‘ന്നാ താന്‍ കേസ് കൊടുക്ക്’ എന്ന സിനിമക്കെതിരെ കൊമ്പുകോര്ത്തവരെ ഇപ്പോള്‍ കാണാനേയില്ല. വിവാദമുണ്ടാക്കിയതോടെ വലിയ താരമൂല്യമൊന്നുമില്ലാത്ത സിനിമ വന്‍ഹിറ്റായി. റോഡിലെ കുഴിയായിരുന്നല്ലോ വിഷയം. റോഡിലെ കുഴി എന്നുകേള്‍ക്കുമ്പോള്‍ നമ്മുടെ മരാമത്ത് മന്ത്രിക്ക് കലിപ്പ് കേറും. എന്തു കലിപ്പുകേറിയാലും ഹൈക്കോടതി ആ വിഷയം ഗൗരവമായെടുത്തിരിക്കുകയാണ്.
റോഡിലെ കുഴികളില്‍ വീണ് മരിക്കുന്നതും കൈകാലുകള്‍ ഒടിയുന്നതും ഏതാണ്ട് നിത്യസംഭവമായതോടെ ഗൗരവം കൂടിയിരിക്കുകയാണ്. കുഴികളില്‍ വീണ് എത്രപേര്‍ മരിച്ചു എന്ന ചോദ്യത്തിന് മന്ത്രിക്ക് മറുപടിയില്ല. റോഡിലെ കുഴികളില്‍ വീണ് എത്ര യാത്രക്കാര്‍ മരണമടഞ്ഞെന്നും എത്ര യാത്രക്കാര്‍ക്ക് പരുക്ക് പറ്റിയെന്നുമുള്ള വിവരം തനിക്കറിയില്ലെന്ന് മന്ത്രി പി.എ.മുഹമ്മദ് റിയാസ്. ഈ വിവരം പൊതുമരാമത്ത് വകുപ്പില്‍ ലഭ്യമല്ലെന്ന് മന്ത്രി റിയാസ് നിയമസഭയില്‍ രേഖാമൂലം മറുപടി നല്കി.
2016-22 കാലയളവില്‍ റോഡിലെ കുഴികളില്‍ വീണ് എത്ര യാത്രക്കാര്‍ മരണമടഞ്ഞു, എത്ര യാത്രക്കാര്‍ക്ക് പരുക്കുപറ്റി എന്ന് ഓഗസ്റ്റ് 30നു കോണ്‍ഗ്രസ് എംഎല്‍എ അന്‍വര്‍ സാദത്ത് മന്ത്രി റിയാസിനോട് സഭയില്‍ ചോദ്യം ഉന്നയിച്ചിരുന്നു. റോഡിലെ കുഴികളില്‍ വീണ് അപകടം സംഭവിച്ചവര്‍ക്ക് പൊതുമരാമത്ത് വകുപ്പില്‍നിന്ന് നഷ്ടപരിഹാരം കൊടുക്കാന്‍ വ്യവസ്ഥകളില്ല എന്നും ദേശീയപാത 183, 183എ, 966ബി, 766, 185 എന്നിവയുടെ നിയന്ത്രണം സംസ്ഥാന പൊതുമരാമത്ത് വകുപ്പിനാണെന്നും മന്ത്രി പറഞ്ഞത് തടിതപ്പാനാണെന് വ്യക്തം. ഈ റോഡിലല്ല സംസ്ഥാന റോഡിലാണ് ഏറെ കുഴപ്പമെന്നറിയാത്തവരുണ്ടോ? റോഡിലെ കുഴപ്പം സംബന്ധിച്ച് വിജിലന്‍സും അന്വേഷണം തുടങ്ങിയിട്ടുണ്ട്.
റോഡുകളില്‍ നിര്‍മാണം പൂര്‍ത്തിയാക്കി 6 മാസങ്ങള്‍ക്കകം തന്നെ കുഴികള്‍ രൂപപ്പെട്ട നിലയിലാണെന്നു വിജിലന്‍സ് കണ്ടെത്തി. ഓപ്പറേഷന് സരള്‍ രാസ്ത–3 എന്ന പേരില്‍ പരിശോധന നടത്തിയതു സംസ്ഥാനത്തെ 148 റോഡുകളിലാണ്. തദ്ദേശസ്ഥാപനങ്ങളുടെ 115 റോഡുകളിലും മരാമത്തു വകുപ്പിന്റെ 24 റോഡുകളിലും 9 കെഎസ്ടിപി റോഡുകളിലുമായിരുന്നു പരിശോധന. ഇത്തരം റോഡുകള്‍ കൂടുതല്‍ തിരുവനന്തപുരത്താണ് 18. കൊല്ലത്തു പത്തും പത്തനംതിട്ടയില്‍ ആറും കോട്ടയം, കണ്ണൂര്‍, കാസര്‍കോട്, പാലക്കാട് ജില്ലകളില്‍ 4 വീതവും ഇത്തരം റോഡുകളുണ്ട്. ആലപ്പുഴ, എറണാകുളം, കോഴിക്കോട്, വയനാട് ജില്ലകളില്‍ 3 വീതം റോഡുകളില്‍ മാസങ്ങള്‍ക്കകം കുഴി രൂപപ്പെട്ടു.
19 റോഡുകളില്‍ വേണ്ടത്ര ടാര്‍ ഉപയോഗിച്ചിട്ടില്ല. തിരുവനന്തപുരം, കൊല്ലം, വയനാട് ജില്ലകളില്‍ 3 വീതം റോഡുകളില്‍ ടാറിങ്ങിനു കനം കുറവാണ്. കോട്ടയം, തൃശൂര്‍, കോഴിക്കോട് ജില്ലകളിലെ 2 വീതം റോഡിനും പത്തനംതിട്ട, എറണാകുളം, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലെ ഓരോ റോഡിനും ഇതേ പ്രശ്നമുണ്ട്. എറണാകുളത്ത് ഒരു റോഡ് മതിയായ രീതിയില്‍ ടാര്‍ ഉപയോഗിക്കാതെയും കൊല്ലത്തെ ഒരു റോഡ് വേണ്ടപോലെ റോളര്‍ ഉപയോഗിക്കാതെയുമാണു നിര്‍മിച്ചത്. കോഴിക്കോട്ട് ഒരു റോഡ് നിര്‍മാണം പൂര്‍ത്തിയായി മാസങ്ങള്‍ക്കകം പൂര്‍ണമായി പൊളിഞ്ഞു.
ഹൈക്കോടതിയുടെ ഇടപെടലാണ് അതിരൂക്ഷം. മനുഷ്യപ്പറ്റുള്ള നിഗമനങ്ങളും അഭിപ്രായങ്ങളുമാണ് കോടതിയില്‍ നിന്നുണ്ടാകുന്നതെന്ന് ആശ്വസിക്കാം. വീട്ടില്‍ നിന്നിറങ്ങുന്നവര്‍ ശവപ്പെട്ടിയില്‍ അല്ല, സുരക്ഷിതമായും ജീവനോടെയും മടങ്ങിവരുമെന്ന് ഉറപ്പാക്കാനാണു കോടതി ശ്രമിക്കുന്നതെന്നു റോഡുകളുടെ ശോചനീയാവസ്ഥ സംബന്ധിച്ച കേസില്‍ ഹൈക്കോടതി. റോഡിലൂടെ യാത്ര ചെയ്തശേഷം സുരക്ഷിതമായി മടങ്ങിവരാനാകുമെന്നുള്ള ഉറപ്പ് ലഭിക്കാന്‍ എത്രനാള്‍ കാത്തിരിക്കണമെന്ന് അറിയില്ലെന്നും ജസ്റ്റിസ് ദേവന് രാമചന്ദ്രന് പറഞ്ഞത് ശ്രദ്ധേയമാണ്. യാഥാര്‍ഥ്യം കാണണമെങ്കില്‍ റോഡിലെ കുഴി മൂലം അപകടമുണ്ടായി മരിച്ചയാളുടെ വീട്ടില്‍ പോകണം.
അപകടം ഒരു തലമുറയെ മുഴുവന്‍ നശിപ്പിക്കുകയാണ്. എന്‍ജിനീയര്‍ അറിഞ്ഞിട്ടും കുഴി അടയ്ക്കാത്തതു മൂലമുള്ള അപകടങ്ങള്‍ മറ്റെവിടെയും ഉണ്ടാകുന്നില്ല. റോഡുകളിലെ അറ്റകുറ്റപ്പണി എത്രയും വേഗം പൂര്‍ത്തിയാക്കണമെന്നു കോടതി നിര്‍ദേശിച്ചു. റോഡു തകര്‍ന്നാല്‍ പ്രാഥമിക ഉത്തരവാദിത്തം എന്‍ജിനീയര്‍മാര്‍ക്കായിരിക്കും. അവര്‍ക്കെതിരെ നടപടിയെടുക്കാന്‍ മടിക്കില്ല.
സംസ്ഥാനത്തിന്റെ സാമ്പത്തിക സ്ഥിതി പരിഗണിക്കണമെന്നു പൊതുമരാമത്ത് വകുപ്പിനായി സര്‍ക്കാര്‍ അഭിഭാഷകന് അറിയിച്ചപ്പോള്‍ ഖജനാവ് മുഴുവന്‍ ഒന്നിച്ചു വയ്ക്കുന്നതിനെക്കാള്‍ ഒരു പൗരന്റെ ജീവനു മൂല്യമുണ്ട്. മഴ പെയ്താല്‍ കുഴിവരുമെന്നാണു പറയുന്നത്. മഴ വന്നാല്‍ കുടയെടുക്കണമെന്നു കേട്ടിട്ടുണ്ട്. മഴ വന്നാല്‍ കുഴിവരുമെന്ന് ആദ്യമായിട്ടാണു കേള്‍ക്കുന്നതെന്നു പറഞ്ഞ കോടതി ആശ്ചര്യപ്പെട്ടു.
റോഡിലെ കുഴിയില്‍ ബൈക്ക് വീണ് പരുക്കേറ്റ് അബോധാവസ്ഥയിലായിരുന്ന കുഞ്ഞുമുഹമ്മദ് മരിച്ച സംഭവത്തിന്റെ അടിസ്ഥാനത്തില്‍ ആലുവ-പെരുമ്പാവൂര്‍ റോഡിന്റെ ചുമതലയുള്ള പൊതുമരാമത്ത് വകുപ്പ് എന്‍ജിനീയറോടു ഹാജരാകാന്‍ ഹൈക്കോടതി നിര്‍ദേശിച്ചിരുന്നു. തുടര്‍ന്നു പൊതുമരാമത്ത് വകുപ്പ്, കേരള റോഡ് ഫണ്ട് ബോര്‍ഡ് സൂപ്രണ്ടിങ് എന്‍ജിനീയര്‍, അസി.എക്സിക്യൂട്ടീവ് എന്‍ജിനീയര്‍മാര്‍ എന്നിവര്‍ ഹാജരായിരുന്നു. റോഡിന്റെ മോശം അവസ്ഥയെക്കുറിച്ച് ഉന്നത അധികൃതരെ അറിയിച്ചെങ്കിലും റോഡിന്റെ നിയന്ത്രണം കേരള റോഡ് ഫണ്ട് ബോര്‍ഡിനു കൈമാറാന്‍ നിര്‍ദേശമുള്ളതിനാല്‍ നടപടിയെടുക്കേണ്ടെന്നാണ് അറിയിച്ചതെന്നു പൊതുമരാമത്ത് വകുപ്പ് എന്‍ജിനീയര്‍മാര്‍ അറിയിച്ചു.
എന്നാല്‍ റോഡിന്റെ ചുമതല ജൂണ്‍ 27നാണു ലഭിച്ചതെന്നും ‘റെക്കോര്‍ഡ് വേഗത്തില്‍’ ജൂലൈ 14നാണു ജോലി ആരംഭിച്ചതെന്നും കേരള റോഡ് ഫണ്ട് ബോര്‍ഡ് എന്‍ജിനീയര്‍മാര്‍ അറിയിച്ചു. എന്നാല്‍ ഇതാണ് പ്രശ്നമെന്നു കോടതി പറഞ്ഞു. ആഴ്ചകള്‍ക്കു മുന്‍പേ റോഡ് മോശം അവസ്ഥയിലായിരുന്നു. എന്നാല്‍ കുറച്ച് ആഴ്ചകള്‍ക്കുശേഷമാണ് ജോലി ആരംഭിച്ചത്. ഇതാണ് ‘റെക്കോര്‍ഡ് വേഗം’ എന്നു പറയുന്നത്. ഈ മന്ദഗതി അനുവദിക്കാനാവില്ല. 2018 ഒക്ടോബറില്‍ കോടതി ഇക്കാര്യത്തില്‍ ഉത്തരവിട്ടതാണ്. എന്നാല്‍ നാലു വര്‍ഷത്തിനു ശേഷവും സാഹചര്യങ്ങള്‍ മാറിയിട്ടില്ലെന്നും വ്യക്തമാക്കി.
കേന്ദ്രമന്ത്രി വി. മുരളീധരന് അഭിപ്രായം പറഞ്ഞതിനോട് പ്രതികരിച്ചതുപോലെ ഹൈക്കോടതിക്കെതിരെയും മന്ത്രി റിയാസ് പ്രതികരിക്കുമോ എന്തോ? ആഴ്ചതോറും കേരളത്തിലെത്തുന്ന കേന്ദ്രമന്ത്രി, ദേശീയപാതയുടെ കുഴിയടയ്ക്കാന്‍ നോക്കൂ എന്നുപറഞ്ഞത് മറക്കാറായിട്ടില്ല. കിട്ടിയ പദവി നന്നായി നോക്ക് എന്ന് പറയുമ്പോള്‍ വിദേശകാര്യവകുപ്പ് നന്നായി തന്നെയാണ് ഭരിക്കുന്നത്. അവിടെ ഒരു കുഴിയുമില്ല കുഴിമാടവുമില്ല. മുരളീധരന് കിട്ടിയ പദവി സ്ത്രീധനവുമല്ല, കേരളത്തിലേക്കുള്ള യാത്രയും താമസവും ആരുടെയും ഔദാര്യമല്ലെന്നും ഓര്‍ത്താല്‍ നന്ന്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: