ലഖ്നൗ: യുഎപിഎ കേസില്‍ ജാമ്യം ലഭിച്ചെങ്കിലും സിദ്ദിഖ് കാപ്പന് ജയിലില്‍ നിന്ന് പുറത്തിറാങ്ങാന്‍ സാധിക്കില്ല. ജാമ്യവ്യവസ്ഥകള്‍ പാലിക്കാന്‍ വ്യക്തികളെ ലഭിക്കാത്തതാണ് ഇതിന് കാരണം. ജാമ്യവ്യവസ്ഥ പ്രകാരം കാപ്പന് പുറത്തിറങ്ങണമെങ്കില്‍ യു.പിക്കാരായ രണ്ട് പേരുടെ ആള്‍ജാമ്യം ആവശ്യമുണ്ട്. എന്നാല്‍, ഒരു യുപിക്കാരനും കാപ്പന് ജാമ്യം നില്ക്കാന് തയാറായിട്ടില്ല. ഒരു ലക്ഷം രൂപയുടെ രണ്ട് ആള്‍ജാമ്യത്തിലാണ് സുപ്രീംകോടതി കാപ്പന് ജാമ്യം അനുവദിച്ചത്.
തുടര്‍ന്ന് സെപ്തംബര്‍ 12ന് കാപ്പനെ ലഖ്നോവിലെ വിചാരണകോടതിയില്‍ ഹാജരാക്കുകയും അഡീഷണല്‍ ജഡ്ജ് അനുരുദ്ധ് മിശ്രയാണ് കാപ്പന്റെ ജാമ്യവ്യവസ്ഥകള്‍ തീരുമാനിക്കുകയും ചെയ്തിരുന്നു. എന്നാല്‍, നിരവധി തവണ തിരഞ്ഞിട്ടും കാപ്പന് ജാമ്യം നില്ക്കാന് ഒരു യുപിക്കാരനും തയാറായില്ലെന്ന് അഭിഭാഷകന് മുഹമ്മദ് ദാനിഷ് പറഞ്ഞു. തുടര്‍ന്ന് കഴിഞ്ഞ ദിവസം സെഷന്‍സ് കോടതി കേസ് പരിഗണിക്കുമ്പോള്‍ കാപ്പന്റെ സഹോദരനും ഭാര്യയും ജാമ്യക്കാരായി മതിയോയെന്ന് കോടതിയോട് ചോദിച്ചുവെങ്കിലും തള്ളുകയായിരുന്നു.
നാളെ കാപ്പനെതിരെയുള്ള ഇഡി കേസ് ലഖ്നൗ കോടതി പരിഗണിക്കും. കാപ്പന്റെ അക്കൗണ്ടിലേക്ക് പണം വന്നത് ചൂണ്ടിക്കാട്ടി ഇഡി രജിസ്റ്റര്‍ ചെയ്ത ഒരു കേസാണിത്. ഈ കേസില്‍ ജാമ്യം ലഭിച്ചെങ്കില്‍ മാത്രമേ സിദ്ദിഖ് കാപ്പന് പുറത്തിറങ്ങാന്‍ സാധിക്കൂ. അതേസമയം കാപ്പന് ഹത്രാസിലേക്ക് പോയ വാഹനത്തിന്റെ െ്രെഡവര്‍ക്കെതിരായ ഇഡി കേസ് പരിഗണിക്കുന്നത് ഈ മാസം ഇരുപത്തിയഞ്ചിലേക്ക് മാറ്റി.
കര്‍ശ്ശന ഉപാധികളോടെയാണ് സുപ്രീംകോടതി സിദ്ദിഖ് കാപ്പന് കഴിഞ്ഞ ദിവസം ജാമ്യം അനുവദിച്ചത്. അടുത്ത ആറാഴ്ച ദല്‍ഹിയില്‍ തങ്ങണം. കേരളത്തിലേക്കെത്തിയാല്‍ ലോക്കല്‍ പോലീസില്‍ റിപ്പോര്‍ട്ട് ചെയ്യണം എന്ന് തുടങ്ങിയ ഉപാധികള്‍ മുന്നോട്ടുവെച്ചാണ് ചീഫ് ജസ്റ്റിസ് യു.യു. ലളിത് അധ്യക്ഷനായ ബെഞ്ച് ജാമ്യം നല്‍കിയത്.
2020 ഒക്ടോബര്‍ അഞ്ചിന് പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകര്‍ക്കൊപ്പം ഹത്രാസിലേക്ക് പോകും വഴിയാണ് സിദ്ദിഖ് കാപ്പന് യുപി പോലീസിന്റെ പിടിയിലായത്. തുടര്‍ന്ന് യുഎപിഎ അടക്കമുള്ള വകുപ്പുകള്‍ ചുമത്തുകയും കാപ്പന് 22 മാസമായി ജയിലിലാണ്. മഥുര കോടതിയും അലഹബാദ് ഹൈക്കോടതിയും ജാമ്യത്തിനായി അപേക്ഷ നല്‍കിയെങ്കിലും ഇരുകോടതികളും അത് തള്ളി. ഇതോടെ കാപ്പന്റെ ബന്ധുക്കള്‍ സുപ്രീംകോടതിയെ സമീപിക്കുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: