തിരുവനന്തപുരം: ലോട്ടറി വകുപ്പിന്റെ ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന സമ്മാനത്തുകയായ 25 കോടിയുടെ ഓണം ബംപര്‍ നറുക്കെടുപ്പ് ഇന്ന് ഉച്ചയ്ക്ക് രണ്ട് മണിക്ക് നടക്കും. ഇന്നലെ വൈകിട്ട് വരെയുള്ള കണക്കനുസരിച്ച് അച്ചടിച്ച 67.50 ലക്ഷം ടിക്കറ്റുകളില്‍ 66.40 ലക്ഷം ടിക്കറ്റുകളും വിറ്റുപോയി. ഏജന്റുമാരില്‍നിന്ന് ഇന്നും ടിക്കറ്റുകള്‍ വാങ്ങാം. 500 രൂപയാണ് ടിക്കറ്റ് വില.
ഏറ്റവും അധികം ടിക്കറ്റ് വിറ്റത് പാലക്കാട് ജില്ലയിലാണ്. ഇവിടെ 10 ലക്ഷം ടിക്കറ്റുകളാണ് വിറ്റുപോയത്. രണ്ടാം സ്ഥാനത്തെത്തിയത് തൃശ്ശൂര്‍ ജില്ലയാണ്. മൂന്നാം സ്ഥാനം തിരുവനന്തപുരം ജില്ലയ്ക്കാണ്. ടിക്കറ്റ് വിലയായ 500 രൂപയില്‍ നിന്ന് ഏകദേശം 400 രൂപയോളം സര്‍ക്കാര്‍ ഖജനാവിലേക്കാണ്. ഇതുവരെ 270 കോടി ഖജനാവില്‍ എത്തിയെന്നാണ് വിലയിരുത്തല്‍.
ഇക്കുറി ഒന്നാം സമ്മാന ജേതാവിന് 10% ഏജന്‍സി കമ്മിഷനും 30% നികുതിയും കിഴിച്ച് ബാക്കി 15.75 കോടി രൂപയാണു ലഭിക്കുക. രണ്ടാം സമ്മാനം അഞ്ച് കോടി രൂപയാണ്; മൂന്നാം സമ്മാനമായി ഒരു കോടി രൂപ വീതം 10 പേര്‍ക്കും. ഓണം ബംപര്‍ അടിക്കുന്ന ആ ഭാഗ്യശാലി ആരാണെന്ന് ഇന്ന് ഉച്ചയോടെ അറിയാനാകും. ധനമന്ത്രിയുടെ സാന്നിധ്യത്തില്‍ ഉച്ചയ്ക്ക് രണ്ടുമണിയോടെയാണ് തിരുവനന്തപുരം ഗോര്‍ക്കി ഭവനില്‍ വച്ച് നറുക്കെടുപ്പ് നടക്കുക.
പ്രതികരിക്കാൻ ഇവിടെ എഴുതുക: