Categories: India

ഹിജാബ് കത്തിച്ചും തലമുടി മുറിച്ചും ഇറാനില്‍ ഹിജാബിനെതിരെ സ്ത്രീകളുടെ പ്രതിഷേധം കത്തുന്നു; മഹ്സ അമിനി കൊല്ലപ്പെട്ട ശേഷം പ്രതിഷേധം കടുത്തു

തലമുടി മറിച്ചും ഹിജാബ് കത്തിച്ചുമുള്ള നൂറുകണക്കിന് സ്ത്രീകളുടെ ഹിജാബിനെതിരായ പ്രതിഷേധം ഇറാനില്‍ വ്യാപിക്കുന്നു.

Published by

ടെഹ്റാന്‍:  തലമുടി മറിച്ചും ഹിജാബ് കത്തിച്ചുമുള്ള നൂറുകണക്കിന് സ്ത്രീകളുടെ ഹിജാബിനെതിരായ പ്രതിഷേധം ഇറാനില്‍ വ്യാപിക്കുന്നു.  

ഹിജാബ് ധരിച്ചില്ലെന്ന കുറ്റത്തിന്റെ പേരില്‍ ഇറാനിലെ സദാചാരപ്പൊലീസിന്റെ  പീഡനത്തില്‍ കഴിഞ്ഞ ദിവസം മഹ്സ അമിനി എന്ന 22 കാരി മരണപ്പെട്ടതോടെയാണ് ഇറാനില്‍ ഹിജാബിനെതിരെ പ്രതിഷേധവുമായി സ്ത്രീകള്‍ രംഗത്തിറങ്ങുന്നത്. നൂറുകണക്കിന് സ്ത്രീകളാണ് തലമുടി മറിച്ചും ഹിജാബ് കത്തിച്ചും പ്രതിഷേധിക്കുന്നത്.  

ഇറാനിലെ മാധ്യമപ്രവര്‍ത്തക മാസി അലിനെജാദ് സ്ത്രീകളുടെ പ്രതിഷേധം ട്വിറ്ററില്‍ പങ്കുവെച്ചു.  “ഏഴ് വയസ്സ് മുതല്‍ മുടി മറച്ചില്ലെങ്കില്‍ സ്കൂളില്‍ പോകാനോ ജോലി നേടാനോ കഴിയില്ല. ഈ സ്ത്രീകള്‍ക്ക് നേരെയുള്ള വര്‍ണ്ണവിവേചനത്തില്‍ മടുത്തു” – ട്വീറ്റിനൊപ്പം പങ്കുവെച്ച കുറിപ്പില്‍ മാസി അലിനെജാദ് പറയുന്നു. 

ഹിജാബിനെതിരെ സ്ത്രീകള്‍  പ്രതിഷേധിക്കുന്ന മറ്റൊരു വീഡിയോയും ഇറാനിലെ മാധ്യമപ്രവര്‍ത്തക മാസി അലിനെജാദ് പങ്കുവെച്ചിട്ടുണ്ട്. ഇറാനിനെ ഏകാധിപത്യ ഭരണം തുലയട്ടെട എന്നും പ്രതിഷേധക്കാര്‍ മുദ്രാവാക്യം വിളിക്കുന്നത് കാണാം.  

ഹിജാബ് ധരിച്ച് മുഖം മറയ്‌ക്കണമെന്ന ഇറാനിലെ നിര്‍ബന്ധിത നിയമത്തിനെതിരെയാണ് സ്ത്രീകള്‍ ആഞ്ഞടിക്കകയാണ്. അടിസ്ഥാന അവകാശങ്ങള്‍ ആവശ്യപ്പെട്ടുകൊണ്ടാണ് സ്ത്രീകളുടെ പ്രതിഷേധം. ഹിജാബ് ധരിയ്‌ക്കണമെന്നത് നിര്‍ബന്ധമാക്കുന്നത് ലിംഗപരമായി സ്ത്രീകളുടെ മേല്‍ അടിച്ചേല്‍പ്പിക്കപ്പെട്ട വര്‍ണ്ണവിവേചനമാണെന്നും സ്ത്രീകള്‍ ആരോപിച്ചു.  

1979 മുതല്‍ ഹിജാബ് നീക്കുക എന്നത് ഇറാനില്‍ ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇറാനിലെ മുസ്ലിങ്ങള്‍ക്ക് മാത്രമല്ല, എല്ലാ രാജ്യങ്ങളില്‍ നിന്നുമുള്ള സ്ത്രീകള്‍ ഹിജാബ് ധരിക്കണമെന്നതാണ് ഇറാനിലെ നിയമം. അവര്‍ മുടിയും കഴുത്തും ഹിജാബുകൊണ്ട് മറയ്‌ക്കണം.  

കഴിഞ്ഞ ദിവസം ഇറാന്‍ സന്ദര്‍ശിച്ച മഹ്സ അമിനി എന്ന 22കാരിക്കാണ് ദുര്യോഗമുണ്ടായത്. ഹിജാബ് ധരിക്കാത്തതിനാല്‍ മഹ്സ അമിനിയെ ഇറാനിലെ സദാചാര പൊലീസ് അറസ്റ്റ് ചെയ്തു. പിന്നീട് പൊലീസ് കസ്റ്റഡിയില്‍ ഇവര്‍ക്ക് ഹൃദയാഘാതം ഉണ്ടായി. പിന്നീട് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ഇവര്‍ക്ക് അറസ്റ്റിന് മുന്‍പ് ഹൃദ്രോഗസംബന്ധമായ അസുഖമൊന്നും ഇല്ലായിരുന്നുവെന്ന് അമിനിയുടെ കുടുംബം പറയുന്നു. പൊലീസ് ബലംപ്രയോഗിച്ച് ഇവരെ വാനിലേക്ക് പിടിച്ചുതള്ളുകയായിരുന്നുവെന്ന് സഹോദരന്‍ കിയാറഷ് പറയുന്നു. മാനസികാഘാതം മൂലമാണ് ഹൃദയാഘാതമുണ്ടായതെന്നും കുടുംബം ആരോപിക്കുന്നു. മഹ്സ അമിനിയുടെ കസ്റ്റഡി മരണത്തിന് ശേഷമാണ് ഇറാനില്‍ ഹിജാബിനെതിരായ സമരം പടര്‍ന്നുപിടിക്കുന്നത്. 

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക