ചങ്ങനാശ്ശേരി: ഹയര്‍ സെക്കന്‍ഡറി അധ്യാപക നിയമനത്തിനുള്ള യോഗ്യതാ നിര്‍ണയ പരീക്ഷ (സെറ്റ്) പാസ്സാകുന്നതിന് പൊതുവിഭാഗത്തില്‍പ്പെട്ടവര്‍ക്കും സംവരണവിഭാഗത്തില്പ്പെട്ടവര്ക്കും വ്യത്യസ്ത മാര്‍ക്ക് നിശ്ചയിച്ചതിനെതിരെ എന്‍എസ്എസ്. 2015ല്‍ നല്കിയ ഹര്‍ജിയില്‍ ഇനി കോടതിയുടെ ഇടപെടല്‍ ആവശ്യമില്ലെന്നും എന്‍എസ്എസിന് പരാതി ഉണ്ടെങ്കില്‍ ഉചിതമായ സര്‍ക്കാര്‍ സംവിധാനങ്ങള്‍ക്ക് പരാതി നിയമപരമായി നല്‍കാമെന്നുമാണ് സുപ്രീംകോടതിവിധിയില്‍ വ്യക്തമാക്കുന്നതെന്ന് എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി. സുകുമാരന്‍ നായര്‍ പറഞ്ഞു.
സെറ്റിന് 120 മാര്‍ക്കുവീതമുള്ള രണ്ടു പേപ്പറുകളാണുള്ളത്. എല്ലാവിഭാഗം പരീക്ഷാര്‍ത്ഥികള്‍ക്കും ഓരോ പേപ്പറിനും 35 ശതമാനം വീതം മാര്‍ക്കും, രണ്ടുപേപ്പറുകള്‍ക്കും കൂടി 50 ശതമാനം മാര്‍ക്കും ആവശ്യമായിരുന്നു. എന്നാല്‍ 2013ല്‍ പുതുക്കിയ പ്രോസ്പെക്റ്റസ് പ്രകാരം സെറ്റിന് ജനറല്‍ കാറ്റഗറിക്കു മാത്രം ഓരോ പേപ്പറിനും 35 ശതമാനം മാര്‍ക്ക് എന്നത് 40 ശതമാനമാക്കി. ഒബിസി, പട്ടികജാതി-പട്ടികവര്‍ഗ്ഗവിഭാഗങ്ങള്‍ക്ക് ഓരോ പേപ്പറിനും 35 ശതമാനം നിലനിര്‍ത്തുകയും ചെയ്തു.
അതോടൊപ്പംതന്നെ ജനറല്‍ കാറ്റഗറിക്ക് ജയിക്കാന്‍ വേണ്ട ആകെ മാര്‍ക്ക് 50 ശതമാനം തന്നെ നിലനിര്‍ത്തുകയും ഒബിസിക്ക് 45 ശതമാനവും പട്ടികജാതി-പട്ടികവര്‍ഗ്ഗവിഭാഗക്കാര്‍ക്ക് 40 ശതമാനവും ആയി കുറയ്ക്കുകയും ചെയ്തു. ഇത് ജനറല്‍ വിഭാഗത്തിനെ മാത്രം ദ്രോഹിക്കുന്ന നടപടിയാണ്. എസ്എസ്എല്‍സി, ഡിഗ്രി, പോസ്റ്റ് ഗ്രാജുവേറ്റ് ഡിഗ്രി എന്നീ യോഗ്യതാപരീക്ഷകളിലെ വിജയത്തിന് എല്ലാ വിഭാഗങ്ങള്‍ക്കും സ്വീകരിച്ചിരിക്കുന്ന മാര്‍ക്കിന്റെ മാനദണ്ഡം ഇവിടെയും സ്വീകരിക്കണം.
സെറ്റ് വിജയിക്കാന്‍ നിലവിലുള്ള മാനദണ്ഡംതന്നെ തുടരാന്‍ നടപടി ഉണ്ടാകണമെന്ന് ആവശ്യപ്പെട്ട് സര്‍ക്കാരിന് 2013ല്‍ നിയമാനുസൃതം പരാതി നല്‍കിയിട്ടുണ്ട്. ആ പരാതിയിന്മേല് നടപടി സ്വീകരിക്കാതിരുന്ന സാഹചര്യത്തിലാണ് അവകാശസംരക്ഷണത്തിനായി എന്‍എസ്എസ് സുപ്രീംകോടതിയെ സമീപിച്ചതെന്ന് ജി. സുകുമാരന്‍ നായര്‍ പ്രസ്താവനയില്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: