തിരുവനന്തപുരം: കാട്ടാക്കടയില്‍ വൈദ്യുതി ബില്ല് അടച്ചിട്ടും വീട്ടിലെ ഫ്യൂസ് ഊരി കെഎസ്ഇബി. രണ്ട് ദിവസം മുന്‍പ് കറണ്ട് ബില്ല് അടച്ച വീട്ടിന്റെ വൈദ്യുതിയാണ് കെഎസ്ഇബി ഉദ്യോഗസ്ഥര്‍ വിഛേദിച്ചത്. സംഭവം വിവാദമായതോടെ വൈദ്യുതി പുനഃസ്ഥാപിച്ച് ഉദ്യോഗസ്ഥര്‍ തടിതപ്പി.
കെഎസ്ഇബി കാട്ടാക്കട സെക്ഷനിലെ ഉദ്യോഗസ്ഥര്‍ ചാരുപാറ ദര്‍ശനാഭവനില്‍ എത്തി വൈദ്യുതി കുടിശിഖയുണ്ടെന്ന് അറിയിച്ചു. എന്നാല്‍ കഴിഞ്ഞ 20ാം തീയതി തന്നെ വൈദ്യുതി ബില്ല് ഒടുക്കിയതായി വീട്ടുകാര്‍ അറിയിച്ചതിനൊപ്പം കറണ്ട് ബില്ല് അടച്ചതിന്റെ രേഖകളും ഉദ്യോഗസ്ഥനെ കാണിച്ച് ബോധ്യപ്പെടുത്തി. എന്നിട്ടും ഏകപക്ഷീയമായി ഉദ്യോഗസ്ഥന്‍ വൈദ്യുതി വിഛേദിച്ച് മടങ്ങുകയായിരുന്നു.
കെഎസ്ഇബിയുടെ ഓരോ ലൈന്‍മാനെയും വൈദ്യുതി വിഛേദിക്കാനുള്ള പട്ടികയുമായി വിടുന്നതിനൊപ്പം തന്നെ ഓണ്‍ലൈന്‍ പെമെന്റ് ചെയ്തിട്ടുണ്ടെങ്കില്‍ അത് പരിശോധിക്കാനുള്ള ഉപകരണവും നല്‍കിയിട്ടുണ്ട്. ഇതു പോലും പരിശോധിക്കാതെയാണ് ഉദ്യോഗസ്ഥന്‍ വൈദ്യുതി വിഛേദിച്ചത്. വീട്ടുകാര്‍ ഓണ്‍ലൈന്‍ മുഖേന ബില്ല് അടച്ചതിന്റെ രേഖകള്‍ സമര്‍പ്പിക്കുകയാണെങ്കില്‍ അത് കെഎസ്ഇബിയുടെ ‘ഓരുമാനെറ്റ്’ പോര്‍ട്ടലില്‍ എന്‍ട്രി ആയിട്ടില്ലെങ്കിലും ഉടന്‍ ഫ്യൂസ് ഊരരുതെന്നും നിര്‍ദേശം നല്‍കിയിട്ടുണ്ട്.
ഇതെല്ലാം കാറ്റില്‍ പറത്തിയാണ് ഉദ്യോഗസ്ഥന്‍ ഫ്യൂസ് ഊരിയത്. വൈദ്യുതി വിഛേദിക്കുന്നതുമായി ബന്ധപ്പെട്ട് പ്രദേശത്ത് നിരവധി പരാതികളാണ് ഉയരുന്നത്. സേവാകേന്ദ്രങ്ങള്‍ വഴിയും ഓണ്‍ലൈന്‍ സേവന കേന്ദ്രങ്ങള്‍ വഴിയും വൈദ്യുതി ബില്ല് അടയ്‌ക്കുന്നവരുടെ വീടുകളില്‍ ഉദ്യോഗസ്ഥര്‍ വൈദ്യുതി വിഛേദിക്കുമെന്ന് ഭീഷണി മുഴക്കുന്നതായും പരാതിയുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: