കെപിഎം
രാഷട്രീയമായി കടുത്ത അഭിപ്രായഭിന്നതയുള്ളപ്പോഴും സിപിഎം മുഖപത്രമായ ദേശാഭിമാനിയെ സഹജീവിയായിത്തന്നെയാണ് ജന്മഭൂമി കാണുന്നത്. ഈ പരിഗണന പക്ഷേ പാര്‍ട്ടി അണികളെ പറ്റിക്കാന്‍ പ്രതിദിനം അതില്‍ അച്ചടിച്ചുവിടുന്ന അസത്യങ്ങളോടും അര്‍ധസത്യങ്ങളോടും അബദ്ധങ്ങളോടുമില്ല. ഇതിലൊന്നാണ് ‘പ്രതിസന്ധി ഒഴിവാക്കേണ്ടത് ഗവര്‍ണറാണെന്ന് ജന്മഭൂമിയും’ എന്ന ദേശാഭിമാനിയുടെ സ്വന്തം വിലയിരുത്തല്‍.
(2022 സപ്തംബര്‍ 22)
”ഗവര്‍ണര്‍ ആരിഫ് മൊഹമ്മദ് ഖാന്റെ ജനാധിപത്യവിരുദ്ധ നിലപാടുകള്‍ക്കെതിരെ ബിജെപിയുടെ പത്രമായ ജന്മഭൂമിയും… പ്രതിസന്ധി ഒഴിവാക്കാന്‍ ഗവര്‍ണര്‍ ബാധ്യസ്ഥനാണെന്ന് ജന്മഭൂമി തുറന്നെഴുതി. ഭരണഘടനാ പ്രതിസന്ധിയിലേക്ക് സ്ഥിതിഗതികള്‍ നീങ്ങുന്നത് തടയാനുള്ള ഇടപെടലുകള്‍ ഗവര്‍ണറില്‍നിന്നുതന്നെ ഉണ്ടാകണമെന്ന ആഗ്രഹമാണ് ‘ജന്മഭൂമി’ മുഖപ്രസംഗത്തില്‍ പങ്കുവയ്‌ക്കുന്നത്” എന്നാണ് ദേശാഭിമാനിയുടെ സ്വന്തം ലേഖകന്‍ കണ്ടുപിടിച്ചിരിക്കുന്നത്.
ഇപ്പോഴത്തെ അവസ്ഥയില്‍ മറ്റു ചില പത്രങ്ങള്‍ക്കൊപ്പം ജന്മഭൂമിയും ഇങ്ങനെയൊക്കെ എഴുതണമെന്ന് സിപിഎമ്മിനും ദേശാഭിമാനിക്കും ആഗ്രഹമുണ്ടാവാം. പക്ഷേ ജന്മഭൂമിയുടെ പണി അതല്ലല്ലോ. ജന്മഭൂമിക്ക് ഇക്കാര്യത്തില്‍ വ്യക്തമായ നയവും നിലപാടുമുണ്ട്. മുഖപ്രസംഗങ്ങളില്‍ക്കൂടിത്തന്നെ അത് ആവര്‍ത്തിച്ച് വ്യക്തമാക്കിയിട്ടുള്ളതുമാണ്.
സിപിഎമ്മിനും സര്‍ക്കാരിനുമൊപ്പംനിന്ന് ഗവര്‍ണറാണ് പ്രശ്‌നക്കാരന്‍ എന്ന് വരുത്തിത്തീര്‍ക്കാന്‍ ശ്രമിക്കുന്ന ‘ദേശാഭിമാനി’ അതിന് കൂട്ടുപിടിച്ച ജന്മഭൂമിയുടെ മുഖപ്രസംഗത്തില്‍നിന്നുള്ള വരികള്‍ അതേപടി ഉദ്ധരിക്കട്ടെ: ”ഗവര്‍ണറുടെ ഏറ്റവും പുതിയ വെളിപ്പെടുത്തലുകളില്‍നിന്ന് നിയമവിരുദ്ധമായി പ്രവര്‍ത്തിക്കാന്‍ നിശ്ചയിച്ചുറച്ച ഒരു മുഖ്യമന്ത്രിയുടെ ചിത്രമാണ് തെൡയുന്നത്. ഇങ്ങനെയൊരാള്‍ സ്വന്തം നിലയ്‌ക്ക് രാജിവയ്‌ക്കുമെന്ന് കരുതാനാവില്ല. ഭരണഘടനാ പ്രതിസന്ധിയിലേക്ക് സ്ഥിതിഗതികള്‍ നീങ്ങുന്നത് തടയാനുള്ള ഇടപെടലുകള്‍ ഗവര്‍ണറുടെ ഭാഗത്തുനിന്നുതന്നെ ഉണ്ടാവണമെന്നാണ് ജനങ്ങള്‍ ആഗ്രഹിക്കുന്നത്.”
ഭരണഘടനാ പ്രതിസന്ധിയിലേക്കാണ് സ്ഥിതിഗതികള്‍ നീങ്ങുന്നതെന്ന് ജന്മഭൂമിക്ക് അഭിപ്രായമുണ്ട്. അതിനുത്തരവാദി മുഖ്യമന്ത്രി പിണറായി വിജയനാണെന്ന് കരുതുകയും ചെയ്യുന്നു. പിണറായിയെപ്പോലൊരു സേച്ഛ്വാധിപതി സ്വമേധയാ രാജിവക്കില്ലല്ലോ. ഇവിടെ ഗവര്‍ണര്‍ മറ്റു മാര്‍ഗങ്ങള്‍ ആരായണമെന്നുതന്നെയാണ് ജന്മഭൂമി മുഖപ്രസംഗം പറയുന്നത്. ഈ നടപടികള്‍ എന്തൊക്കെയാണെന്ന് ‘ഗവര്‍ണര്‍ റബ്ബര്‍സ്റ്റാമ്പല്ല, കടുത്ത നടപടി വേണം’ എന്ന മുഖപ്രസംഗത്തിന്റെ തലക്കെട്ടില്‍തന്നെയുണ്ടല്ലോ.
ആചാര്യനായ കാറല്‍ മാര്‍ക്‌സ് വൈരുദ്ധ്യാത്മക ഭൗതികവാദത്തിന് രൂപം നല്‍കാന്‍ തന്റെ ഗുരുവായ ഹെഗലിനെ തലകുത്തി നിര്‍ത്തുകയായിരുന്നുവെന്ന് കേട്ടിട്ടുണ്ട്. ‘ദേശാഭിമാനി’യിലെ അനുയായികള്‍ ജന്മഭൂമിയുടെ മുഖപ്രസംഗത്തെയും തലകുത്തി നിര്‍ത്തിയാണ് വായിച്ചത്. ഇതിന്റെ പേര് മാധ്യമപ്രവര്‍ത്തനമെന്നല്ല, മണ്ടത്തരമെന്നാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: