ന്യൂദല്‍ഹി :വിദ്യാര്‍ത്ഥികള്‍ക്ക് കോളെജില്‍ ഹിജാബ് ധരിയ്ക്കണമെന്ന വിവാദമുണ്ടാക്കിയതിന് പിന്നില്‍ പോപ്പുലര്‍ ഫ്രണ്ടിന്റെ ഗൂഢാലോചനയാണെന്ന് സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത ചൊവ്വാഴ്ച സുപ്രീംകോടതിയില്‍ തുറന്നടിച്ചു. ഹിജാബ് നിരോധനത്തിനെതിരെ കര്‍ണ്ണാടകയിലെ വിദ്യാര്‍ത്ഥികളുടെ ഹര്‍ജികളില്‍ സുപ്രീംകോടതി ജഡ്ജിമാരായ ഹേമന്ത് ഗുപ്തയും സുധാംശു ധുലിയയും വാദം കേള്‍ക്കുന്നതിനിടയിലായിരുന്നു തുഷാര്‍മേത്തയുടെ ഈ വെളിപ്പെടുത്തല്‍.
“2021വരെ കര്‍ണ്ണാടകയില്‍ ഒരു വിദ്യാര്‍ത്ഥിപോലും ഹിജാബ് ധരിച്ചിരുന്നില്ല. ഹിജാബ് മാത്രമല്ല, കാവി ഷാള്‍ പുതയ്ക്കുന്ന പതിവും കോളെജുകളില്‍ ഇല്ലായിരുന്നു. ഇത് സംബന്ധിച്ച് കര്‍ണ്ണാടക സര്‍ക്കാര്‍ അന്ന് പുറത്തിറക്കിയ സര്‍ക്കുലറും അദ്ദേഹം ഉദ്ധരിച്ചു. നിശ്ചയിച്ച യൂണിഫോം ഇല്ലെങ്കില്‍, വിദ്യാര്‍ത്ഥികള്‍ തുല്യത, ഭാരതത്തിന്റെ അഖണ്ഡത, ക്രമസമാധാനം എന്നീ ആശയങ്ങളോട് ചേര്‍ന്ന് പോകുന്ന വസ്ത്രങ്ങള്‍ ധരിക്കണം- ഇതായിരുന്നു സര്‍ക്കുലര്‍.”- സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത പറഞ്ഞു.
“ഒരു കാര്യം കൂടി പറയാം. ഞാന്‍ പര്‍വ്വതീകരിച്ച് പറയുന്നതല്ല. സര്‍ക്കാര്‍ വേണ്ട വിധത്തില്‍ പ്രവര്‍ത്തിച്ചില്ലെങ്കില്‍ ഭരണഘടനാപരമായ ചുമതല നിര്‍വഹിക്കുന്നതില്‍ വീഴ്ചവരുത്തിയതിന് കുറ്റക്കാരാകും. “- തുഷാര്‍ മേത്ത പറഞ്ഞു. പിന്നീട് അദ്ദേഹം വിവാദത്തിന്റെ നാള്‍വഴികള്‍ വിവരിച്ചു. “2013 മാര്‍ച്ച് 29ന് ഉഡുപ്പി പ്രീയൂണിവേഴ്സിറ്റി കോളെജ് ഒരു പ്രമേയം പാസാക്കി. അത് പ്രകാരമുള്ള യൂണിഫോമില്‍ ഹിജാബ് ഉള്‍പ്പെടുത്തിയിരുന്നില്ല. കോളെജില്‍ പ്രവേശനം നേടുന്ന സമയത്ത് ഈ പരാതിക്കാര്‍ കോളേജിലെ യൂണിഫോം അനുസരിക്കാമെന്ന് സമ്മതിച്ചവരാണ്. അന്ന് മാത്രമല്ല, അതിന് ശേഷം നിരവധി വര്‍ഷങ്ങളായി ആരും ഹിജാബ് ധരിക്കണമെന്നോ കാവിഷാള്‍ പുതയ്ക്കണമെന്നോ നിര്‍ബന്ധിച്ചിട്ടില്ല.” – തുഷാര്‍ മേത്ത പറഞ്ഞു.
“2022ല്‍ സമൂഹമാധ്യമങ്ങളില്‍ പോപ്പുലര്‍ ഫ്രണ്ട് ഒരു പ്രചാരണം ആരംഭിച്ചു. ഹിജാബ് ധരിയ്ക്കൂ എന്ന് സമൂഹമാധ്യമങ്ങളില്‍ തുടര്‍ച്ചയായി സന്ദേശങ്ങള്‍ വന്നു. ഹിജാബ് ധരിയ്ക്കണമെന്നത് ഏതാനും വിദ്യാര്‍ത്ഥികളില്‍ പെട്ടെന്ന് പൊട്ടിമുളച്ച ആഗ്രഹമല്ല. അത് വലിയൊരു ഗൂഢാലോചനയുടെ ഭാഗമാണ്. കുട്ടികള്‍ ആ ഉപദേശം അനുസരിച്ച് പ്രവര്‍ത്തിക്കുകയായിരുന്നു.”- തുഷാര്‍ മേത്ത സുപ്രീംകോടതിയില്‍ വിവരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: