കൊച്ചി: ഭാരത് ജോഡോ യാത്രയ്ക്ക് സ്വീകരണമെന്ന പേരില്‍ നിരത്തുകളില്‍ അനധികൃത ഫ്ളക്സ് ബോര്‍ഡുകള്‍ സ്ഥാപിച്ചതിനെതിരെ രൂക്ഷ വിമര്‍ശനവുമായി ഹൈക്കോടതി. ഫ്ളക്സ് ബോര്‍ഡുകള്‍ സ്ഥാപിക്കാന്‍ അനുമതി നല്കാന് പാടില്ലായിരുന്നു. സംസ്ഥാന സര്‍ക്കാരിന്റെ ഭരണ പരാജയമാണിതെന്നും ജസ്റ്റിസ് ദേവന് രാമചന്ദ്രന് പറഞ്ഞു.
എല്ലാം കോടതി തന്നെ ആണോ ചെയ്യേണ്ടത്? സര്‍ക്കാരിന് ചില ഉത്തരവാദിത്വം ഉണ്ട്. ഒരു ഉത്തരവിടുന്നത് അത് നടപ്പാക്കാന്‍ ആണ്. പാതയോരത്തു ഇത്തരം ബോര്‍ഡുകള്‍ വെക്കാന്‍ ആരാണ് അനുമതി നല്‍കിയത്. ഭാരത് ജോഡോ യാത്രയില്‍ അനധികൃത ഫ്ളക്സ് ബോര്‍ഡുകള്‍ സ്ഥാപിച്ചത് രാഷ്ട്രീയ പാര്‍ട്ടിയുടെ ഹുങ്കാണെന്നും ഹൈക്കോടതി പരാമര്‍ശിച്ചു.
അറിഞ്ഞു കൊണ്ട് നിയമം ലംഘിച്ചു. റോഡില്‍ നിറയെ ഫ്ളെക്സ് ബോര്‍ഡുകളാണ്. പാര്‍ട്ടികളെല്ലാം ഇക്കാര്യത്തില്‍ ഒരുപോലെയാണ്. ഇതുസംബന്ധിച്ച് വിമര്‍ശനം ഉന്നയിക്കുന്ന ജഡ്ജിയെ വ്യക്തിപരമായി ആക്ഷേപിക്കുന്നത് അവസാനിപ്പിക്കണമെന്നും ജസ്റ്റിസ് ദേവന് രാമചന്ദ്രന് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: