ഗ്വാളിയോര്‍: നമീബിയയില്‍ നിന്ന് കുനോ ദേശീയോദ്യാനത്തിലെത്തി നിരീക്ഷണത്തില്‍ കഴിയുന്ന ചീറ്റകള്‍ക്ക് ഭക്ഷണം നല്കി. രാജ്യത്തെത്തിച്ചതിന് ശേഷം ആദ്യമായാണ് ഇവര്‍ക്ക് ആഹാരം നല്‍കിയത്. എട്ടുപേരും വളരെ കൗതുകത്തോടെ അവരുടെ പുതിയ വാസസ്ഥലത്ത് ചുറ്റിക്കറങ്ങുകയാണെന്ന് ഇവരെ നിരീക്ഷിക്കുന്ന കുനോ ദേശീയോദ്യാനത്തിലെ അധികൃതര്‍ പറഞ്ഞു.
സഹോദരന്മാരായ ഫ്രെഡ്ഡിയും ആള്‍ട്ടണും കളിച്ചു രസിക്കുന്നു. സവന്നയും സാഹയും ചുറുചുറുക്കോടെ മിടുക്കികുട്ടികളായിരിക്കുന്നു. ഒബാന്, ആശ, സിബിലി, സൈസ എന്നിവരും ഉത്സാഹത്തോടെയാണ് പുതിയ വാസസ്ഥലത്ത് കറങ്ങുന്നത്. അവര്‍ കൂട്ടിച്ചേര്‍ത്തു. ഞായറാഴ്ച വൈകിട്ടാണ് ഇവര്‍ക്ക് ഭക്ഷണം നല്‍കിയത്. ഓരോരുത്തര്‍ക്കും രണ്ടു കിലോ പോത്തിറച്ചി വീതം. ഏഴുപേരും മുഴുവന്‍ കഴിച്ചു. ഒരാള്‍ മാത്രം കുറച്ചേ കഴിച്ചുള്ളു. എന്നാല്‍ അതില്‍ ആശങ്കപ്പെടാനില്ലെന്ന് അധികൃതര്‍ അറിയിച്ചു. ആഹാര ശേഷവും എല്ലാവരും ഉന്മേഷത്തോടെയാണിരിക്കുന്നതെന്നും അവര്‍ വ്യക്തമാക്കി.
ഫ്രെഡ്ഡിയും ആള്‍ട്ടണും ഓടിക്കളിക്കുകയാണ്. ഇടയ്ക്കിടയ്ക്ക് വെള്ളവും കുടിക്കുന്നുണ്ട്. മൂന്ന് ദിവസം കൂടുമ്പോള്‍ ഇവ ആഹാരം കഴിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. നമീബിയയില്‍ നിന്നു തന്നെ എല്ലാവര്ക്കും പേര് ലഭിച്ചിരുന്നു. അത് മാറ്റാന്‍ ഇപ്പോള്‍ തീരുമാനമൊന്നും എടുത്തിട്ടില്ല. ശനിയാഴ്ച ഇവരെ തുറന്നു വിട്ടപ്പോഴുണ്ടായിരുന്ന മടിച്ചു നില്‍പ്പും പരിഭ്രമവും ഇപ്പോളില്ലെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. മൃഗ ഡോക്ടര്‍മാരും ഇന്ത്യയിലെയും നമീബിയയിലെയും വിദഗ്ധരും ഇവരെ നിരീക്ഷിക്കുകയാണ്. ഒരു മാസം ക്വാറന്റൈന് കാലഘട്ടം. അതുകഴിഞ്ഞ് തുറന്ന മേടുകളിലേക്ക് ഇവരെ വിടുമെന്നും അധികൃതര്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: