ഗ്രീഷ്മ മധുസൂദ്
നാല്‍പ്പത് വര്‍ഷം മുന്‍പ്, 1982ലെ തിരുവോണം. എറണാകുളം ജില്ലയിലെ വൈപ്പിന്‍ നിവാസികളുടെ മുന്നിലേക്കു പുലര്‍ന്നുവീണത് വലിയൊരു ദുരന്തവുമായാണ്. പുത്തന്‍ കോടിയുടുത്തും സദ്യയുണ്ടും ആഘോഷമാക്കാന്‍ കാത്തിരുന്നവരില്‍ പലരും പിടഞ്ഞുവീണ് മരിക്കുന്നു, കൈകാലുകള്‍ തളര്‍ന്നു പോകുന്നു, കാഴ്ച നഷ്ടപ്പെടുന്നു, ഓരിയിട്ടു ഛര്‍ദിക്കുന്നു…. ദുരന്ത പ്രവാഹം.
രോഗം അറിയാതെ ആശുപത്രികളിലേക്ക് ആളുകള്‍ പാഞ്ഞു. ഞാറയ്‌ക്കല്‍ സര്‍ക്കാര്‍ ആശുപത്രി നിറഞ്ഞ് കവിഞ്ഞു. പലരേയും എറണാകുളം ജില്ലാ ആശുപത്രിയിലേക്കും ഫോര്‍ട്ട് കൊച്ചി, മട്ടാഞ്ചേരി ആശുപത്രികളിലേക്കും മാറ്റിക്കൊണ്ടിരുന്നു. അന്ന് ഗോശ്രീപാലമൊന്നും വന്നിട്ടില്ല. ബോട്ടില്‍ വെപ്രാളത്തോടെ തങ്ങളുടെ ഉറ്റവരുടെ തളര്‍ന്ന ശരീരവും താങ്ങി വരുന്നവരുടെ അലമുറകളായിരുന്നു എറണാകുളത്തിന്റെ പൂവിളി.
അടിയന്തര സാഹചര്യം നേരിടാന്‍ സംസ്ഥാനത്തിന്റെ വിവിധ സ്ഥലങ്ങളില്‍നിന്നു ഡോക്ടര്‍മാര്‍ എത്തി. വയറുവേദന, ഓക്കാനം, ഛര്‍ദി, മന്ദത, ബോധക്കുറവ്, വിറയല്‍ തുടങ്ങി എല്ലവര്‍ക്കും ഒരേ ലക്ഷണങ്ങള്‍.
വൈകാതെ പരിശോധനാ ഫലം വന്നു. വ്യാവസായിക ആവശ്യത്തിന് ഉപയോഗിക്കുന്ന മീഥൈല്‍ ആല്‍ക്കഹോള്‍ കലര്‍ന്ന മദ്യമാണ് വില്ലന്‍. പിന്നീട് താമസിച്ചില്ല, ഞാറയ്‌ക്കല്‍ സ്വദേശി സര്‍വോദയം കുര്യന്‍ എന്ന സന്നദ്ധപ്രവര്‍ത്തകന്‍ ഓട്ടോറിക്ഷയില്‍ ഉച്ചഭാഷിണി ഘടിപ്പിച്ച് കരകളിലാകെ അനൗണ്‍സ്മെന്റ് നടത്തി. വൈപ്പിന്‍കരയിലെ ചാരായ ഷോപ്പുകളില്‍നിന്നു മദ്യപിച്ചവരെല്ലാം അടിയന്തരമായി ആശുപത്രിയിലെത്തണമെന്നായിരുന്നു വിളംബരത്തിന്റെ ഉള്ളടക്കം. വിഷമദ്യമാണ് ദുരന്തകാരണമെന്നും കുര്യന്‍ മൈക്കിലൂടെ അലറിപ്പറഞ്ഞു. ജനപ്രവാഹമായിരുന്നു പിന്നീട് എറണാകുളത്തെ ആതുരാലയങ്ങളിലേക്ക്. മൂവായിരത്തോളം ആളുകളെ പരിശോധനയ്‌ക്ക് വിധേയമാക്കി. 700 പേരെ ചികിത്സിച്ചു.
തിരുവോണത്തലേന്ന് മുതല്‍ ആളുകള്‍ മരിച്ചുവീണിരുന്നെങ്കിലും അവിട്ടം ദിനത്തിലാണ് മരണ കാരണം വ്യക്തമായത്്. അതിനാല്‍ അവിട്ടം മുതലുള്ള മൃതദേഹങ്ങളേ പോസ്റ്റ് മോര്‍ട്ടം ചെയ്തിരുന്നുള്ളൂ. അതുകൊണ്ട് യഥാര്‍ത്ഥ മരണസംഖ്യയും രേഖപ്പെടുത്തപ്പെട്ടവയും തമ്മില്‍ വലിയ അന്തരമുണ്ടായി.
ഞാറയ്‌ക്കല്‍, മാലിപ്പുറം, എളങ്കുന്നപ്പുഴ, പുതുവൈപ്പ്, നായരമ്പലം, എടവനക്കാട്, അയ്യമ്പള്ളി എന്നിവിടങ്ങളിലാണ് ദുരന്തം ഏറ്റവും കൂടുതല്‍ ബാധിച്ചത്. മരിച്ചവരില്‍ ഏറെയും സാധാരണക്കാരായ കൂലിപ്പണിക്കാരും മത്സ്യത്തൊഴിലാളികളുമായിരുന്നു. സര്‍ക്കാര്‍ കണക്കില്‍ മാത്രം 78 പേര്‍ക്കു ജീവന്‍ നഷ്ടപ്പെട്ടു. 68 പേര്‍ക്കു കാഴ്ച പോയി. 650 കുടുംബങ്ങളിലെ ഗൃഹനാഥന്മാര്‍ നിത്യരോഗികളായി. സംസ്ഥാനം കണ്ട ഏറ്റവും വലിയ മദ്യദുരന്തം!
വില്ലന്‍ മീഥൈല്‍ ആല്‍ക്കഹോള്‍
ലാഭക്കൊതിയുടെ പേരില്‍ ഒരു കൂട്ടം മദ്യമുതലാളിമാര്‍ ചെറിയ ചെലവില്‍ വലിയ ലാഭം നേടാന്‍ നടത്തിയ കുറുക്കുവഴിയുടെ ദുരന്തമാണ് ഒരു നാടിനെ വിഴുങ്ങിയത്. അളവ് അല്‍പ്പം കൂടിപ്പോയാല്‍ മനുഷ്യജീവന്‍ നഷ്ടപ്പെടുമെന്ന് അറിഞ്ഞുകൊണ്ടുതന്നെ ചെയ്ത ഹീനകൃത്യം. മദ്യത്തിന് വീര്യം കൂട്ടാന്‍ ചാരായത്തില്‍ മീഥൈല്‍ ആല്‍ക്കഹോള്‍ ചേര്‍ക്കുകയായിരുന്നു. വ്യവസായിക ആവശ്യത്തിന് മാത്രമാണ് മീഥൈല്‍ ആല്‍ക്കഹോള്‍ എന്ന വിഷം ഉപയോഗിച്ചിരുന്നത്.
18 കിലോ മീറ്റര്‍ ചുറ്റളവില്‍ ഇരുപതോളം ചാരായക്കടകളിലാണ് മീഥൈല്‍ ആല്‍ക്കഹോള്‍ കലര്‍ന്ന ചാരായം കരാറുകാരായ എം.ടി. ചന്ദ്രസേനന്‍, കെ.കെ. വിജയന്‍, എം.പി. അഗസ്റ്റിന്‍, എം കെ തമ്പാന്‍, എന്നിവര്‍ വിതരണം ചെയ്തത്. ബെംഗളൂരുവില്‍നിന്ന് കേരളത്തിലേക്ക് സ്പിരിറ്റ് എത്തിച്ചുകൊടുക്കുന്ന കേരളത്തിലെ ഏറ്റവും വലിയ അബ്കാരിയായിരുന്നു ചന്ദ്രസേനന്‍, കേരള കോണ്‍ഗ്രസിന്റെ സംസ്ഥാന എക്സിക്യൂട്ടിവ് അംഗവും പാര്‍ട്ടിയുടെ പ്രധാന ഫണ്ട് ശേഖരണക്കാരനുമായിരുന്നു അഗസ്റ്റിന്‍, എറണാകുളം ജില്ലയിലെ പ്രമാണിയും പേരുകേട്ട അബ്കാരി മുതലാളിയുമായിരുന്ന കെ.ജി ഭാസ്‌കരന്റെ അനന്തരവനായിരുന്നു കെ.കെ. വിജയന്‍, വൈപ്പിന്‍ മേഖലയില്‍ ഏറ്റവും കൂടുതല്‍ ഷാപ്പുകള്‍ സ്വന്തമായി ഉണ്ടായിരുന്നത് തൃപ്പൂണിത്തുറ സ്വദേശിയായിരുന്ന എം.കെ. തമ്പാന്‍ എന്ന അബ്കാരിക്കായിരുന്നു.
എളങ്കുന്നപ്പുഴ ചുടലക്കളം
വാര്‍ത്ത പരന്നു. വൈപ്പിനൊപ്പം കേരളത്തിനൊന്നാകെ തിരുവോണം കണ്ണീരോണമായി. ആ ദിനം പകല്‍ തികഞ്ഞ അരക്ഷിതത്വത്തോടെ, വിഹ്വലതയോടെ കടന്നുപൊയ്‌ക്കൊണ്ടിരുന്നു. വൈപ്പിന്‍ ദീപിന്റെ തെക്കെ അറ്റത്തുള്ള എളങ്കുന്നപ്പുഴ പഞ്ചായത്തിലാകെ ചുടലകള്‍ ഉയര്‍ന്നു. പട്ടടകള്‍ കത്തിയെരിയുമ്പോള്‍ ഉയരുന്ന മനം മടുപ്പിക്കുന്ന ഗന്ധം കൊണ്ട് ജനങ്ങള്‍ അസ്വസ്ഥരായി. പിറ്റേന്ന് നേരം പുലര്‍ന്നപ്പോള്‍ ദ്വീപുകളില്‍ പലയിടത്തും പച്ചിലകൊണ്ട് എഴുതിയ ചുവരെഴുത്തുകള്‍ പ്രത്യക്ഷപ്പെട്ടു. ‘മദ്യക്കൊലയാളികളെ തൂക്കിലേറ്റുക, അവരെ ഉന്മൂലനം ചെയ്യുക.’
അന്നു വെകുന്നേരത്തോടെ വൈപ്പിനിലെ യുവജനത തെരുവിലിറങ്ങി. ചാരായ ഷോപ്പുകള്‍ തല്ലിതകര്‍ത്ത് അഗ്നിക്കിരയാക്കി. മുതലാളിമാരിലൊരാളായിരുന്ന കെ.കെ.വിജയന്റെ വെളിയത്തുപറമ്പിലുണ്ടായിരുന്ന വീടും അവര്‍ തല്ലിത്തകര്‍ത്തു. ജനരോഷം മറ്റിടങ്ങളിലേക്കും പടര്‍ന്നു. അടുത്ത ദിവസങ്ങളില്‍ ദ്വീപ് ജനത തങ്ങളുടെ പ്രതിഷേധാഗ്നിയുമായി തെരുവുകളെ പ്രകമ്പനം കൊള്ളിച്ചു. ഈ പ്രതിഷേധങ്ങളെയൊക്കെ സമാഹരിച്ചുകൊണ്ടാണ് ‘വൈപ്പിന്‍ വിഷമദ്യ വിരുദ്ധ ബഹുജന സമിതി’ എന്ന സമരസംഘടന രൂപം കൊണ്ടത്.
സര്‍ക്കാരും പ്രതിക്കൂട്ടില്‍
വൈപ്പിനിലെ സര്‍ക്കാര്‍ ലൈസന്‍സുള്ള ചാരായ ഷാപ്പില്‍ നിന്ന് മദ്യപിച്ച ആളുകളാണ് മരിച്ചത് എന്നുള്ളതിനാല്‍ സര്‍ക്കാരും പ്രതിക്കൂട്ടിലായി. മുഖ്യമന്ത്രിയായിരുന്ന കെ. കരുണാകരനും പ്രതിപക്ഷ നേതാവ് ഇ.കെ നായനാരും സ്ഥലം സന്ദര്‍ശിച്ചു. ഞാറയ്‌ക്കലില്‍ പരിശോധനകള്‍ക്കായി രണ്ടോ മൂന്നോ എക്സൈസ് ഉദ്യേഗസ്ഥര്‍ മാത്രമാണ് അന്ന് ഉണ്ടായിരുന്നത്. സംഭവത്തില്‍ നേരിട്ടോ അല്ലാതയോ എക്സൈസ് ഉദ്യേഗസ്ഥര്‍ ഉത്തരവാദികളാണെന്ന് സ്ഥലം സന്ദര്‍ശിച്ച ശേഷം എക്സൈസ് മന്ത്രി എന്‍. ശ്രീനിവാസന്‍ പറഞ്ഞു. തുടര്‍ന്ന് രണ്ട് റവന്യൂ ഉദ്യേഗസ്ഥരടക്കം എക്സൈസ് ഉദ്യേഗസ്ഥരെയും സസ്പെന്‍ഡ് ചെയ്തു. തുടര്‍ന്ന് ജുഡീഷ്യല്‍ അന്വേഷണവും പ്രഖ്യാപിച്ചു.
നായരമ്പലം ഭഗവതി വിലാസം സ്‌കൂള്‍ ഹാളില്‍ വച്ച് രൂപംകൊണ്ട ആക്ഷന്‍ കൗണ്‍സില്‍ ‘ഇതു ദുരന്തമല്ല കൂട്ടക്കൊലയാണ്’ എന്ന നിലപാട് ഉയര്‍ത്തി. കൊലയാളികള്‍ക്കെതിരെ ബഹിഷ്‌ക്കരണം എന്ന മുദ്രാവാക്യം പ്രഖ്യാപിച്ചു. ഇതിന്റെ ഭാഗമായി അബ്കാരി കൊലയാളികളെ മാതൃകാപരമായ നിയമനടപടികള്‍ക്ക് വിധേയമാക്കി ശിക്ഷിക്കുക, അബ്കാരികളുടെ സ്വത്ത് കണ്ടുകെട്ടി വിഷമദ്യദുരിതബാധിതര്‍ക്ക് വിതരണം നടത്തുക എന്നീ ആവശ്യങ്ങള്‍ മുന്നോട്ടുവച്ചു. ഇതിന്റെ അടിസ്ഥാനത്തില്‍ സമരസമിതിയുടെ പ്രസിഡന്റായിരുന്ന മണ്ഡലം മുഹമ്മദ് ഈ കേസിലെ കുറ്റക്കാരനെന്ന് ആരോപിക്കപ്പെട്ട കൊച്ചഗസ്തിയുടെ നായരമ്പലം പഞ്ചായത്തിലെ നെടുങ്ങാട് ഉണ്ടായിരുന്ന നെല്‍വലയിന്റെ വരമ്പത്ത് അനിശ്ചിതകാല നിരാഹാരം ആരംഭിച്ചു.
‘കൊലയാളിയുടെ പാടം കൊയ്യില്ല’
ദിനേനയെന്നോണം സമരം കൂടുതല്‍ കൂടുതല്‍ ജനകീയമായിക്കൊണ്ടിരുന്നു. പാടം കൊയ്യുന്നതില്‍നിന്നു കൊയ്‌ത്തുകാര്‍ വിട്ടുനില്‍ക്കണമെന്ന സമര സമിതിയുടെ ആഹ്വാനം ജനങ്ങള്‍ ആവേശത്തോടെ ഏറ്റെടുത്തു നടപ്പാക്കി.
ജനകീയ ഐക്യത്തിനെതിരെ പ്രതിസ്ഥാനത്തുളളവരും സര്‍ക്കാരും കൈകോര്‍ക്കുന്നതായിരുന്നു പിന്നീട് കണ്ടത്. വന്‍ പോലീസ് സംരക്ഷണയില്‍ കൊച്ചഗസ്തിയുടെ പാടം കൊയ്യാന്‍ പുറത്തുനിന്നു തൊഴിലാളികളെ വണ്ടികളില്‍ ഞാറയ്‌ക്കലെത്തിച്ചു. ഇതറിഞ്ഞ ജനങ്ങള്‍ സമര സമിതിയെ വിവരം അറിയിച്ചു. ഞാറയ്‌ക്കല്‍ പള്ളിയുടെ പരിസര പ്രദേശങ്ങളില്‍ താമസിച്ചിരുന്നവരുടെ നേതൃത്വത്തില്‍ മറുനാട്ടുകാരെ തടഞ്ഞു. സമരത്തിലുണ്ടായിരുന്ന സ്ത്രീകള്‍ പറഞ്ഞു. ”ഞങ്ങള്‍ക്ക് കൊയ്യാന്‍ അറിയാഞ്ഞിട്ടല്ല ഈ കൊലയാളിയുടെ പാ
ടം ഇങ്ങനെ കിടക്കുന്നത്. ഞങ്ങളുടെ ഭര്‍ത്താക്കന്മാരെ, ഞങ്ങളുടെ മക്കളെയൊക്കെ വിഷം കൊടുത്തു കൊന്ന ഈ നരാധമന്റെ പാടം കൊയ്യാന്‍ ഞങ്ങള്‍ തയാറല്ല. അതിന് മറ്റാരും മുതിരുകയും വേണ്ട.” ഈ വനിതാവീര്യം കണ്ടു ഭയന്നവര്‍ തിരിച്ചുപോയി.
പോലീസ് രാജില്‍ ഭയക്കാതെ
അതേസമയം മണ്ഡലം മുഹമ്മദിന്റെ ആരോഗ്യനില വഷളായിക്കൊണ്ടിരുന്നു. ഏഴാം ദിവസം അദ്ദേഹത്തെ അറസ്റ്റ് ചെയ്ത് ആശുപത്രിയിലാക്കാന്‍ വന്‍ പൊലീസ് സന്നാഹം എത്തി. അദ്ദേഹവും സമര സമിതിയും അറസ്റ്റിന് വഴങ്ങിയില്ല. ഒന്‍പതാം നാള്‍ മണ്ഡലം മുഹമ്മദിനെ ബലമായി അറസ്റ്റ് ചെയ്ത് എറണാകുളം ജനറല്‍ ആശുപത്രിയില്‍ പൊലീസ് ബന്തവസില്‍ പ്രവേശിപ്പിച്ചു. അദ്ദേഹം ആശുപത്രിയില്‍ പൊലീസിന്റെ ‘ഫോഴ്സ് ഫീഡിങ്ങിനെ’ എതിര്‍ത്തുകൊണ്ട് നിരാഹാരം തുടര്‍ന്നു.
സമരപ്പന്തലില്‍ സമിതി എക്സിക്യൂട്ടീവ് അംഗവും കളമശ്ശേരി ഐടിഐ വിദ്യാര്‍ത്ഥിയുമായിരുന്ന പി.എസ്. രാജീവ് അനിശ്ചിതകാല നിരാഹാരം ആരംഭിച്ചു. തുടര്‍ന്ന് സമിതിയുടെ യോഗം ചേര്‍ന്ന് നിയമം ലംഘിച്ച് പാടം കൊയ്യാനും നെല്ല് വിഷമദ്യത്തിനിരയായ കുടുംബങ്ങള്‍ക്ക് വിതരണം ചെയ്യുവാനും തീരുമാനിച്ചു. രാജീവിന്റെ നിരാഹാരത്തിന്റെ നാലാം നാള്‍ നിയമ ലംഘനം പ്രഖ്യാപിച്ചു. നിയമലംഘന സമരം പ്രഖ്യാപിച്ചുകൊണ്ട് തലേനാള്‍ ഞാറയ്‌ക്കല്‍ ലേബര്‍ കോര്‍ണറില്‍ നടന്ന പൊതുയോഗം കേരള ഹൈക്കോടതിയിലെ അക്കാലത്തെ സീനിയര്‍ ക്രിമിനല്‍ അഭിഭാഷകനായിരുന്ന അഡ്വ. ഈശ്വര അയ്യര്‍ ഉദ്ഘാടനം ചെയ്തു. പൊതുയോഗത്തിന് മൈക്ക് അനുവാദം നിഷേധിച്ചിരുന്നു. ജനകീയ ഐക്യത്തോടൊപ്പം അണിനിരക്കാനും ഈ നല്ല മനുഷ്യരോട് സംസാരിക്കാനും തനിക്ക് മൈക്കോ സര്‍ക്കാരിന്റെ ഒത്താശയോ ആവശ്യമില്ലായെന്ന പ്രഖ്യാപനത്തോടെയാണ് ഈശ്വരയ്യര്‍ പ്രസംഗം ആരംഭിച്ചത്. സമര സമിതി പ്രവര്‍ത്തകരെ കരുതല്‍ തടങ്കലില്‍ എടുക്കാന്‍ പൊലീസ് സര്‍വസന്നാഹങ്ങളും ഒരുക്കി. എന്നാല്‍ ഒരു പ്രവര്‍ത്തകനെപ്പോലും പൊലീസിന് തൊടാനായില്ല.
അടുത്ത ദിനം പുലര്‍ന്നപ്പോള്‍ ഞാറയ്‌ക്കല്‍, നെടുങ്ങാട്, നായരമ്പലം നിവാസികളെ എതിരേറ്റത് തോക്കുകളും ടിയര്‍ ഗ്യാസ് ഷെല്ലുകളും ലത്തിയുമൊക്കെ ഏന്തിയ നൂറ് കണക്കിന് റിസര്‍വ് പോലീസുകാരാണ്. വെടിവയ്പിനുളള സാധ്യതവരെ മുന്നില്‍ക്കണ്ടുകൊണ്ട് ജില്ലാ മജിസ്ട്രേറ്റും സന്നിഹിതനായിരുന്നു.
സമര സമിതി വൈസ് പ്രസിഡന്റ് മഞ്ഞളിയില്‍ തോമസ് മാസ്റ്ററുടെ നേതൃത്വത്തില്‍ സമിതി സെക്രട്ടറി പി.എന്‍. സുകുമാരന്‍, ജോയിന്റ് സെക്രട്ടറി പി.എസ്.രാജഗോപാലന്‍, സമിതി എക്സിക്യൂട്ടീവ് അംഗം കെ.ബി.ഗുഹന്‍ എന്നിവരടക്കമുള്ള നൂറുകണക്കിന് ആളുകള്‍ നിയമലംഘനത്തിനായി രാവിലെ ഒമ്പത് മണിയോടെ പാടശേഖരത്തിനടുത്തെത്തി. നിരാഹരപ്പന്തലില്‍നിന്ന് അര കിലോ മീറ്റര്‍ അകലെവച്ച് പോലീസ് നിയമലംഘന സംഘത്തെ തടഞ്ഞു. നിരാഹാരിക്ക് അരിവാള്‍ നല്‍കി സമരം ഉദ്ഘാടനം ചെയ്യാന്‍ തയാറായ വയോധികയായ അമ്മു എന്ന തൊഴിലാളി സ്ത്രീയെ പോലീസ് അവരുടെ വീട്ടില്‍ തടഞ്ഞുവച്ചു. തുടര്‍ന്ന് ഒരു മുന്നറിയിപ്പും ഇല്ലാതെ, ജില്ലാ മജിസ്ട്രേറ്റിന്റെ സാന്നിധ്യത്തില്‍ പൊലീസ് സമര പ്രവര്‍ത്തകര്‍ക്കുനേരെ മര്‍ദനം ആരംഭിച്ചു. മഞ്ഞളി മാഷും ഗുഹനുമെല്ലാം പൊലീസിന്റെ അതിക്രൂരമായ അടിയേറ്റ് നിലത്തുവീണു. നിലത്തുവീണവരെ പോലീസ് ചവിട്ടിമെതിച്ചു. ഒരു വ്യവസ്ഥാപിത പ്രസ്ഥാനത്തിന്റെയും നേതൃത്വത്തിലല്ലാതെ അണിനിരന്ന ആളുകളില്‍ പലരും ഈ കടന്നാക്രമണങ്ങളില്‍ പതറാതെ ഉറച്ചുനിന്നു. ചിലര്‍ ചിതറി ഓടി.
ഇതേസമയം, സമര കേന്ദ്രത്തില്‍ നിന്ന് ഒന്നര കിലോമീറ്റര്‍ മാറി പുഴയ്‌ക്ക് പടിഞ്ഞാറെ കരയില്‍ കൂടിനിന്നവര്‍ക്കെതിരെയും അതിക്രൂരമായ മര്‍ദ്ദനമായിരുന്നു പോലീസ് നടത്തിയത്. 27 സമിതി പ്രവര്‍ത്തകരെ ക്രിമിനില്‍ കേസ് ചാര്‍ജ് ചെയ്ത് ജയിലില്‍ അടച്ചു.
പടര്‍ന്ന പ്രതിഷേധം; നോട്ടീസ്, നാടകം
എന്നിട്ടും സമരം അവസാനിച്ചില്ല. വൈപ്പിന്‍ ദ്വീപിന്റെ മുക്കിനും മൂലയിലും സമിതി പ്രവര്‍ത്തകര്‍ പോലീസ് നടപടിക്കെതിരെ പ്രകടനങ്ങളും തെരുവ് യോഗങ്ങളുമായി പ്രതിഷേധം തുടര്‍ന്നു. ലാത്തിച്ചാര്‍ജിന്റെ പിറ്റേന്ന് ഉച്ചയ്‌ക്ക് സി.ജെ.രാജീവ് എന്ന സമിതി നേതാവിന്റെ നേതൃത്വത്തില്‍ ഒരു സംഘം പ്രവര്‍ത്തകര്‍ പോലീസ് അതിക്രമത്തിനെതിരെ കറുത്ത തുണികൊണ്ട് വായ മൂടിക്കെട്ടി പ്ലക്കാര്‍ഡുകളുമായി നിരാഹാരം നടന്ന സ്ഥലത്തേക്ക് നായരമ്പലത്തുനിന്നു നാല് കിലോമീറ്റര്‍ താണ്ടി മാര്‍ച്ച് ചെയ്തു.
ഇതേസമയം, സമര സമിതി പുറത്തിറക്കിയ നോട്ടീസ് കേരളത്തില്‍ മറ്റൊരു ചരിത്രം സൃഷ്ടിച്ചു. ‘
ഇതാ സുഹൃത്തേ, സൗഹൃദം നീട്ടുന്ന ഒരു കൈ’ എന്ന നോട്ടീസ് അന്നത്തെ ലെറ്റര്‍ പ്രസ് സംവിധാനത്തില്‍ നിരവധി തവണ അച്ചടിച്ചു. സപ്തംബര്‍ 27 ന് ആദ്യം രണ്ടായിരം കോപ്പിയാണ് അച്ചടിച്ചത.് പിന്നെ പല തവണയായി പതിനായിരത്തിലേറെ കോപ്പികളായി.
ഇതോടൊപ്പംതന്നെ ജനകീയ സാംസ്‌കാരിക വേദിയുടെ പൊറിഞ്ചുവര്‍ഗീസ് എന്ന നാടകം വൈപ്പിന്‍ കരയില്‍ മാത്രം നൂറിലേറെ ഇടങ്ങളില്‍ അവതരിപ്പിച്ചു. 1980ല്‍ പുനലൂരിലുണ്ടായ വിഷമദ്യ ദുരന്തത്തിലെ പ്രതിയുടെ രക്ഷപ്പെടലിന്റെ പശ്ചാത്തലത്തിലാണ് ഈ നാടകം എഴുതിയത്. വൈപ്പിന്‍കരയിലെ മാത്രമല്ല, പുറത്തുമുളള ജനങ്ങളെ ബോധവല്‍ക്കരിക്കുന്നതിന് ഈ നാടകവും നോട്ടീസും വഹിച്ച പങ്ക് വളരെ വലുതായിരുന്നു.
ഒടുവില്‍ നടപടി
ഇത്രത്തോളം ആയപ്പോള്‍ സമരത്തെ പോലീസ് നടപടികളിലൂടെ ഇല്ലാതാക്കാനാവില്ലെന്ന് ബോധ്യമായ സര്‍ക്കാര്‍ കുറ്റക്കാരായ അബ്കാരികള്‍ക്കെതിരെ നിയമനടപടി എടുക്കാന്‍ നിര്‍ബന്ധിതരായി. കെ.കെ.വിജയന്‍, കൊച്ചഗസ്തി, ചന്ദ്രസേനന്‍, തിരുമുല്‍പ്പാട് അടക്കമുള്ളവര്‍ക്കെതിരെ പോലീസ് നരഹത്യക്ക് കേസ് എടുത്തു. തുടര്‍ന്ന് നടന്ന വിചാരണയില്‍ പ്രതികള്‍ ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ട് ജയിലറയ്‌ക്കകത്തായി. അങ്ങനെ കേരള ചരിത്രത്തിലെ വ്യത്യസ്തമായ അടയാളപ്പെടുത്തലായി ആ ജനകീയ സമരം. വൈപ്പിന്‍ ജനതയുടെ പ്രതിഷേധങ്ങള്‍ക്ക് മുന്നില്‍ കുറ്റവാളികള്‍ ശിക്ഷിക്കപ്പെട്ടു.
1980ല്‍ പുനലൂരില്‍ 11 പേരുടെ മരണത്തിനിടയാക്കിയ വിഷമദ്യ കേസിലെ പ്രതിയായിരുന്ന അബ്കാരി പാച്ചി ഫിലിപ്പ് എന്നയാള്‍ ഒരു ദിവസം ലോക്കപ്പില്‍ പോലും കിടക്കാതെ രക്ഷപ്പെട്ടുവന്നത് ചരിത്രം. പിന്നീട് കല്ലുവാതുക്കലിലെ വിഷമദ്യ ദുരന്തമുണ്ടായപ്പോള്‍ ഹയറുന്നീസയും മണിച്ചനുമെല്ലാം ശിക്ഷിക്കപ്പെട്ടതും പില്‍ക്കാല ചരിത്രം.
നടേശന്‍ സാക്ഷി
വൈപ്പിന്‍ വിഷമദ്യ ദുരന്തത്തെ അതിജീവിച്ചതില്‍ ഇന്ന് ജീവിച്ചിരിക്കുന്നത് നടേശന്‍ മാത്രം. 36-ാമത്തെ വയസ്സിലാണ് അദ്ദേഹത്തിന് ദുരന്തത്തില്‍ കാഴ്ച നഷ്ടപ്പെടുന്നത്. കാഴ്ച നഷ്ടപ്പെടുമ്പോള്‍ നാല് മക്കളില്‍ ഇളയ മകന് അഞ്ച് വയസ്സ് മാത്രം. മൂത്ത മകന് 12 വയസ്സ്. നടുക്കുള്ളത് രണ്ട് പെണ്‍കുട്ടികള്‍. ഒരു സ്വകാര്യ കമ്പനിയില്‍ ഡ്രൈവറായി ജോലി നോക്കുകയായിരുന്നു നടേശന്‍. ഓണം ആഘോഷിക്കുന്നതിന് കൂട്ടുകാര്‍ക്കൊപ്പം ഷാപ്പില്‍ കയറിയതാണ്.
എന്നാല്‍ വീട്ടിലെത്തിയ നടേശന് ഛര്‍ദി തുടങ്ങി. ഗ്യസിന്റെ ബുദ്ധിമുട്ടാകുമെന്ന് കരുതി. അല്‍പം കഴിഞ്ഞ് കണ്ണില്‍ ഇരുട്ട് കയറുന്നതായി തോന്നി. തുടര്‍ന്ന് ഉറങ്ങാന്‍ കിടന്ന നടേശന് പിറ്റേന്ന് നേരം വെളുത്തപ്പോള്‍ അസ്വസ്ഥത കൂടി. തുടര്‍ന്ന് തൊട്ടടുത്തുള്ള സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും കാഴ്ച പൂര്‍ണ്ണമായും നഷ്ടമായിരുന്നു.
കാഴ്ച തിരികെ കിട്ടുമോ എന്നറിയാന്‍ കുറെ നാള്‍ ആശുപത്രികളില്‍ കയറി ഇറങ്ങി. എന്നാല്‍ ഒരു പ്രയോജനവും ഉണ്ടായില്ല. ആയുസ്സിന്റെ ബലം കൊണ്ടാണ് ജീവന്‍ തിരികെ കിട്ടിയതെങ്കിലും പിന്നീടുള്ള ജീവിതം മരണതുല്യമായിരുന്നുവെന്നും നടേശന്‍ പറയുന്നു. ഇപ്പോള്‍ ഉപജീവനമാര്‍ഗമായി അയ്യമ്പിള്ളിയില്‍ വടക്കേക്കര ബസ്സ് സ്റ്റോപ്പിനടുത്ത് ഒരു പെട്ടിക്കട നടത്തുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക