കോഴിക്കോട്: 72 മണിക്കൂര്‍ ജോലിയിലായിരിക്കണം, 48 മണിക്കൂറിന്റെ ശമ്പളം കണക്കില്‍, പണമായി ഒന്നും കിട്ടില്ല, പക്ഷേ മിണ്ടിപ്പോകരുത്! പറയുന്നത് സിഐടിയു സംസ്ഥാന ജനറല്‍ സെക്രട്ടറി. ജോലി എട്ടുമണിക്കൂറായി നിശ്ചയിക്കാനും അര്‍ഹമായ വേതനത്തിനും സമരം നടത്തിയ ‘മെയ്ദിനക്കഥ’ പറയുന്നവരുടേതാണ് ഈ വാദം. സിഐടിയു ജനറല്‍ സെക്രട്ടറി എളമരം കരിം, സിപിഎം മുഖപത്രമായ ‘ദേശാഭിമാനി’യില്‍ കെഎസ്ആര്‍ടിസിയെ രക്ഷിക്കാനെന്ന വ്യാജത്തിലാണ് തൊഴിലാളി വിരുദ്ധമായി ‘പിണറായിനയം’ ഒളിച്ചുകടത്തുന്നത്.
കെഎസ്ഇബിയിലെ സിഐടിയു യൂണിയന്റെ തൊഴിലാളിസര്‍വാധിപത്യം അവസാനിപ്പിച്ച പിണറായിയുടെ പുതിയ നയം കെഎസ്ആര്‍ടിസിയിലും നടപ്പാക്കി, തൊഴിലാളികളുടെ അവകാശങ്ങളെല്ലാം ഹനിക്കുന്നതിന് സര്‍ക്കാരിനൊപ്പം നില്‍ക്കുന്നതാണ് എളമരം കരിമിന്റെ നിലപാടെന്നാണ് വിമര്‍ശനങ്ങള്‍.
കെഎസ്ആര്‍ടിസിയുടെ സര്‍വനാശത്തിന് കാരണം യുഡിഎഫ് ഭരണകാലത്തെ നയവൈകല്യവും ഇന്ധന വിലവര്‍ദ്ധനവുമാണെന്നാണ് സിഐടിയു നേതാവിന്റെ കുറ്റപ്പെടുത്തല്‍. 2016 മുതല്‍ കെഎസ്ആര്‍ടിസിയെ രക്ഷിക്കാന്‍ പിണറായി സര്‍ക്കാര്‍ പലതും ചെയ്യുന്നുവെന്നും പക്ഷേ മാധ്യമങ്ങളും എതിര്‍പാര്‍ട്ടികളും അതില്‍ കുപ്രചാരണം നടത്തുന്നുവെന്നും കരിം ആരോപിക്കുന്നു.
കോര്‍പ്പറേഷനില്‍ ആഴ്ചയില്‍ 72 മണിക്കൂര്‍ ഡ്യൂട്ടിയും ദിവസേന 12 മണിക്കൂര്‍ ഡ്യൂട്ടിയും നിര്‍ബന്ധമാക്കുന്ന പരിഷ്കാരം നടപ്പാക്കാന്‍ കോര്‍പ്പറേഷന്റെയും സര്‍ക്കാരിന്റെയും വക്താവാകുകയാണ് തൊഴിലാളിയൂണിയന്‍ നേതാവ്. ഇപ്പോഴത്തെ ‘ഡബിള്‍ ഡ്യൂട്ടി’ സംവിധാനം നിര്‍ത്തി ‘സിംഗിള്‍ ഡ്യൂട്ടി’ ആക്കുന്നതിനെ ന്യായീകരിക്കുകയാണ് സിഐടിയു ജനറല്‍ സെക്രട്ടറി. ഈ ശിപാര്‍ശ കോര്‍പ്പറേഷനെ രക്ഷിക്കാന്‍ ആറുവര്‍ഷം മുമ്പ് ഡോ. സുശീല്‍ ഖന്ന കൊടുത്ത പഠന റിപ്പോര്‍ട്ടിലുണ്ടെന്നാണ് വാദം. എന്നാല്‍, ഖന്ന റിപ്പോര്‍ട്ടിലെ മറ്റുപല ശിപാര്‍ശകളും അവഗണിക്കുന്നുമുണ്ട്.
ഡബിള്‍ ഡ്യൂട്ടി പ്രകാരം 16 മണിക്കൂര്‍ ജോലി ചെയ്താല്‍ കണ്ടക്ടര്‍ക്കും ഡ്രൈവര്‍ക്കും തുടര്‍ച്ചയായി അടുത്ത ദിവസം അവധിയാണ്. ഇത് കോര്‍പ്പറേഷന്റെ ഉല്‍പ്പാദനക്ഷമതയെ ബാധിക്കുമെന്നതിനാല്‍ നാലുമണിക്കൂര്‍ ജോലി, നാലുമണിക്കൂര്‍ വിശ്രമം, അടുത്ത നാലുമണിക്കൂര്‍ ജോലി എന്ന കണക്കില്‍ ‘സിംഗിള്‍ഡ്യൂട്ടി’യാണ് നല്ലതെന്നാണ് വാദം. അതായത്, 12 മണിക്കൂള്‍ ജീവനക്കാരന് ഡ്യൂട്ടിയില്‍ ഉണ്ടാവും, പക്ഷേ എട്ടുമണിക്കൂറേ ജോലിചെയ്തതായി അംഗീകരിക്കൂ, ശമ്പളം കൊടുക്കൂ, മാസങ്ങളായി ശമ്പളം മുടങ്ങുന്ന സ്ഥാപനത്തിലാണ് ഈ പരിഷ്കാരം പറയുന്നത്.
1961 ലെ മോട്ടോര്‍ ട്രാന്‍സ്പോര്‍ട്ട് വര്‍ക്കേഴ്സ് ആക്ടില്‍ അങ്ങനെയാണ് വ്യവസ്ഥയെന്നും അതാണ് സ്വകാര്യ സ്ഥാപനങ്ങളിലെ ഡ്രൈവര്‍, ക്ലീനര്‍മാരുടെ വേതന വ്യവസ്ഥയെന്നും കരിം വാദിക്കുന്നു. കര്‍ണാടക, തമിഴ്നാട്, തെലങ്കാന തുടങ്ങിയ സംസ്ഥാനങ്ങളില്‍ ഈ സിംഗിള്‍ ഡ്യൂട്ടി സംവിധാനമാണെന്നും ലേഖനത്തില്‍ എഴുതുന്നു.
ഈ സംവിധാനം ഒന്നാം പിണറായി സര്‍ക്കാര്‍ പരീക്ഷിച്ചപ്പോള്‍ വരുമാനം കുറഞ്ഞതിനെ തുടര്‍ന്ന് പിന്‍വലിച്ചതാണ്. അന്ന് ടോമിന് തച്ചങ്കരിയായിരുന്നു കോര്പ്പറേഷന് എംഡി. 1961 ലെ ആക്ടിലെ വ്യവസ്ഥ അംഗീകരിക്കാന്‍ തയാറെന്ന് കെഎസ്ആര്‍ടിസി ജീവനക്കാന് ശമ്പള പരിഷ്കരണകാലത്ത് സമ്മതിച്ചിരുന്നതായും കരിം വിശദീകരിക്കുന്നു.
ഇപ്പോള്‍ എട്ടുമണിക്കൂര്‍ തൊഴില്‍ സമയം 12 മണിക്കൂറാക്കാന്‍ സര്‍ക്കാരിനും കോര്‍പ്പറേഷനുമൊപ്പംനിന്ന് സിഐടിയു സംസ്ഥാന ജനറല്‍ സെക്രട്ടറി വാദിക്കുമ്പോള്‍ മെയ് ദിനത്തിന് അഭിവാദ്യം അര്‍പ്പിച്ച് മുദ്രാവാക്യം വിളിച്ച തൊഴിലാളികള്‍ അമ്പരന്ന് നില്‍ക്കുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: