ഭൂതകാലത്തെ തിരുത്താനും പുതിയഭാവി കെട്ടിപ്പടുക്കാനും മനുഷ്യരാശിക്ക് അവസരം നല്കുന്ന സന്ദര്‍ഭത്തിനു നന്ദി. പതിറ്റാണ്ടുകള്‍ക്കുമുമ്പ്, വംശനാശം സംഭവിച്ച ജൈവ വൈവിധ്യത്തിന്റെ, കണ്ണിയെ ഇന്നു നമുക്കു പുനഃസ്ഥാപിക്കാന്‍ അവസരം ലഭിച്ചു. ചീറ്റ ഇന്ന് ഇന്ത്യയുടെ മണ്ണിലേക്ക് മടങ്ങിയെത്തി. മഹത്തായ മുഹൂര്‍ത്തം, പ്രകൃതിയെ സ്നേഹിക്കുന്ന, ഇന്ത്യയെ പൂര്‍ണശക്തിയിലേക്ക് ഉണര്‍ത്തും. ചീറ്റപ്പുലികള്‍ പ്രകൃതിയോടുള്ള നമ്മുടെ ഉത്തരവാദിത്വങ്ങളെക്കുറിച്ചും, മാനുഷിക മൂല്യങ്ങളെയും പാരമ്പര്യങ്ങളെയുംകുറിച്ചും നമ്മെ ബോധവാന്മാരാക്കും.
നാം നമ്മുടെ വേരുകളില്‍നിന്നകലുമ്പോള്‍, നമുക്ക് വലിയ നഷ്ടം സംഭവിക്കും. കഴിഞ്ഞ നൂറ്റാണ്ടുകളില്‍ പ്രകൃതിയെ ചൂഷണം ചെയ്യുന്നത്, ശക്തിയുടെയും ആധുനികതയുടെയും പ്രതീകമായി കണക്കാക്കപ്പെട്ടിരുന്നു. 1947ല്‍ രാജ്യത്തു മൂന്നു ചീറ്റപ്പുലികള്‍മാത്രം അവശേഷിച്ചപ്പോള്‍ അവയേയും സാലവനങ്ങളില്‍ നിഷ്കരുണം, നിരുത്തരവാദപരമായി വേട്ടയാടി.
1952ല്‍ ചീറ്റപ്പുലികള്‍ക്കു രാജ്യത്തു വംശനാശം സംഭവിച്ചുവെങ്കിലും ഏഴു പതിറ്റാണ്ടായി അവയെ തിരികെയെത്തിക്കാന്‍ ശ്രമങ്ങളൊന്നും നടന്നില്ല. ആസാദി കാ അമൃത് മഹോത്സവ സമയത്ത് രാജ്യം പുതിയ ഊര്‍ജത്തോടെ ചീറ്റകളെ പുനരധിവസിപ്പിക്കാന്‍ തുടങ്ങി. ‘മരിച്ചവരെ പുനരുജ്ജീവിപ്പിക്കാനുള്ള ശക്തി’ അമൃതിനുണ്ട്.
പുനഃരധിവാസം വിജയകരമാക്കുന്നതിനുപിന്നില്‍ വര്‍ഷങ്ങളോളം നീണ്ട കഠിനാധ്വാനമുണ്ട്. നമ്മുടെ പ്രഗത്ഭരായ ശാസ്ത്രജ്ഞര്‍ നമീബിയന്‍ വിദഗ്ധരുമായി ചേര്‍ന്ന് വിപുലമായ ഗവേഷണം നടത്തി വിശദമായ ചീറ്റ പ്രവര്‍ത്തനപദ്ധതി തയ്യാറാക്കി. ചീറ്റപ്പുലികള്‍ക്ക് ഏറ്റവും അനുയോജ്യമായ പ്രദേശം കണ്ടെത്താന്‍ രാജ്യത്തുടനീളം ശാസ്ത്രീയ സര്‍വേകള്‍ നടത്തി. തുടര്‍ന്നാണ് കുനോ ദേശീയോദ്യാനം തെരഞ്ഞെടുത്തത്.
പ്രകൃതിയും പരിസ്ഥിതിയും സംരക്ഷിക്കപ്പെടുമ്പോള്‍ നമ്മുടെ ഭാവി സുരക്ഷിതമാകും, വളര്‍ച്ചയ്ക്കും സമൃദ്ധിക്കുമുള്ള വഴികള്‍ തുറക്കും. കുനോ ദേശീയോദ്യാനത്തില്‍ ചീറ്റപ്പുലികള്‍ കുതിക്കുമ്പോള്‍ പുല്‍മേടുകളുടെ ആവാസവ്യവസ്ഥ പുനഃസ്ഥാപിക്കപ്പെടും, ജൈവവൈവിധ്യത്തിന്റെ വര്‍ധനയ്ക്കു കാരണമാകും. ഇക്കോ ടൂറിസത്തിന്റെ ഫലമായി തൊഴിലവസരങ്ങള്‍ വര്‍ധിക്കും,വികസനത്തിനുള്ള പുതിയ സാധ്യതകള്‍ തുറക്കും.
കുനോ ദേശീയോദ്യാനത്തില്‍ ചീറ്റപ്പുലികളെ കാണാന്‍ ക്ഷമയോടെ ഏതാനും മാസങ്ങള്‍ കാത്തിരിക്കണം. അതിഥികളായി എത്തിയിരിക്കുന്ന അവയ്ക്ക് പ്രദേശത്തെക്കുറിച്ച് അറിയില്ല. ഈ ചീറ്റകള്‍ക്കു കുനോ ദേശീയോദ്യാനം അവരുടെ വാസസ്ഥലമാക്കാന്‍, കുറച്ചു മാസങ്ങള്‍ സമയം നല്‍കണം. അന്താരാഷ്ട്ര മാര്‍ഗനിര്‍ദേശങ്ങള്‍ പാലിക്കാനും ചീറ്റപ്പുലികള്‍ക്കു സ്വസ്ഥജീവിതം ഉറപ്പാക്കാനും ഇന്ത്യ പരമാവധി ശ്രമിക്കും. നമ്മുടെ ശ്രമങ്ങള്‍ പരാജയപ്പെടാന്‍ നാം അനുവദിക്കരുത്.
ഇന്ത്യയെ സംബന്ധിച്ച്, പ്രകൃതിയും പരിസ്ഥിതിയും മൃഗങ്ങളും പക്ഷികളും, സുസ്ഥിരതയും സുരക്ഷയും മാത്രമല്ല. രാജ്യത്തിന്റെ വൈകാരികതയുടെയും അലൗകികതയുടെയും അടിസ്ഥാനംകൂടിയാണ്. നമുക്കുചുറ്റും കഴിയുന്ന ഏറ്റവും ചെറിയ ജീവികളെപ്പോലും പരിപാലിക്കാന്‍ നാം പഠിച്ചിട്ടുണ്ട്. കാരണമില്ലാതെ ഒരു ജീവിയുടെ പ്രാണന് നഷ്ടമായാല്‍ കുറ്റബോധംകൊണ്ടു നിറയുന്നതാണു നമ്മുടെ പാരമ്പര്യം. അങ്ങനെയിരിക്കെ, നാം കാരണം ഒരു ജീവിവര്‍ഗത്തിന്റെ മുഴുവന്‍ നിലനില്‍പ്പും അപകടത്തിലാകുന്നുവെന്നത് എങ്ങനെ അംഗീകരിക്കാന്‍ കഴിയും?.
വരും വര്‍ഷങ്ങളില്‍ നമ്മുടെ കുട്ടികള്‍ കുനോ ദേശീയോദ്യാനത്തിലൂടെ ചീറ്റകള്‍ പായുന്നത് കാണും. നമ്മുടെ വനത്തിലെയും ജീവിതത്തിലെയും വലിയൊരു ശൂന്യതയാണ് ഇല്ലാതാകുന്നത്. സമ്പദ്വ്യവസ്ഥയും പരിസ്ഥിതിശാസ്ത്രവും വൈരുധ്യമുള്ള മേഖലകളല്ലെന്ന സന്ദേശമാണ് ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ ഇന്ത്യ ലോകത്തിനു നല്‍കുന്നത്. പരിസ്ഥിതിസംരക്ഷണത്തോടൊപ്പം രാജ്യത്തിന്റെ സാമ്പത്തിക പുരോഗതിയും കൈവരിക്കാനാകുമെന്നതിന്റെ ജീവിക്കുന്ന ഉദാഹരണമാണ് ഇന്ത്യ.
2014നുശേഷം രാജ്യത്ത് 250 ഓളം പുതിയ സംരക്ഷിതവന മേഖലകള്‍ കൂട്ടിച്ചേര്‍ത്തിട്ടുണ്ട്. ഏഷ്യന്‍ സിംഹങ്ങളുടെ എണ്ണം വലിയ തോതില്‍ കൂടി. കടുവകളുടെ എണ്ണം ഇരട്ടിയായി. അസമില്‍ ഒറ്റക്കൊമ്പന് കാണ്ടാമൃഗങ്ങളുടെ നിലനില്‍പ്പ് അപകടത്തിലായിരുന്നു. എന്നാല്‍ ഇന്ന് അവയുടെ എണ്ണം കൂടി. ഏതാനും വര്‍ഷക്കുള്ളില്‍ ആനകളുടെ എണ്ണം 30,000ലധികം വര്‍ധിച്ചു. രാജ്യത്തെ 75 തണ്ണീര്‍ത്തടങ്ങള്‍ റാംസര്‍ പ്രദേശങ്ങളായി പ്രഖ്യാപിച്ചിട്ടുണ്ട്. അതില്‍ 26 എണ്ണം കഴിഞ്ഞ 4 വര്‍ഷത്തിനിടെ കൂട്ടിച്ചേര്‍ത്തതാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: