തിരുവനന്തപുരം: സര്‍ക്കാരും സിപിഎമ്മും കടന്നാക്രമിച്ചതോടെ അസാധാരണ നടപടിയുമായി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ്ഖാന്. സര്‍ക്കാരിന്റെ അനധികൃത ഇടപെടലുകളുടെ രേഖകള്‍ പുറത്തുവിടാന്‍ നാളെ ഗവര്‍ണര്‍ വാര്‍ത്താസമ്മേളനം നടത്തും. കണ്ണൂര്‍ ചരിത്രകോണ്‍ഗ്രസ്സില്‍ നടന്ന അക്രമങ്ങളുടെ ദൃശ്യങ്ങള്‍ പുറത്തുവിടും. ഒപ്പം സര്‍ക്കാര്‍ നടത്തിയ നിയമവിരുദ്ധ പ്രവര്‍ത്തനങ്ങളുടെ രേഖകളും പുറത്തുവിടുമെന്നു സൂചന.
രാവിലെ 11.45ന് രാജ്ഭവനിലാണ് വാര്‍ത്താസമ്മേളനം വിളിച്ചിട്ടുള്ളത്. ചില വീഡിയോ ദൃശ്യങ്ങളും രേഖകളും പുറത്തുവിടുമെന്ന് രാജ്ഭവന് ഔദ്യോഗികമായി അറിയിച്ചിട്ടുണ്ട്. ചരിത്രകോണ്‍ഗ്രസ്സില്‍ ഉണ്ടായ ആക്രമണത്തിന്റെയും ഗൂഢാലോചനയുടെയും വീഡിയോ ദൃശ്യങ്ങളാണ് പുറത്തുവിടുക. കൂടാതെ സര്‍വകലാശാല നിയമനങ്ങളില്‍ രാഷ്ട്രീയ ഇടപെടലുകള്‍ ഉണ്ടാകില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയനും ഉന്നത വിദ്യാഭ്യാസമന്ത്രി ആര്. ബിന്ദുവും ഗവര്‍ണര്‍ക്ക് എഴുതി നല്കിയ കത്തും പുറത്തുവിടും.
അതിനൊപ്പം സര്‍ക്കാര്‍ നടത്തിയ അനധികൃത ഇടപടലുകളുടെ രേഖകളും പുറത്തുവിടുമെന്നാണ് സൂചന. സര്‍ക്കാരിനെതിരെ രേഖകള്‍ പുറത്ത് വിടാനായി രാജ്ഭവനില്‍ ഗവര്‍ണര്‍ വാര്‍ത്താസമ്മേളനം വിളിക്കുന്നത് അസാധാരണമാണ്. സര്‍ക്കാരിനെതിരെയുള്ള രേഖകള്‍ പുറത്തുവിടുമെന്ന് ഇന്നലെ രാവിലെ വിമാനത്താവളത്തിലെത്തിയ ഗവര്‍ണര്‍ മാധ്യമങ്ങളോട് പറഞ്ഞിരുന്നു. വൈകിട്ടോടെയാണ് വാര്‍ത്താ സമ്മേളനത്തിന്റെ ഔദ്യോഗിക അറിയിപ്പ് രാജ്ഭവനില്‍ നിന്നും നല്‍കിയത്.
സര്‍വകലാശാലകളിലെ അനധികൃത നിയമനം, മന്ത്രിമാരുടെ പേഴ്സണല്‍ സ്റ്റാഫ് നിയമനം അടക്കമുള്ളവയില്‍ ഗവര്‍ണര്‍ കര്‍ശന നിലപാട് സ്വീകരിച്ചിരുന്നു. ഗവര്‍ണറുടെ അധികാരം വെട്ടിക്കുറയ്ക്കാനുള്ള ബില്‍ കഴിഞ്ഞ നിയമസഭ പാസാക്കിയെങ്കിലും ഗവര്‍ണര്‍ ഒപ്പിട്ടിട്ടില്ല.
കഴിഞ്ഞ ദിവസം മുഖ്യമന്ത്രി പിണറായി വിജയന്റെ വാര്‍ത്താസമ്മേളനത്തില്‍ സര്‍വകലാശാല അനധികൃത നിയമനത്തില്‍ നടപടിയെടുത്ത ഗവര്‍ണറെ രൂക്ഷമായി വിമര്‍ശിക്കുകയും അവഹേളിക്കുകയും ചെയ്തിരുന്നു. ഇതിനെതുടര്‍ന്നാണ് ഗവര്‍ണര്‍ അസാധാരണ നടപടികളിലേക്ക് നീങ്ങുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: