ന്യൂദല്‍ഹി: ശിരോവസ്ത്രം ധരിക്കുന്നത് ഇസ്ലാമില്‍ അനിവാര്യമായ ഒരു മതാചാരമല്ലെന്ന് കര്‍ണാടക സര്‍ക്കാര്‍. ഇറാനില്‍ സ്ത്രീകള്‍ നടത്തുന്ന ഹിജാബ് വിരുദ്ധ പ്രതിഷേധങ്ങളെ ഉദ്ധരിച്ച് സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ വാദിച്ചത്. കര്‍ണാടകയിലെ പ്രീയൂണിവേഴ്സിറ്റി കോളേജുകളില്‍ ഹിജാബ് ധരിക്കുന്നത് സര്‍ക്കാര്‍ നിരോധിച്ചത് ഭരണഘടനാ വിരുദ്ധമല്ലെന്നും ആരുടെയും അവകാശം ലംഘിക്കുന്നതല്ലെന്നും വ്യക്തമാക്കുന്നതിന്റെ ഭാഗമായാണ് ഇറാനില്‍ നടക്കുന്ന വിഷയത്തെ കുറിച്ച് സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത പരാമര്‍ശിച്ചത്.
ഹിജാബ് ശരിയായി ധരിക്കാത്തതിന്റെ പേരില്‍ സദാചാര പോലീസ് കസ്റ്റഡിയിലെടുത്ത 22 കാരിയായ യുവതി മരിച്ചതാണ് ഇറാനില്‍ പ്രതിഷേധത്തിന് കാരണമായത്. സെപ്തംബര്‍ 16ന് ടെഹ്റാനില്‍ പോലീസ് അറസ്റ്റ് ചെയ്ത് മര്‍ദിച്ചതിനെ തുടര്‍ന്ന് മൂന്ന് ദിവസം മഹ്സ അമിനി ആശുപത്രിയില്‍ വച്ച് മരിച്ചുവെന്നാണ് റിപ്പോര്‍ട്ട്.
ഫെബ്രുവരിയില്‍ ഹിജാബ് ധരിക്കുന്നത് നിരോധിച്ചുകൊണ്ട് സംസ്ഥാന സര്‍ക്കാരിന്റെ ഉത്തരവില്‍ അപാകതയില്ലെന്ന കര്‍ണാടക ഹൈക്കോടതിയുടെ മാര്‍ച്ചിലെ വിധിക്കെതിരായി നല്കിയ ഒരു കൂട്ടം ഹര്‍ജികള്‍ പരിഗണിച്ച ജസ്റ്റിസ് ഹേമന്ത് ഗുപ്ത, സുധാന്‍ഷു ധൂലിയ എന്നിവരടങ്ങിയ ബെഞ്ചിന് മുമ്പാകെയാണ് സോളിസിറ്റര്‍ ചൊവ്വാഴ്ച വാദം നടത്തിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: