ന്യൂദല്‍ഹി: ഗുരുവായൂര്‍ ദേവസ്വത്തിന്റെ 10 കോടി രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് കൊടുക്കാന്‍ ദേവസ്വം അധികൃതര്‍ക്ക് അധികാരമുണ്ടോ എന്നത് സംബന്ധിച്ചുള്ള കേസില്‍ സുപ്രീംകോടതി വാദം കേള്‍ക്കല്‍ തുടങ്ങി. ദേവസ്വത്തിന്റെ ഉടമസ്ഥതയിലുള്ള സ്വത്ത് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്കോ മറ്റേതെങ്കിലും സര്‍ക്കാര്‍ ഏജന്‍സിക്കോ കൈമാറാനാകില്ലെന്ന് ഹൈക്കോടതി വിധിച്ചിരുന്നു. ഈ വിധിക്കെതിരെയാണ് ദേവസ്വം സുപ്രീംകോടതിയെ സമീപിച്ചിരിക്കുന്നത്.
മുഖ്യമന്ത്രിയെ പ്രീതിപ്പെടുത്താനാണ് 10 കോടി രൂപ ചെയര്മാന് അഡ്വ. കെ.ബി. മോഹന്‍ദാസ് നല്‍കിയതെന്നാണ് ബിജെപിയുടെ ആരോപണം. ക്ഷേത്രത്തിലെ കാണിക്ക എടുത്തല്ല ചെയര്മാന് കേസ് നടത്തേണ്ടതെന്നും ബിജെപി വിമര്‍ശിക്കുന്നു. ദേവസ്വം ബോര്‍ഡിന്റെ പണം ഉപയോഗിച്ചാണ് സുപ്രീംകോടതിയില്‍ ദേവസ്വം ചെയര്മാന് കേസ് നടത്തുന്നത്.
പ്രളയദുരിതാശ്വാസം, കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ എന്നിവയ്ക്കായി 10 കോടി രൂപയാണ് മാനേജ്മെന്റ് കമ്മിറ്റി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് നല്‍കിയത്. ഗുരുവായൂരപ്പന്റെ ഭക്തരുടെ താല്പര്യം കണക്കിലെടുത്താണ് ദുരിതാശ്വാസനിധിയിലേക്ക് പണം നല്‍കിയതെന്ന വാദമാണ് ദേവസ്വം ബോര്‍ഡ് സുപ്രീംകോടതിയില്‍ ഉയര്‍ത്തുന്നത്. ധര്‍മ്മത്തിനായി പ്രവര്‍ത്തിച്ച ദൈവമാണ് ശ്രീകൃഷ്ണന്. അതിനാല്‍ കൃഷ്ണന്റെ പേരിലുള്ള പണം കേഷ്ത്രത്തിന് പൊതുജനക്ഷേമത്തിന് ചെലവഴിക്കാം എന്നും ബോര്‍ഡ് വാദം ഉയര്‍ത്തുന്നു.
ഗുരുവായൂര്‍ ദേവസ്വം ബോര്‍ഡിന് വേണ്ടി ആര്യാമ സുന്ദരം, ആര്. വെങ്കട്ടരമണി, അഭിഭാഷകന് എം.എല്‍. ജിഷ്ണു എന്നിവരാണ് ഹാജരായത്. ദുരിതാശ്വാസനിധിയിലേക്ക് നല്കുന്ന പണം വിവരാവകാശ നിയമത്തിന്റെ പരിധിയില്‍ വരില്ലേയെന്ന് സുപ്രീംകോടതി ചോദിച്ചു. കേസിലെ എതിര്കക്ഷികല്ക്ക് സുപ്രീംകോടതി ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് നോട്ടീസ് അയച്ചു. ഒക്ടോബര്‍ പത്തിനകം സത്യവാങ്മൂലം ഫയല്‍ ചെയ്യാന്‍ എതിര്‍കക്ഷികളോട് സുപ്രീംകോടതി നിര്‍ദേശിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: