‍ധ വളര്‍ത്താനും ഇവര്‍ ശ്രമിച്ചു. തീവ്രവാദ പ്രവര്‍ത്തനത്തിനു യുവാക്കളെ സജ്ജരാക്കാന്‍ ആയുധ പരിശീലന ക്യാംപുകള്‍ സംഘടിപ്പിച്ചെന്നും കുറ്റപത്രത്തില്‍ വ്യക്തമാക്കുന്നുണ്ട്.
ഇന്ത്യയില്‍ ജിഹാദ് നടത്തി ഇസ്ലാമികരാഷ്ട്രമാക്കാനായിരുന്നു പോപ്പുലര്‍ ഫ്രണ്ടിന്റെ നീക്കമെന്ന് റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ എന്‍ഐഎ വ്യക്തമാക്കി. ഇതിന്റെ ഭാഗമായി പല സംസ്ഥാനങ്ങളില്‍ നിന്നുള്ള 30,000 പേര്‍ക്ക് പോപ്പുലര്‍ ഫ്രണ്ട് കേരളത്തില്‍ പരിശീലനം നല്കി.
പോപ്പുലര്‍ ഫ്രണ്ടിന്റെ താലിബാന് മാതൃകയിലുള്ള മതമൗലികവാദത്തിന് തെളിവ് ലഭിച്ചതായും കോടതിയെ എന്‍ഐഎ അറിയിച്ചു. രാജ്യത്തെ യുവാക്കളെ അല്‍ഖ്വയ്ദ, ലഷ്കര്‍ ഇ തൊയ്ബ, ഇസ്ലാമിക് സ്റ്റേറ്റ് (ഐഎസ്) പോലുള്ള ഭീകര സംഘടനകളില്‍ ചേരാനും ഇന്ത്യാ വിരുദ്ധ പ്രവര്‍ത്തനത്തിനും നേതാക്കള്‍ പ്രേരിപ്പിച്ചെന്ന് എന്‍ഐഎ വ്യക്തമാക്കുന്നു. പോപ്പുലര്‍ ഫ്രണ്ടിന് ഭീകരവാദ ബന്ധമുണ്ട്. ഇതര മതവിഭാഗങ്ങള്‍ തമ്മില്‍ സ്പര്‍ധ വളര്‍ത്താന്‍ നേതാക്കള്‍ ശ്രമിച്ചു.
കേരളത്തിലെ പ്രത്യേക സമുദായ നേതാക്കളെ ഇവര്‍ ലക്ഷ്യമിട്ടു. ഇവരുടെ ഹിറ്റ്ലിസ്റ്റ് സംഘടന തയാറാക്കിയിട്ടുണ്ട്. ഇത് സംബന്ധിച്ച രേഖകള്‍ എന്‍ഐഎ പിടിച്ചെടുത്തിട്ടുണ്ട്. വര്‍ഗീയ സംഘര്‍ഷത്തിലൂടെ സംസ്ഥാനം ചോരക്കളമാക്കുകയായിരുന്നു ഇവരുടെ ലക്ഷ്യം. രാജ്യ വിരുദ്ധ പ്രചാരണത്തിന്റെ ഭാഗമായി സര്‍ക്കാര്‍ നയങ്ങളെ തെറ്റായി വ്യാഖ്യാനിച്ചു. സമൂഹത്തിലെ വിവിധ മതവിഭാഗങ്ങള്‍ക്കിടയില്‍ ശത്രുത ഉണ്ടാക്കാന്‍ ലക്ഷ്യമിട്ട് കേരളത്തിലെ നേതാക്കളും പ്രവര്‍ത്തകരും നിയമവിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടു.
താലിബാനെ അനുകരിച്ച് നിരോധിത സംഘടനയായ സിമിയുടെ ആശയങ്ങളാണ് പോപ്പുലര്‍ ഫ്രണ്ട് പ്രചരിപ്പിക്കുന്നതും നടപ്പിലാക്കുന്നതും. സിമിയുടെ നേതാക്കള്‍ കൂട്ടത്തോടെ പോപ്പുലര്‍ ഫ്രണ്ടിലേക്കു ചേക്കേറുകയായിരുന്നു. ഓരോ നേതാവും സിമിയില്‍ വഹിച്ചിരുന്ന തസ്തികയും കാലയളവും എന്‍ഐഎ കോടതിയെ അറിയിച്ചിട്ടുണ്ട്.
ക്രിമിനല്‍ പ്രവര്‍ത്തനങ്ങളിലൂടെ പൊതുജനങ്ങളില്‍ ഭീതിവിതച്ച് സമാന്തര നീതിന്യായ വ്യവസ്ഥ സ്ഥാപിക്കാന്‍ ഇവര്‍ ശ്രമിച്ചെന്ന പരാമര്‍ശവും റിമാന്‍ഡ് റിപ്പോര്‍ട്ടിലുണ്ട്. യുഎപിഎയിലെ വിവിധ വകുപ്പുകളും ഗൂഢാലോചന വകുപ്പും പ്രതികള്‍ക്കെതിരേ ചുമത്തിയിട്ടുണ്ട്.
കൊച്ചിയിലെ കേസുമായി ബന്ധപ്പെട്ട് 14 പ്രതികളാണുള്ളത്. ഇതില്‍ ഒന്നാം പ്രതി പോപ്പുലര്‍ ഫ്രണ്ട് സംഘടന തന്നെയാണ്. സംസ്ഥാന നേതാക്കള്‍ ഉള്‍പ്പെടെയുള്ളവരാണ് മറ്റ് പ്രതികള്‍. കേസിലെ മൂന്നാം പ്രതിയും പോപ്പുലര്‍ ഫ്രണ്ട് സംസ്ഥാന ജനറല്‍ സെക്രട്ടറിയുമായ അബ്ദുള്‍ സത്താര്‍, സംസ്ഥാന സെക്രട്ടറി സി.എ. റൗഫ് എന്നിവരെ പിടികൂടാനുണ്ട്. ഇവരാണ് ഹര്‍ത്താല്‍ ആഹ്വാനം ചെയ്തത്. നിരവധി രാജ്യവിരുദ്ധ ഉള്ളടക്കങ്ങള്‍ അടങ്ങിയ രേഖകള്‍ ആണ് പിടിച്ചെടുത്തിട്ടുള്ളത്.
രാജ്യവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്കായി ഗൂഢാലോചന നടത്തിയതിനുള്ള തെളിവുകളും ഇതില്‍ ഉള്‍പ്പെട്ടിട്ടുണ്ട്. ഇസ്ലാമിക ഭീകര സംഘടനകളുമായുള്ള ബന്ധവും ഈ രേഖകളില്‍ നിന്നും വ്യക്തമാണ്. ഭീകരവാദ പ്രവര്‍ത്തനങ്ങള്‍ക്ക് പണം സമാഹരിച്ചതിനുള്ള തെളിവുകള്‍ ലഭിച്ചിട്ടുണ്ട്. സമൂഹമാധ്യമങ്ങള്‍ വഴിയാണ് ഇവരുടെ ആശയവിനിമയം എന്നും റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പറയുന്നു.
റെയ്ഡില്‍ പിടിച്ചെടുത്ത ഡിജിറ്റല്‍ തെളിവുകള്‍ ധാരാളമുണ്ട്. ഡിജിറ്റല്‍ തെളിവുകള്‍ തിരുവനന്തപുരം സി ഡാക്കില്‍ പരിശോധിക്കും. കൂടുതല്‍ അറസ്റ്റ് ഉണ്ടാകും. അതുകൊണ്ട് പ്രതികള്‍ക്ക് ജാമ്യം നല്‍കരുതെന്നും എന്‍ഐഎ കോടതിയില്‍ ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: