വാരാണസി: മുസ്ലീം കുടുംബങ്ങളില്‍ ജനിച്ചു വളര്‍ന്ന കിയാമാ ദിന് ഖലീഫയും കേശ ഖലീഫയും ഹൈന്ദവാചാര പ്രകാരം വിവാഹിതരായി. ഉത്തര്‍പ്രദേശിലെ ജൗന്‍പൂര്‍ ജില്ലയില്‍ ത്രിലോചന്‍ മഹാദേവ ക്ഷേത്രത്തില്‍ വച്ച് ശനിയാഴ്ചയായിരുന്നു വിവാഹ ചടങ്ങുകള്‍.
കിയാമ ദിന് ഖലീഫയും കേശ ഖലീഫയും 18 വര്‍ഷങ്ങളായി സുഹൃത്തുക്കളാണ്. ഹിന്ദു വധൂവരന്മാരെ പോലെ വേഷം ധരിച്ചെത്തിയ കിയാമയും കേശയും വേദമന്ത്രങ്ങളുടെ പശ്ചാത്തലത്തില്‍ അഗ്നിസാക്ഷിയായി പരസ്പരം വരണമാല്യങ്ങള്‍ അണിയിച്ചു. അന്യദൈവ സങ്കല്‍പ്പങ്ങളെ നഖശിഖാന്തം എതിര്‍ക്കുന്ന ഒരു മതത്തില്‍ ജനിച്ചു വളര്‍ന്ന രണ്ടുപേരുടെ ഈ വിവാഹം കൗതുക കാഴ്ചയായി. അപൂര്‍വ്വമായ ഈ വിവാഹത്തിന്റെ വീഡിയോ ഇപ്പോള്‍ സോഷ്യല്‍ മീഡിയകളില്‍ വൈറലായിരിയ്ക്കുകയാണ്.
“ഹിന്ദു ആചാരമനുസരിച്ച് വിവാഹം കഴിയ്ക്കണമെന്നുള്ള ഞങ്ങളുടെ ആഗ്രഹം സാധിപ്പിച്ചു തന്ന പുരോഹിതനും, മറ്റെല്ലാവര്‍ക്കും നന്ദി” വിവാഹശേഷം കിയാമ മാധ്യമങ്ങളോട് പറഞ്ഞു.
അഞ്ചു വര്‍ഷങ്ങള്‍ക്കു മുമ്പ് വാരാണസിയിലേയ്ക്കുള്ള ഒരു ആത്മീയ യാത്രയില്‍ വച്ചാണ് ഹിന്ദു സംസ്കാരത്തോടുള്ള ആകര്‍ഷണം തുടങ്ങിയതെന്ന് ദമ്പതികള്‍ പറഞ്ഞു. “കഴിഞ്ഞ വാരാണസി യാത്ര ഞങ്ങളെ ബുദ്ധിമുട്ടിച്ചു. എങ്കിലും ഞങ്ങള്‍ ഇങ്ങനെ വിവാഹിതരാവുമെന്ന് കരുതിയിരുന്നില്ല”. ഇത്തവണത്തെ വാരണാസി യാത്ര പ്ലാന്‍ ചെയ്യുന്നതിനിടയില്‍ കുറച്ചു ദിവസങ്ങള്‍ക്കു മുമ്പ് മാത്രമാണ് ഇവിടെ വച്ച് വിവാഹിതരാവുന്നതിനെ കുറിച്ച് ചിന്തിച്ചത്. എന്റെ ഗേള്‍ഫ്രണ്ട് അതുടനെ സമ്മതിയ്ക്കുകയും ചെയ്തു” കിയാമ പറഞ്ഞു.
വാരാണസിയില്‍ വച്ച് അവര്‍ തങ്ങളുടെ ഈ ആഗ്രഹം ഗൈഡ് രാഹുല്‍ കുമാറിനോട് പങ്കു വച്ചു. രാഹുല്‍ അത് സഫലമാക്കാന്‍ വേണ്ട ഒത്താശകള്‍ ചെയ്തു കൊടുത്തു. “ദിവസേന നിരവധി വിദേശ ടൂറിസ്റ്റുകളെ ഞങ്ങള്‍ കാണുന്നുണ്ട്. എന്നാല്‍ ഇവര്‍ ഹിന്ദു ആചാരങ്ങള്‍ അനുസരിച്ച് വൈദിക ചടങ്ങുകളോടെ വിവാഹിതരാവാന്‍ ശരിയ്ക്കും ആഗ്രഹിയ്ക്കുന്നു എന്ന് കേട്ടപ്പോള്‍ ഞാന്‍ അവരെ സഹായിയ്ക്കാന്‍ തീരുമാനിച്ചു.” രാഹുല്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: