കണ്ണൂർ : കണ്ണൂരിലെ കുറുമാത്തൂരിൽ തളിപ്പറമ്പ് ഫോറസ്റ്റ് റേഞ്ച് സംഘം നടത്തിയ പരിശോധനയിൽ 390 കിലോ ചന്ദനം പിടിച്ചെടുത്തു. ഇതില്‍ 6 കിലോ ചന്ദന മുട്ടികളും, 110 കിലോഗ്രാം ചന്ദന മരത്തടികളും, 275 കിലോഗ്രാം ചന്ദനപ്പൂളുമാണ്.
ചന്ദനം മുറിച്ചു കടത്താൻ ശ്രമിച്ച സംഘത്തിലെ ഒരാൾ പിടിയിലായി. രണ്ടു പേർ ഓടി രക്ഷപ്പെട്ടു. കുറുമാത്തൂർ സ്വദേശി എം.മധുസൂദനനെയാണ് വനം വകുപ്പ് സംഘം പിടികൂടിയത്. ശ്രീകണ്ഠാപുരം സ്വദേശികളായ നിസാർ, ദിലീപൻ എന്നിവര്‍ ഓടി രക്ഷപ്പെട്ടു. കൊയ്യം പാറക്കാടി സ്വദേശി വീരപ്പൻ ഹൈദ്രോസിന് വേണ്ടിയാണ് ചന്ദനം കടത്തിയതെന്ന് പറയുന്നു.
കണ്ണൂർ, കുറുമാത്തൂർ കൂനം റോഡിലെ ആളൊഴിഞ്ഞ പുരയിടത്തിലെ താൽക്കാലിക ഷെഡിലാണ് 390 കിലോയോളം ചന്ദനം ഉണ്ടായിരുന്നത്. വനം വകുപ്പ് ഉദ്യോഗസ്ഥർക്ക് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന.
തളിപ്പറമ്പ് റെയ്ഞ്ച് ഫോറസ്റ്റ് ഓഫിസർ പി.രതീശന്റെ നേതൃത്വത്തിലായിരുന്നു റെയ്ഡ്. ചന്ദനം മുറിക്കാനുപയോഗിച്ച ആയുധങ്ങളും കസ്റ്റഡിയിലെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക