വി. രവികുമാര്‍
കൊല്ലം: സ്വന്തം മകളായ കുഞ്ഞുസുധാമണിയെ മാറോടു ചേര്‍ത്തുപിടിച്ച് പൊട്ടിക്കരയുമായിരുന്നു ദമയന്തി. കാരണം നാട്ടുകാരുടെ പരിഹാസവും അധിക്ഷേപവും തന്നെ. കരുനാഗപ്പള്ളി താലൂക്കില്‍ പണ്ടാരത്ത് തുറയില്‍ കിണറ്റില്‍മൂട്ടില്‍ എന്ന തറവാട്ടിലാണ് ദമയന്തി ജനിച്ചത്. അച്ഛന്റെ പേര് പുണ്യന്. അമ്മ കറുത്ത കുഞ്ഞും. ഈശ്വരഭക്തയായിരുന്നു എക്കാലവും ദമയന്തിഅമ്മ. ഒമ്പതുമക്കളാണ് ദമയന്തിയമ്മയ്ക്ക്. രണ്ട് പേര് മരിച്ചുപോയി. കസ്തൂര്‍ബായി, സുധാമണി, സുഗുണമ്മ, സജനി, സുരേഷ്കുമാര്‍, സതീഷ്കുമാര്‍, സുധീര്‍കുമാര്‍ എന്നിവരാണ് മക്കള്‍. സുധാമണിയാണ് പിന്നീട് മാതാ അമൃതാനന്ദമയി ദേവിയായി തീര്‍ന്നത്.
സുധാമണിയുടെ ജനനദിവസം ദമയന്തിയമ്മ വാവിട്ടുകരഞ്ഞു. ജനിച്ചയുടനെ കുഞ്ഞ് കരഞ്ഞില്ല, പോരെങ്കില്‍ ഇളംനീല നിറവും. കുഞ്ഞ് മരിച്ചുപോകുമോ എന്ന ആധിയായിരുന്നു ഈ അമ്മയ്ക്ക്.ദമയന്തിയുടെ വ്രതങ്ങളും മറ്റ് ചിട്ടകളും തുറയിലാകെ പ്രസിദ്ധമാണ്. വെളുപ്പ് നിറം. ഇതെല്ലാം കൂടിയായപ്പോള്‍ തുറക്കാര് ദമയന്തിയമ്മയ്ക്കിട്ട പേര് പട്ടത്തിയമ്മ എന്നാണ്. പലരും അങ്ങനെയാണ് അമ്മയെ വിളിച്ചുപോന്നത്. കായല്‍പരപ്പിലേക്ക് കണ്ണുംനട്ട് നിശബ്ദമായി മണിക്കൂറുകളോളം ഇരിക്കുന്ന മകളെ കണ്ട് അമ്മയായ ദമയന്തി പൊട്ടിക്കരയുമായിരുന്നു. മകളുടെ കൃഷ്ണ കൃഷ്ണ വിളിച്ചുള്ള ഭക്തിയും ഭാവസമാധിയും നിര്‍ത്താന്‍ പലവട്ടം ഉപദേശിച്ചെങ്കിലും നിരാശയായിരുന്നു ഫലം. പട്ടിണിക്കിട്ട് തന്റെ വഴിയിലെത്തിക്കാന്‍ നോക്കിയിട്ടുണ്ട്. പക്ഷേ അവിടെയും ആ അമ്മ പരാജയപ്പെട്ടു.
ഒരുഘട്ടത്തില്‍ അത്ഭുതപ്പെടുത്തുന്ന ഓരോ സംഭവങ്ങള്‍ മകളില്‍ നിന്നും ഉണ്ടാകുന്നത് ഈ അമ്മ കാണാനിടയായി. ഇതോടെ മകളുടെ ഈശ്വരാംശത്തെ കുറിച്ചും ബോധ്യമായി. വളരുന്തോറും മകളുടെ ദിവ്യത്വം ദമയന്തി അമ്മ നേരിട്ടറിഞ്ഞു. അമൃതാനന്ദമയിയുടെ അത്ഭുതകഥകള്‍ പുറത്തേക്ക് പരക്കാന്‍ തുടങ്ങിയതോടെ വിശ്വാസികള്‍ക്കൊപ്പം സന്യാസതല്പരതയുമായി കുറെപേര് ശിഷ്യരായെത്തി. അവിടം വിട്ട് പോകാതെയുമായി. ഈ ചെറുപ്പക്കാരെ കാണുമ്പോള്‍ തന്നെ അച്ഛനായ സുഗുണാനന്ദന്‍ അവരെ ഓടിക്കാന്‍ ശ്രമിക്കും. അടുത്ത വീടുകളിലേക്ക് അവര്‍ പോയൊളിക്കും. ഇവര്‍ക്കുള്ള ഭക്ഷണം മാതൃവാത്സല്യത്തോടെ എത്തിച്ചുനല്‍കിയത് ഭര്‍ത്താവറിയാതെ ദമയന്തിയായിരുന്നു. മകളുടെ പ്രശസ്തിയൊന്നും ഈ അമ്മയ്ക്ക് ലഹരിയായിരുന്നില്ല. മകളെ അമ്മയെന്ന് വിളിച്ച് അമ്മയുടെ ആശ്രമത്തിന്റെ പരിസരങ്ങളില്‍ തന്നെ ജീവിച്ചുപോന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: