ആറേഴു പതിറ്റാണ്ടുകളിലായി പാലക്കാട്, മലപ്പുറം, കോഴിക്കോട് സംഘജില്ലകളിലെ ഹൈന്ദവജനതയുടെ രക്ഷാപുരുഷനെപ്പോലെ ജീവിച്ച വാസുദേവന്‍ എന്ന വാസുവേട്ടന് നവതിയുടെ നിറവില്‍ കോഴിക്കോട് അത്തോളിക്കു സമീപമുള്ള കൊളത്തൂര്‍ ആശ്രമത്തില്‍ നടക്കുന്ന അഭിനന്ദന ഉത്സവം ആഹ്ളാദകരമായ അനുഭവമാകുകയാണ്. ഈ മാസം 22 ന് നടക്കുന്ന ചടങ്ങില്‍ കുടുംബസഹിതം പങ്കെടുക്കുന്നതിന് മാസങ്ങള്‍ക്കു മുന്‍പുതന്നെ അദ്ദേഹവും സഹധര്‍മിണിയും ഞങ്ങളെ ക്ഷണിച്ചതാണ്. ജീവിതത്തിലെ മഹാ അഭിലാഷമായിരുന്ന കാശി, അയോധ്യാ തീര്‍ത്ഥയാത്രയ്ക്കു കുടുംബം പരിപാടി തയ്യാറാക്കിക്കഴിഞ്ഞിരുന്നതിനാല്‍ ഞങ്ങളുടെ ദുര്‍ഘടാവസ്ഥ ഞാന്‍ അദ്ദേഹത്തെ അറിയിച്ചിരുന്നു. യാത്രയ്ക്കു റിസര്‍വേഷനും, അവിടെ താമസത്തിനും വ്യവസ്ഥകളും ചെയ്തിരുന്നു. മൂന്നു ദിവസം മുന്‍പ് ആരോഗ്യപരിശോധനക്കു ഡോക്ടറെ സന്ദര്‍ശിച്ചപ്പോള്‍ കൊവിഡ് പോസിറ്റീവ് ആണെന്നും മൂന്നാഴ്ചത്തേക്കു യാത്രകള്‍ പാടില്ലെന്നും അദ്ദേഹം വിലക്കി. അതുമൂലം എല്ലാ പരിപാടികളും സ്തംഭിച്ചുപോയിരിക്കുകയാണ്. തൊണ്ണൂറാം പിറന്നാളിന്റെ ആഹ്ളാദത്തില്‍ ആശ്രമത്തില്‍ നടക്കുന്ന ചടങ്ങുകളെ മനസ്സില്‍ കാണാനെ കഴിയൂ എന്നാണിന്നത്തെ സ്ഥിതി.
വാസുവേട്ടനുമായി 1958 മുതല്‍ അടുത്ത പരിചയമുണ്ട്. ഞാനന്ന് കണ്ണൂര്‍, തലശ്ശേരി പട്ടണങ്ങളുടെ മാത്രം ചുമതല വഹിച്ച പ്രചാരകനായിരുന്നു. അഖിലഭാരത ഗോരക്ഷാ മഹാഭിയാന്‍ സമിതിയുടെ പ്രചാരണത്തിനായി നടത്തുന്ന പരിപാടികള്‍ക്ക് ചില സ്ഥലങ്ങളിലേക്ക് ജില്ലാ പ്രചാരകന്- വി.പി. ജനാര്ദ്ദനന് എന്നെയും നിയോഗിച്ചു. അദ്ദേഹംതന്നെ പേരാമ്പ്രയിലും അഞ്ചാംപീടികയെന്ന സ്ഥലത്തും എന്നെ കൊണ്ടുപോയി. സംഘത്തിന്റെ ശക്തികേന്ദ്രമായിട്ടാണ് അന്നു പേരാമ്പ്ര കരുതപ്പെട്ടിരുന്നത്. 1950 മുതല്‍തന്നെ അങ്ങനെയായിരുന്നു. മൂന്നു നാലു കിലോമീറ്ററിനുള്ളില്‍ത്തന്നെ കരുത്തുറ്റ ശാഖകള്‍. നാട്ടിലെ പ്രമുഖ വ്യക്തികളും ചെറുപ്പക്കാരും സജീവമായി രംഗത്തുണ്ട്. മിനച്ചല്‍ക്കാരനും, പി. പരമേശ്വര്‍ജിയുടെ ഇഷ്ടവയസ്യനമായിരുന്ന രാമചന്ദ്രന് കര്‍ത്ത എന്ന കര്‍ത്താസാറിന്റെ നേതൃത്വത്തില്‍ ശക്തിയാര്‍ജിച്ച ശാഖകളായിരുന്നു അവിടത്തേത്. കര്‍ത്താസാറിനുശേഷം ശ്രീകൃഷ്ണശര്‍മ്മയുടെയും മാര്‍ഗദര്‍ശനം അവര്‍ക്കു ലഭിച്ചുവന്നു. പിന്നീട് വി.പി. ജനേട്ടന്റെ സഹായത്തോടെ അവിടെയെത്തിയ എനിക്ക് പേരാമ്പ്ര ഒരു പുതിയ ലോകംതന്നെ ആയിരുന്നു. അവിടെയായിരുന്നു വാസുവേട്ടനെ പരിചയപ്പെട്ടത്. രാത്രിയില്‍ ജനേട്ടന്റെ ഒപ്പം ഇരുന്നു നടത്തിയ ആശയവിനിമയങ്ങള്‍ ഇപ്പോഴും മനസ്സില്‍ തങ്ങിനില്ക്കുന്നു. അവിടത്തെ എളമാരന്‍കുളങ്ങര ക്ഷേത്രത്തിന് സമീപം ‘കൈലാസം’ എന്ന സ്വാമിയുടെ മഠത്തിലായിരുന്നു താമസവും.
വാസുവേട്ടന് സംഘപ്രവര്‍ത്തനത്തിനു മുന്‍തൂക്കം നല്‍കിക്കൊണ്ട്, പഴയ മലബാര്‍ പ്രചാരക് ശങ്കര്‍ശാസ്ത്രിജിയുടെ നിര്‍ദ്ദേശം സ്വീകരിച്ച് അവിടെ താമസമാക്കിയതാണെന്ന ധാരണയാണെനിക്കുള്ളത്. ഏറനാട് താലൂക്കിലെ മണ്ണൂരിനടുത്ത് വൈദ്യത്തിനും സംസ്കൃതപഠനത്തിനും പ്രശസ്തിയാര്‍ജിച്ചതും, സാമൂതിരിപ്പാടിന്റെ വിശ്വസ്തനുമായ ഒരു കുടുംബമായിരുന്നു പൂര്‍വികമായി അവരുടേതെന്നറിയാന്‍ കഴിഞ്ഞു. പേരാമ്പ്രയില്‍ അദ്ദേഹം വിവാഹിതനായി. അതിലെ സന്തതിയാണ് ജന്മഭൂമിയില് പ്രവര്‍ത്തിച്ചു വിരമിച്ച മോഹന്‍ദാസ്. അദ്ദേഹം പ്രാന്തകാര്യാലയത്തില്‍ താമസിച്ച് കോളേജ് വിദ്യാഭ്യാസം കഴിച്ചു. ജെ. നന്ദകുമാറിനെപ്പോലുള്ള പ്രഗല്ഭര് കാര്യാലയത്തില്‍ സഹവാസികളായിരുന്നു. ലഖ്നൗവിലെ പാഞ്ചജന്യ വാരികയുടെ യുവപത്രക്കാര്‍ക്കുള്ള ദേശീയ പുരസ്കാരം മോഹന്‍ദാസിനു ലഭിച്ചു. അതു ദല്‍ഹിയില്‍നടന്ന ചടങ്ങില്‍ അന്നത്തെ പ്രധാനമന്ത്രി വാജ്പേയിയില്‍ നിന്ന് സ്വീകരിച്ചു. വിദ്യാഭ്യാസത്തിനുശേഷം ജന്മഭൂമിയില് സബ് എഡിറ്ററായി ചേര്‍ന്ന് അവിടെ നിന്ന് വിരമിച്ചുവെങ്കിലും ഇപ്പോഴും തൂലികാ യുദ്ധം തുടരുകയാണ്. കേസരി, ചിതി, ജന്മഭൂമി, ക്ഷേത്രശക്തി മുതലായ പ്രസിദ്ധീകരണങ്ങളില്‍ അണയാത്ത ജ്വാലയായി മോഹന്‍ദാസ് വായനക്കാര്‍ക്ക് വെളിച്ചം നല്കുന്നു.
കേരളത്തിലെ ഹിന്ദുജനതയുടെ നവോത്ഥാനത്തിലെ സുപ്രധാനമായ നാഴികക്കല്ല് തളിക്ഷേത്ര വിമോചനമായിരുന്നല്ലൊ. ഐതിഹാസികമായ ആ സമരത്തെക്കുറിച്ച് ധാരാളം എഴുതപ്പെട്ടിട്ടുണ്ട്. അതിനു മുന്‍പ് നടന്ന മാപ്പിള ജില്ലാ വിരുദ്ധ പ്രക്ഷോഭവും അത്രതന്നെ പ്രാധാന്യമര്‍ഹിക്കുന്നു. രണ്ടിനും വെവ്വേറെ സമരസമിതികളുണ്ടായിരുന്നു. ഭാരതീയ ജനസംഘവും സംഘവും മറ്റനേകം പ്രസ്ഥാനങ്ങളും സമരത്തില്‍ പങ്കെടുത്തുവെങ്കിലും സത്യഗ്രഹമനുഷ്ഠിപ്പാനും ജയില്‍വാസമനുഷ്ഠിക്കാനുമുള്ള സന്നദ്ധഭടന്മാരെ സജ്ജരാക്കുകയെന്ന കാര്യമാണ് ഏറെ ദുഷ്കരമായിരുന്നത്. അന്നു തിരൂര്‍, പെരിന്തല്‍മണ്ണ താലൂക്കുകളില്‍ നിന്ന് അതിന്നാവശ്യമായവരെ തയ്യാറാക്കുകയും, സത്യഗ്രഹവേദിയിലെത്തിക്കുകയും ചെയ്യുക എന്ന കൃത്യം ചെയ്യാന്‍ അന്ന് അവിടെ പ്രചാരകനായിരുന്ന വാസുവേട്ടനാണ് ഉണ്ടായിരുന്നത്. മറ്റു പ്രചാരകന്മാരുമുണ്ടായിരുന്നു. മാപ്പിള ഭൂരിപക്ഷ സ്ഥലങ്ങളില്‍ സംഘപ്രവര്‍ത്തനം ആരംഭിച്ചപ്പോള്‍ത്തന്നെ ആക്രമണങ്ങളും പോലീസ് വെടിവയ്പ്പും മറ്റുമുണ്ടായി.
മലബാറിലെ നാശോന്മുഖമായിക്കിടന്ന ക്ഷേത്രങ്ങളില്‍ മൈസൂര്‍ ആക്രമണ കാലത്ത് നിലംപരിശാക്കപ്പെട്ട അങ്ങാടിപ്പുറത്തെ തളിക്ഷേത്രം കേളപ്പജി സന്ദര്‍ശിക്കുകയും അടുത്ത നവരാത്രിക്കാലത്തു അവിടെ പൂജയും മറ്റും നടത്താന്‍ നിര്‍ദേശിക്കുകയുമുണ്ടായി. അവിടെ പ്രചാരകനായിരുന്ന വാസുവേട്ടന് സമീപ ഗ്രാമങ്ങളിലെ ശാഖാ സ്വയംസേവകരെയും കുടുംബങ്ങളെയും അതില്‍ ഭാഗഭാക്കുകളാകാന്‍ ഏര്‍പ്പാടു ചെയ്തു. സ്ഥലത്തിനു ചുറ്റുമുള്ള കടമുറികള്‍ മുസ്ലിംങ്ങളുടെതായിരുന്നു. അവര്‍ ഒരു മുറി നിസ്കാരപ്പള്ളിയാണെന്ന് പറഞ്ഞു വാങ്ക് വിളി തുടങ്ങി. സമീപഗ്രാമങ്ങളില്‍നിന്നും ഭജനയില്‍ പങ്കെടുക്കാന്‍ നേതൃത്വം നല്കിയ അറുമുഖന്റെ വീട് പാങ്ങ് പഞ്ചായത്ത് പ്രസിഡന്റിന്റെ നേതൃത്വത്തില്‍ ആക്രമിക്കുകയും, അയാളെ കൊലചെയ്യുകയുമുണ്ടായി. പിറ്റേന്ന് കേളപ്പജിയും പരമേശ്വര്‍ജിയും അവിടം സന്ദര്‍ശിച്ചു. സമരം തുടരുമെന്നു പ്രഖ്യാപിക്കപ്പെട്ടു. അങ്ങാടിപ്പുറത്തെ ക്ഷേത്ര വിമോചന പ്രക്ഷോഭത്തെപ്പറ്റി ധാരാളം എഴുതപ്പെട്ടിട്ടുണ്ട്. സപ്തകക്ഷി ഭരണത്തിന്റെ തകര്‍ച്ചയും തളിക്ഷേത്രത്തിന്റെ ഉയര്‍ത്തെഴുന്നേല്‍പ്പും, അതു കേരളമൊക്കെ സൃഷ്ടിച്ച നവചൈതന്യതരംഗവും ഇന്നു ചരിത്രത്തിന്റെ ഭാഗമാണ്. അതിന്റെ അടിക്കല്ലുപോലെ ഭാരങ്ങള്‍ താങ്ങിയ ഭഗീരഥനായിരുന്നു വാസുവേട്ടന് എന്നു പറഞ്ഞാല്‍ അതിശയോക്തിയാവില്ല.
വാസുവേട്ടന്റെ വ്യക്തിജീവിതത്തില്‍ ആഴമായി സ്വാധീനിച്ച വ്യക്തി പ്രാന്തപ്രചാരകനായിരുന്ന ഭാസ്കര്‍റാവുജിയായിരുന്നു. അദ്ദേഹത്തിന്റെ ജീവചരിത്ര രചനയ്ക്ക് സഹായകമായി, ഭാസ്കര്‍ റാവുജിയുടെ കത്തുകള്‍ ആവശ്യപ്പെട്ടപ്പോള്‍ അവയുടെ പകര്‍പ്പ് അയച്ചു തന്നിരുന്നു. ജീവിതത്തിലെ ഓരോ പ്രതിസന്ധിയിലും, മാതൃതുല്യമോ പിതൃതുല്യമോ ആചാര്യതുല്യമോ ആയ ഉപദേശം അടങ്ങിയ ആ കത്തുകള്‍ ജീവചരിത്രത്തില്‍ നല്‍കിയിട്ടുണ്ട്. പിന്നീട് വാസുവേട്ടന്റെ ഓരോ പ്രവൃത്തിയിലും ഭാസ്കര്‍ റാവുജിയുടെ ഉപദേശങ്ങള്‍ അടിയൊഴുക്കായി നമുക്ക് കാണാന്‍ സാധിക്കും.
ഞങ്ങള്‍ക്കിടയിലെ ബന്ധം ഏതാനും വര്‍ഷങ്ങളായി നിലച്ചിരിക്കുകയായിരുന്നു. എന്റെ അനുജന് ഡോ. കേസരി വളരെ വര്‍ഷങ്ങള്‍ വടകര കേന്ദ്രമായി സര്‍ക്കാര്‍ ഹോമിയോ ഡോക്ടറായിരുന്നു. വളരെ അപൂര്‍വവും സങ്കീര്‍ണവുമായ വിഷമങ്ങള്‍ക്ക് ഹോമിയോ ഫലപ്രദമായി പരീക്ഷിച്ചു ജയിച്ചതിനാല്‍ അയാള്‍ക്ക് വടകരയിലും കൊയിലാണ്ടി പേരാമ്പ്ര ഭാഗങ്ങളിലും ധാരാളം രോഗികളുണ്ടായിരുന്നു. വാസുവേട്ടന് സഹധര്‍മിണിയായി സ്വീകരിച്ച ചേച്ചിക്കുള്ള ഒരു അസുഖത്തിന് അദ്ദേഹവുമായി സംസാരിക്കാന്‍ താല്പര്യപ്പെട്ട് എന്നെ സമീപിച്ചു. കോഴിക്കോട്ട് ഹോമിയോ മെഡിക്കല്‍ കോളജ് പ്രിന്‍സിപ്പലിന്റെ മകനെ പരിചയപ്പെടുത്തുകയാണ് കേസരി ചെയ്തത്. അവരുടെ ചികിത്സയില്‍ അസുഖം മാറി അവര്‍ ആശ്വസ്തയാണ്.
കൊളത്തൂര്‍ ആശ്രമത്തിന്റെ തപോവനാന്തരീക്ഷത്തില്‍ കഴിയുന്ന വാസുവേട്ടനെ ഞാനിതുവരെ വാസു എന്നേ വിളിച്ചിട്ടുള്ളൂ. കഴിഞ്ഞ മേയ് ഒന്നിന് തൃശ്ശിവപേരൂര്‍ ആറാട്ടുപുഴയില്‍ നടന്ന ചടങ്ങില്‍, സ്വാമി പുരുഷോത്തമാനന്ദ സരസ്വതി സ്വാമികളുടെ മുന്‍കയ്യില്‍ നടത്തപ്പെട്ട സിദ്ധിനാഥാനന്ദ പുരസ്കാരവും പ്രശസ്തി പത്രവും സ്വീകരിച്ചത് ശ്രീമദ് ചിദാനന്ദപുരി സ്വാമികളില്‍നിന്നായിരുന്നു. അദ്ദേഹവുമൊന്നിച്ച് അടുത്തിരുന്നു സംസാരിക്കാന്‍ ലഭിച്ച ആദ്യാവസരമാണത്. ഞാനദ്ദേഹത്തോടന്വേഷിച്ചത് വാസുവിനെപ്പറ്റിയായിരുന്നു. ആശ്രമത്തിനാകെ വാസുവേട്ടനാണദ്ദേഹം. എല്ലാവര്ക്കും എന്നായിരുന്നു മറുപടി. മുന്‍പ് പോയപ്പോള്‍ ഞങ്ങള്‍ ആശ്രമത്തില്‍ കയറിയിരുന്നില്ല. ഇനി കയറണം എന്ന് സ്വാമിജി ക്ഷണിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: