ബംഗളൂരു: ഡിസംബര്‍ മുതല്‍ സംസ്ഥാനത്തെ സ്കൂളുകളിലും കോളേജുകളിലും ധാര്‍മ്മിക വിദ്യാഭ്യാസ സിലബസിന്റെ ഭാഗമായി ഭഗവദ്ഗീത പഠിപ്പിക്കുമെന്ന് കര്‍ണാടക വിദ്യാഭ്യാസ മന്ത്രി ബി സി നാഗേഷ് വ്യക്തമാക്കി.നിയമസഭാ കൗണ്‍സിലിലെ ചോദ്യത്തിന് മറുപടിയായി ആണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. ‘ഈ അധ്യയന വര്‍ഷം മുതല്‍ സ്കൂളുകളില്‍ ഭഗവദ് ഗീത പഠിപ്പിക്കാനാണ് ലക്ഷ്യമിടുന്നത്. ഇത് ധാര്‍മിക വിദ്യാഭ്യാസത്തിന്റെ ഭാഗമായിരിക്കും. ഇതിനായി പ്രത്യേക സമിതി രൂപീകരിക്കുമെന്നും മന്ത്രി.
ഭഗവദ്ഗീത സ്കൂളുകളില്‍ പഠിപ്പിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ മടിക്കുന്നുണ്ടോയെന്ന് ബിജെപി എംഎല്‍എ എംകെ പ്രാണേഷ് ചോദിച്ചിരുന്നു. കര്‍ണാടകയില്‍ വിദ്യാര്‍ത്ഥികള്‍ക്ക് ഭഗവദ് ഗീത പഠിപ്പിക്കാന്‍ നിര്‍ദ്ദേശമില്ലെന്ന് സര്‍ക്കാര്‍ പറയുന്നു. ഭഗവദ് ഗീത പഠിപ്പിക്കാന്‍ സര്‍ക്കാരിന് മടിയാണോ? പ്രസ്താവനകള്‍ പുറപ്പെടുവിക്കുമ്പോള്‍ സര്‍ക്കാര്‍ കാണിച്ച താല്‍പ്പര്യം എന്തുകൊണ്ട് ഇപ്പോഴില്ലെന്നും പ്രാണേഷ് നിയമശഭയില് ചോദിച്ചിരുന്നു. ദേശീയ വിദ്യാഭ്യാസ നയം (എന്‍ഇപി) അനുസരിച്ച്, ഗുജറാത്ത് സംസ്ഥാനത്തിന്റെ മാതൃകയില്‍, വിദ്യാഭ്യാസ വിദഗ്ധരുമായി കൂടിയാലോചിച്ച ശേഷം കര്‍ണാടകയിലും ഭഗവദ്ഗീത അവതരിപ്പിക്കുമെന്ന് നാഗേഷ് നേരത്തെ വ്യക്തമാക്കിയിരുന്നു.
ധാര്‍മിക വിദ്യാഭ്യാസ വിഷയത്തിന്റെ ഭാഗമായി ഭഗവദ്ഗീത സിലബസില്‍ ഉള്‍പ്പെടുത്തുന്നത് തന്റെ സര്‍ക്കാരിന്റെ നിലപാടാണെന്ന് മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈയും പറഞ്ഞിരുന്നു. ഭഗവദ് ഗീതയില്‍ ‘മാനുഷിക മൂല്യങ്ങള്‍’ ഉണ്ടെന്നും ആ മൂല്യങ്ങളെക്കുറിച്ച് കുട്ടികള്‍ പഠിക്കേണ്ടതുണ്ടെന്നും വ്യവസായ മന്ത്രി മുരുഗേഷ് നിരാണിയും നേരത്തേ വ്യക്തമാക്കിയിരുന്നു. ഗുജറാത്ത് സര്‍ക്കാര്‍ സിലബസില്‍ ഭഗവദ്ഗീത ചേര്‍ക്കാന്‍ തീരുമാനമെടുത്തിട്ടുണ്ട്, കുട്ടികള്‍ക്ക് ഭഗവദ്ഗീത പരിചയപ്പെടുത്താന്‍ കര്‍ണാടകയിലും തീരുമാനമെടുക്കണമെന്നും അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: