ഭാരതത്തിന്റെ സാമ്പത്തിക മുന്നേറ്റത്തില്‍ ഒരു നാഴികക്കല്ലായി മാറാവുന്ന വിഴിഞ്ഞം പദ്ധതി തടസ്സപ്പെടുത്തുവാനുള്ള ക്രൈസ്തവ സഭാനേതൃത്വത്തിന്റെ ശ്രമം ദുരുദ്ദേശപരമാണ്. രാജ്യതാല്‍പ്പര്യവും ജനതാല്‍പ്പര്യവും മുന്‍നിര്‍ത്തി സഭാ നേതൃത്വം യാഥാര്‍ത്ഥ്യബോധത്തോടെ നിലപാടു സ്വീകരിക്കുകയാണ് വേണ്ടത്. ഉദ്ദേശം 7500 കോടി മുതല്‍ മുടക്കി പിപിപി പദ്ധതിയായി 2015ലാണ് വിഴിഞ്ഞം തുറമുഖ പദ്ധതി ആരംഭിക്കുന്നത്. പദ്ധതി ആരംഭിക്കുന്നതിനു മുമ്പ് 360 ഏക്കര്‍ കടലില്‍നിന്നും നികത്തിയെടുക്കുന്നതിനും, തീരദേശ നിയമത്തില്‍ പദ്ധതിക്ക് ഇളവുനല്‍കുന്നതിനും, പദ്ധതിക്ക് പരിസ്ഥിതി ക്ലിയറന്‍സ് നല്‍കുന്നതിനും എതിരെ ശബ്ദിച്ച പരിസ്ഥിതി പ്രവര്‍ത്തകരില്‍ ഒരാളാണ് ഞാനും.
പദ്ധതിക്ക് പരിസ്ഥിതി ക്ലിയറന്‍സ് ലഭിക്കുന്നത് 2014 ലാണ്. അതിനെതിരെ ഒട്ടനവധി പരാതികള്‍, ഹര്‍ജികള്‍ സുപ്രീംകോടതിയിലെത്തിയതാണ്. 2016 ല്‍ എല്ലാ പരാതികളും ഹര്‍ജികളും നാഷണല്‍ ഹരിത ട്രിബ്യൂണല്‍ (എന്‍ജിടി) കേള്‍ക്കാന്‍ സുപ്രീംകോടതി ഉത്തരവായി. എന്‍ജിടി നിയോഗിച്ച പഠന സംഘം വിഴിഞ്ഞം തുറമുഖ പദ്ധതിയ്ക്കനുകൂലമായി കേന്ദ്ര പരിസ്ഥിതി മന്ത്രാലയം നല്കിയ പരിസ്ഥിതി ക്ലിയറന്‍സും, തീരദേശ സംരക്ഷണ നിയമ ഇളവുകളും റദ്ദാക്കാന്‍ വിസമ്മതിച്ചു. വിഴിഞ്ഞം തുറമുഖത്തിന് പ്രകൃതിദത്തമായി 22 മീറ്റര്‍ ആഴക്കടലുണ്ടെന്നും, വെറും 18 കി.മീ അകലെമാത്രമാണ് കടലില്‍ അന്താരാഷ്ട്ര കപ്പല്‍ ചാനല്‍ കടന്നുപോകുന്നതെന്നും, രാജ്യത്തിന്റെ സാമ്പത്തിക വളര്‍ച്ചയും പരിസ്ഥിതി പ്രശ്നങ്ങളും ഒരുപോലെ പരിഗണിക്കപ്പെടേണ്ടതാണെന്നും എന്‍ജിടി വിലയിരുത്തി. ഇതിനെതിരെ സുപ്രീംകോടതിയില്‍ കേരള സര്‍ക്കാര്‍ നല്കിയ അപ്പീല്‍ കോടതി തള്ളിക്കളയുകയും ചെയ്തിട്ടുള്ളതാണ്. സുപ്രീംകോടതി വിധിയെ മാനിച്ച് പരിസ്ഥിതി പ്രവര്‍ത്തകര്‍ രാജ്യതാല്‍പ്പര്യത്തിനൊപ്പം നില്ക്കുകയാണുണ്ടായത്.
ഇന്ന് വിഴിഞ്ഞം തുറമുഖ പദ്ധതിയുടെ 60 ശതമാനം പണിതീര്‍ന്നിരിക്കുന്നു. ഈ പദ്ധതി ദുബായ്, സിംഗപ്പൂര്‍, ശ്രീലങ്ക തുടങ്ങിയ രാജ്യങ്ങളിലെ തുറമുഖങ്ങള്‍ക്ക് തിരിച്ചടിയായി തീരുമെന്ന് ലോകം ചര്‍ച്ച ചെയ്യുന്നു. ഈ തുറമുഖം വഴി സംസ്ഥാനത്തിനും രാജ്യത്തിനും വലിയ സാമ്പത്തിക നേട്ടം കൈവരിക്കാനാകുമെന്നും വിദഗ്ദ്ധര്‍ ചൂണ്ടിക്കാണിക്കുന്നു. ഈ സാഹചര്യത്തിലാണ് ലത്തീന്‍ സഭാനേതൃത്വവും കെസിബിസിയും പദ്ധതി തീരശോഷണത്തിന് ഇടയാക്കുമെന്നും മത്സ്യബന്ധനത്തിന് പ്രശ്നങ്ങള്‍ സൃഷ്ടിക്കുമെന്നും വാദിക്കുന്നത്.
വിഴിഞ്ഞം തുറമുഖ പണി നിര്‍ത്തിവയ്ക്കുക, പുനരധിവാസ പാക്കേജ് നടപ്പാക്കുക, കടല്‍ശോഷണം തടയാന്‍ നടപടി സ്വീകരിക്കുക, കടല്‍ അപകടങ്ങളില്‍പ്പെടുന്ന മത്സ്യത്തൊഴിലാളികള്‍ക്ക് ലഭിക്കേണ്ട നഷ്ടപരിഹാരം നല്‍കുന്നത് വേഗത്തിലാക്കുക, മണ്ണെണ്ണ സബ്സിഡി ലഭ്യമാക്കുക, മുതലപ്പൊഴി ഡ്രഡ്ജിങ് പ്രശ്നത്തിന് പരിഹാരം കാണുക, പ്രകൃതി ക്ഷോഭം മൂലം കടലില്‍ പോകാന്‍ പറ്റാത്ത ദിനങ്ങളില്‍ മിനിമം വേതനം ഉറപ്പാക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് സമരം. കേരള സര്‍ക്കാരുമായുള്ള ചര്‍ച്ചയില്‍ സമരക്കാരുടെ അഞ്ച് ആവശ്യങ്ങളും അംഗീകരിച്ചിട്ടുണ്ട്. മണ്ണെണ്ണ സബ്സിഡി കേന്ദ്രമാണ് തീരുമാനിക്കേണ്ടത്.
അറുപത് ശതമാനത്തിലധികം പണി പിന്നിട്ട തുറമുഖനിര്‍മാണം നിര്‍ത്തിവയ്ക്കണമെന്ന ആവശ്യം കേരള സര്‍ക്കാര്‍ തള്ളിക്കളഞ്ഞു. തുറമുഖം സ്തംഭിപ്പിക്കുന്ന സമരം നിയമവിരുദ്ധമാണെന്ന് ഹൈക്കോടതിയും പറഞ്ഞു. ഇനിയും സമരവുമായി മുന്നോട്ടു പോകുന്ന സഭാനേതൃത്വത്തിന്റെ നിലപാട് നിരുത്തരവാദപരവും, രാജ്യവികസനത്തിന് തുരങ്കം വയ്ക്കുന്നതുമാണ്. തുറമുഖ നിര്‍മാണത്തിന് തടസ്സം സൃഷ്ടിക്കരുതെന്ന കോടതി നിലപാടിനെതിരെ പള്ളികള്‍ വഴി ആളെക്കൂട്ടി കേരളമാകെ പ്രശ്നം സൃഷ്ടിക്കുകയാണ് ലത്തീന്‍സഭയും കെസിബിസിയും. ഇത് പ്രതിഷേധാര്‍ഹമാണ്. രാജ്യത്തെ കോടതികളെയും നിയമത്തെയും വികസനത്തെയും വെല്ലുവിളിക്കുകയും എതിര്‍ക്കുകയും ചെയ്യുന്ന നിലപാടുമായി സഭാ നേതൃത്വം മുന്നോട്ടു പോകുന്നത് രാജ്യദ്രോഹപരമാണ്.
ശാസ്ത്രീയമായി പഠനങ്ങള്‍ നടത്തി പ്രൊഫ. ഗാഡ്ഗില്‍ കമ്മിറ്റി പശ്ചിമഘട്ട സംരക്ഷണത്തിനായി മുന്നോട്ടുവച്ച റിപ്പോര്‍ട്ട് നാട്ടില്‍ അരാജകത്വം സൃഷ്ടിച്ച് തള്ളിയതിന് പിന്നിലും, സുപ്രീംകോടതി വിധിയനുസരിച്ച് സംരക്ഷിത മേഖലകള്‍ക്ക് ചുറ്റും ഒരു കി.മീ. ബഫര്‍സോണ്‍ വിടണം എന്ന കേന്ദ്രസര്‍ക്കാര്‍ നയത്തിനെതിരെയും പ്രവര്‍ത്തിക്കുന്നതില്‍ നിന്ന് വളരെയൊന്നും വ്യത്യസ്തമല്ല വിഴിഞ്ഞം പദ്ധതിക്കെതിരെ പ്രവര്‍ത്തിക്കുന്നതും.
തീരശോഷണമാണ് സമരക്കാരുടെ പ്രശ്നം എങ്കില്‍ എന്തുകൊണ്ട് കൊല്ലം ജില്ലയിലെ ചവറയ്ക്കടുത്ത പൊന്മന ഗ്രാമം, കോവില്‍ത്തോട്ടം, വെള്ളനാം തുരുത്ത് എന്നിവ കരിമണല്‍ ഖനനം മൂലം കടല്‍ വിഴുങ്ങിയപ്പോള്‍ ഒന്നും മിണ്ടാതിരുന്നത്? 7200 ഹെക്ടര്‍ കടല്‍ തീരത്തെ വീടുകളും സ്ഥാപനങ്ങളും പാടശേഖരങ്ങളും കടല്‍ എടുത്തതുകൊണ്ട് കരമടയ്ക്കേണ്ട എന്ന് 1990 ല്‍ റവന്യൂ വകുപ്പ് ഉത്തരവിറക്കിയിരുന്നു. പരിസ്ഥിതി ലോല പ്രദേശമായ ആലപ്പുഴയുടെ വലിയഴീക്കല്‍, തോട്ടപ്പിള്ളി ഹാര്‍ബര്‍ വികസനമെന്ന പേരില്‍ കരിമണല്‍ ഖനനം ആരംഭിച്ചിട്ട് ഒമ്പത് വര്‍ഷങ്ങളായി. 456 കുടുംബങ്ങള്‍ തീരശോഷണം മൂലം പലായനം ചെയ്തു കഴിഞ്ഞു. സഭാ നേതൃത്വത്തിന് ഇതൊന്നും കാണാന്‍ കഴിയാത്തത് എന്തുകൊണ്ടാണ്? ഈ സാഹചര്യത്തിലാണ് വിഴിഞ്ഞം സമരക്കാര്‍ക്ക് പുറകില്‍ ഭാരത വിരുദ്ധ പ്രതിലോമ ശക്തികള്‍ ഉണ്ടാകാമെന്ന വാദം ശക്തിപ്രാപിക്കുന്നത്. ഭൂരിഭാഗം ആവശ്യങ്ങളും സര്‍ക്കാര്‍ അംഗീകരിച്ചിട്ടും സമരവുമായി മുന്നോട്ടുപോകുന്നത് രാജ്യത്തോടുള്ള വെല്ലുവിളിയാണ്, വികസനമുന്നേറ്റത്തെ തടയുന്നതുമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: