ഭാരത് ജോഡോ യാത്ര വിജയിക്കുന്നതും പരാജയപ്പെടുന്നതും ആ പാര്‍ട്ടിയുടെയും നേതാവ് രാഹുല്‍ ഗാന്ധിയുടെയും വിധി. വിജയിപ്പിക്കാന്‍ എനിക്ക് ബാധ്യതയില്ല. പക്ഷേ, ഭാരതം ‘ജോഡോ’ ചെയ്യണം, ‘ഒന്നിക്കണം’, എന്നത് എന്റെ ആഗ്രഹമാണ്. അഖണ്ഡഭാരതമാകണം എന്ന് പ്രതിദിനം പ്രാര്‍ഥിക്കുന്ന ബഹുശ്ശതം പേരില്‍ ഒരാളാണ് ഞാന്‍. അത് അസാധ്യമാണെന്ന് പറയുന്നവരോടും, ഞാന്‍ പരിശ്രമിക്കുന്നതിന് നിങ്ങള്‍ക്ക് വിരോധം വേണ്ട എന്ന് പറഞ്ഞ് വഴിമാറിപ്പോകുകയും ചെയ്യാറുണ്ട്. അതിനാല്‍ ‘ഭാരത് ജോഡോ’ എന്ന മുദ്രാവാക്യം ഉയര്‍ത്തി പ്രമുഖ രാഷ്ട്രീയപ്പാര്‍ട്ടി നടത്തുന്ന യാത്രയെ വിമര്‍ശിക്കുകയോ അവരെ പിന്തിരിപ്പിക്കുകയോ ചെയ്യാന്‍ എനിക്ക് താല്പര്യമില്ല.
പക്ഷേ, 60 വര്‍ഷത്തിലേറെ രാജ്യം ഭരിച്ച പാര്‍ട്ടിയുടെ ആ മുദ്രാവാക്യവും അതിന്റെ ലക്ഷ്യവും മാര്‍ഗവും രീതിയും ആരെയും വിമര്‍ശിക്കാന്‍ നിര്‍ബന്ധിതരാക്കും. കാരണം, ഇങ്ങനെപോരാ യാത്ര എന്ന് ആര്‍ക്കും തോന്നും. സ്വാഭാവികം. അതിനാല്‍ത്തന്നെയാണ് എനിക്കും ചിലത് പറയാന്‍ തോന്നുന്നത്.
രാഹുല്‍ ഗാന്ധി ആദ്യമായി ലോക്സഭാംഗമായത് 2004 ല്‍ ആണ്. കോണ്‍ഗ്രസ് മുന്നണിയാണ് ഭരണത്തില്‍. ലോക്സഭാ സമ്മേളനം നടക്കുമ്പോള്‍ എംപിയായ രാഹുലിനെ പലപ്പോഴും അവിടെ കാണാറില്ലായിരുന്നു. ചോദ്യോത്തരവേള കഴിഞ്ഞേ വരൂ. വന്നാല്‍ പിന്‍ബഞ്ചിലിരുന്ന് മറ്റംഗങ്ങളോട് വര്‍ത്തമാനം പറയും, പ്രസ്ഗ്യാലറിയിലും സന്ദര്‍ശക ഗ്യാലറിയിലും നോക്കി ആംഗ്യം കാണിക്കും, എഴുന്നേറ്റ് പോകും. ചര്‍ച്ചകള്‍ കേള്‍ക്കുകയോ പങ്കാളിയാകുകയോ ഇല്ല. ഒരുതരത്തിലും സഭാനടപടികളില്‍ പങ്കുചേരില്ല. അന്നൊരിക്കല്‍ മുന്‍പ്രധാനമന്ത്രി അടല്‍ബിഹാരി വാജ്പേയി രാഹുലിനെ ഉദ്ദേശിച്ച്, എന്നാല്‍ പൊതുവായി പറഞ്ഞു: യുവ എംപിമാര്‍ പലരും സഭയുടെ ചോദ്യോത്തരവേളയില്‍ ഉണ്ടാകാറില്ല. സഭാ നടപടികളില്‍ പങ്കുകൊള്ളുന്നില്ല. ചര്‍ച്ചകളില്‍ പങ്കെടുക്കുന്നില്ല, ഇത് ശരിയല്ല. നാടുമുഴുവന്‍ നടന്നുകണ്ട് രാജ്യത്തിന്റെ ഹൃദയമിടിപ്പ് മനസ്സിലാക്കാനുള്ള അവസരം പോലെയാണ് ചോദ്യോത്തരവേള. നിങ്ങള്‍ക്ക് പത്രങ്ങള്‍ വഴിയോ മറ്റ് മാധ്യമങ്ങളിലൂടെയോ കിട്ടാത്ത വിവരങ്ങള്‍ ഇവിടെ കിട്ടും. രാജ്യത്തിന്റെ യഥാസ്ഥിതി അറിയാം.
തുടര്‍ദിവസങ്ങളിലെങ്കിലും ശ്രദ്ധിച്ചു, ബിജെപിപ്രതിപക്ഷ ബഞ്ച് ചോദ്യവേളയില്‍ തിങ്ങിനിറഞ്ഞു. ട്രഷറി ബെഞ്ചില്‍ രാഹുലിനെ കണ്ടില്ല; തലേന്ന് വാജ്പേയി പറയുന്നത് ശ്രദ്ധിച്ച് കേള്‍ക്കുന്നുണ്ടായിരുന്നു രാഹുല്‍, എന്നിട്ടും. മുത്തച്ഛന് നെഹ്രു, ‘ഭാവിപ്രധാനമന്ത്രി’ എന്ന് വിശേഷിപ്പിക്കുക മാത്രമല്ല, അത് സംഭവിക്കുകയും ചെയ്ത ചരിത്രം അറിയാമായിരുന്നോ അന്ന് രാഹുലിന് എന്ന് നമുക്കറിയില്ലല്ലോ. അന്ന് വാജ്പേയിയെ കേള്‍ക്കാത്ത രാഹുല്‍, 34 വയസില്‍നിന്ന് ഇന്നിപ്പോള്‍ 52 വയസ്സില്‍ എത്തിയപ്പോഴും കാര്യമായി ഒന്നും പഠിച്ചിട്ടില്ല എന്ന് ‘ജോഡോ ഭാരത്’ പ്രഖ്യാപനത്തിലും ‘നടത്തിപ്പിലും’ എന്ന് സൂക്ഷ്മമായി വിലയിരുത്തിയാല്‍ ആര്‍ക്കും കാണാം.
പാര്‍ട്ടിയെയാണ് ‘ജോഡോ’ ചെയ്യേണ്ടത്, രാജ്യം വിഭജിച്ചവരാണ് ജോഡോ പറയുന്നത്, ‘ഭാരത് ഛോടോ’ (ഉപേക്ഷിക്കുക) ആണ് ശരിയായമുദ്രാവാക്യം തുടങ്ങിയ വിമര്‍ശനങ്ങള്‍ വന്നുകഴിഞ്ഞു. അതല്ല വിഷയം. രാഹുല്‍ നയിച്ചാലും പ്രിയങ്ക നയിച്ചാലും ഇനി കെ.സി. വേണുഗോപാല്‍തന്നെ നയിച്ചാലും അബദ്ധത്തില്‍ ശശിതരൂര്‍ നയിച്ചാലും ‘ജോഡോ ഭാരത്’ എന്ന മുദ്രാവാക്യം കോണ്‍ഗ്രസ് ഉപേക്ഷിക്കരുത്. കാരണം, അകന്നുപോയ പലതിനേയും ഒന്നിപ്പിക്കാനുള്ള ധര്‍മം കോണ്‍ഗ്രസിനുണ്ട്, അകറ്റിയത് അവരാണല്ലോ.
കോണ്‍ഗ്രസ് ക്ഷയിക്കരുത്. വളരണം. ശക്തമാകണം. ‘കോണ്‍ഗ്രസ്മുക്ത ഭാരതം’ എന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ലക്ഷ്യം കോണ്‍ഗ്രസ് തന്നെ നടപ്പാക്കണം. പ്രധാനമന്ത്രി പറഞ്ഞ, ലക്ഷ്യംവെച്ച ‘കോണ്‍ഗ്രസ്മുക്ത ഭാരതം’ എന്നത് കോണ്‍ഗ്രസ് കഴിഞ്ഞ കാലങ്ങളില്‍ ഉണ്ടാക്കിയ ഭരണസംസ്കാരത്തില്നിന്നുള്ള മുക്തി എന്നാണ്. അത് അദ്ദേഹംതന്നെ വിശദമാക്കിയിട്ടുള്ളതാണ്. അതേക്കുറിച്ച് വഴിയേ പറയാം.
കോണ്‍ഗ്രസ് പാര്‍ട്ടി ആദ്യമല്ല ഇത്തരം പ്രതിസന്ധി നേരിടുന്നത്. ഇന്ദിരാഗാന്ധിയോട് വിയോജിച്ച് ജഗജീവന്‍ പോയി ജീവനും പോയി, ബഹുഗുണയും ഗുണവും പോയി, ഇന്ദിരയാകെ നാറിപ്പോയി എന്ന് നാട്ടുകാരെക്കൊണ്ട് പറയിച്ച കാലമുണ്ടായിരുന്നില്ലേ. പി.വി. നരസിംഹറാവു കോണ്‍ഗ്രസ് അധ്യക്ഷനും പാര്‍ട്ടി പ്രസിഡന്റുമായിരിക്കെ ആ പാര്‍ട്ടി ഇന്നത്തേതിനേക്കാള്‍ വലിയ പ്രതിസന്ധി നേരിട്ടത് ഓര്‍മ്മയില്ലേ. അര്‍ജുന്‍സിങ്, പ്രണബ് മുഖര്‍ജി, പി.എ. സാങ്മ, മാധവ് റാവ് സിന്ധ്യ, മമത ബാനര്‍ജി, രാജേഷ് പൈലറ്റ്, ശരദ് പവാര്‍, പി. ചിദംബരം, ജി.കെ. മൂപ്പനാര്‍ … ഇങ്ങനെ അന്ന് കോണ്‍ഗ്രസിന്റെ നെടുംതൂണുകളായിരുന്നവര്‍ പലരും കോണ്‍ഗ്രസ് വിട്ടുപോയില്ലേ. പിന്നെയും അവരില്‍ പലരും മടങ്ങിവന്ന് കോണ്‍ഗ്രസിനെ അധികാരത്തിലേറ്റിയില്ലേ. അപ്പോള്‍ കോണ്‍ഗ്രസ് എന്ന രാഷ്ട്രീയപ്പാര്‍ട്ടിയുടെ സര്‍വനാശം അത്ര എളുപ്പമല്ല, രാഹുല്‍ഗാന്ധിയോ സോണിയാ ഗാന്ധിയോ ഒക്കെ എത്രതന്നെ വിചാരിച്ചാലും. പക്ഷേ, എട്ടുവര്‍ഷത്തോളം അധികാരത്തില്നിന്നിട്ടും പിന്നെയും തിരികെ ഭരണത്തില്‍വന്ന കോണ്‍ഗ്രസ് ചെയ്യേണ്ടത് അന്ന് ചെയ്തില്ല, ചെയ്യരുതാത്തത് കൂടുതല്‍ ശക്തമായി ചെയ്തു. അതാണ് അവര്‍ ഉപ്പുവെച്ച മണ്‍കലം പോലെ നശിക്കുന്നത്. അത് അവരുടെ വിധി.
‘കോണ്‍ഗ്രസ് ഭരണസംസ്കാരം’ എന്നാല്‍ എന്തെന്ന് ചോദിച്ചാല്‍ ഉത്തരം ‘അഴിമതിഭരണം’ എന്നാണ്. ഭരണത്തില്‍ അഴിമതിയുടെ ആവിഷ്കര്‍ത്താക്കളും ആസൂത്രകരും ആധികാരിക സംരക്ഷകരും കോണ്‍ഗ്രസാണെന്ന് അവര്‍ തെളിയിച്ചിട്ടുള്ളതാണ്; സംസ്ഥാനങ്ങളിലെ ഭരണങ്ങളിലൂടെ, കേന്ദ്ര ഭരണത്തിലൂടെ. ഈ അഴിമതിയ്ക്കാണ് നരസിംഹറാവു ഭരണത്തില്‍ അവരെ ജനങ്ങള്‍ ശിക്ഷിച്ച് വോട്ടുചെയ്ത് പുറത്താക്കിയത്. പിന്നെയും അധികാരത്തിലേറിയിട്ട് അതൊക്കെത്തന്നെ ആവര്‍ത്തിച്ചിട്ടാണ് മന്‍മോഹന്‍സിങ് സര്‍ക്കാരിനെ പുറത്തിരുത്തിയത്. ആ സംസ്കാരം ഇല്ലാതാക്കണം എന്നാണ് നരേന്ദ്ര മോദി പറഞ്ഞത്. അന്ന് വാജ്പേയി പറഞ്ഞതും ഇന്ന് മോദി പറയുന്നതും രാഹുലിന് മനസ്സിലാകുന്നില്ല, 18 വര്‍ഷം വയസ്സില്‍ വളര്‍ന്നിട്ടും!
രാഹുല്‍ ‘ഭാരത് ജോഡോ’ യാത്രയൊന്നും നടത്തേണ്ട. പാര്‍ട്ടി തെരഞ്ഞെടുപ്പില്‍, തോറ്റുപോകുമെന്ന് ഭയന്ന് മാറിനില്‍ക്കേണ്ട. രണ്ടുതലത്തില്‍ ഒരേകാര്യം ചെയ്താല്‍ മാത്രംമതി. പാര്‍ട്ടിയില്‍ തലമുതിര്‍ന്ന നേതാക്കളെ പല കാരണങ്ങള്‍ക്ക് പലതരത്തില്‍ അധിക്ഷേപിച്ച്, അപമാനിച്ച്, രാഹുലും സോണിയയും അവഗണിച്ചിട്ടുണ്ട്. അവരില്‍ ഏറ്റവും വ്രണപ്പെട്ട നരസിംഹറാവുവും സീതാറാം കേസരിയും ഇന്നില്ല. മറ്റുള്ളവരോട് ആ അവിവേകത്തിന് പൊറുക്കണമെന്ന് അമ്മയും മക്കളും മാപ്പ് അപേക്ഷിക്കുക. രണ്ടാമതായി, വല്യപ്പൂപ്പന്, അമ്മുമ്മ, അച്ഛന് മുറകളിലായി, പലതലമുറകള് ഈ രാജ്യത്തെ സാമ്പത്തികമായി, രാഷ്ട്രീയമായി, കൊള്ളയടിച്ചതിനും അഴിമതിയില്‍ മുച്ചൂടും മുടിച്ചതിനും തെറ്റ് ഏറ്റുപറഞ്ഞ് ഭാരത ജനതയോടാകെ കൂട്ടമാപ്പിരക്കണം. രണ്ടും ‘ഭഗീരഥ പ്രയത്ന’മാണ്. ചെയ്താല്‍ വിണ്ഗംഗയൊഴുക്കി കുലത്തെ ശാപമുക്തമാക്കിയ ഭഗീരഥയത്നം പോലെ അത് പാര്‍ട്ടിയെ പുഷ്ടിപ്പെടുത്തലാകാം. പാര്‍ട്ടിവിട്ടുപോയി ചെറിയ ചെറിയ പാര്ട്ടികളുണ്ടാക്കിയവരെ ഒന്നിപ്പിച്ച് പാര്‍ട്ടിയില്‍ ചേര്‍ത്ത് കോണ്‍ഗ്രസിനെ ശക്തിപ്പെടുത്താം. ദേശീയകാഴ്ചപ്പാടില്ലാത്ത കൊച്ചുകൊച്ചു പാര്‍ട്ടികള്‍ക്ക് പകരം നയനിലപാടുകളും പരിപാടികളുമുള്ള പാര്‍ട്ടികള്‍ മാത്രമായി പക്ഷവും പ്രതിപക്ഷവുമായി മുന്നേറാം. അത് രാജ്യത്തിന് ഗുണകരമാകുകയും ചെയ്യും. പക്ഷേ രാഹുല്‍ ഗാന്ധിയാകും ആദ്യം പറയുക എത്ര നടക്കാത്ത സ്വപ്നം എന്ന്. എന്നാല്‍, ഭാരതം ഒന്നാക്കാനും അഖണ്ഡ ഭാരതമാക്കാനുമുള്ള ഇപ്പോഴത്തെ രാജ്യത്തിന്റെ കൂട്ടായ പരിശ്രമങ്ങളില്‍ പങ്കുചേരാന്‍ കോണ്‍ഗ്രസിന് ഈയൊരു വഴിയേ ഉള്ളു.
ആം ആദ്മി പാര്‍ട്ടിപോലെ വ്യത്യസ്തമായേക്കുമെന്ന് പ്രതീക്ഷ നല്കിയ പാര്‍ട്ടികള്‍പോലും ‘കോണ്‍ഗ്രസ് സംസ്കാര’ത്തിന്റെ വഴിയില്‍ അഴിമതിയില്‍ മുങ്ങുമ്പോള്‍, ഓരോ ശരീരഭാഗങ്ങള്‍ ആ കാന്‍സറിന്റെ പിടിയില്‍നിന്ന് മോചിപ്പിച്ച് രാജ്യത്തെ രക്ഷപ്പെടുത്തിയെടുക്കുകയാണ് മോദിഭരണം. ഭരണത്തില്‍ അഴിമതി എന്ന ആക്ഷേപമേ കേള്‍ക്കാനില്ല. അതേസമയം കേരളമോ? മാര്‍ക്സിസ്റ്റ് പാര്‍ട്ടിയുടെ രണ്ടാംവരവില്‍ ആഹ്ലാദിക്കുന്നത് അഴിമതിയിലൂടെ ഫലം നേരിട്ടനുഭവിക്കുന്നവര്‍ മാത്രം. ഓര്‍മ്മയില്ലേ, ആം ആദ്മി പാര്‍ട്ടിയുടെ അഴിമതികളെക്കുറിച്ചും ആദ്യം പരസ്യമായി പ്രതികരിച്ചത് ദല്‍ഹി ലഫ്റ്റനന്റ് ഗവര്‍ണര്‍ ആയിരുന്നു. ഗവര്‍ണര്‍ക്കെതിരേ മുഖ്യമന്ത്രി കേജ്രി വാളിന്റെ പക്ഷത്തായിരുന്നു അന്ന് പലരും. അഴിമതിക്ക് എതിരേ നിരത്തിലിറങ്ങിയവരിലൂടെ രൂപംകൊണ്ട ആ പാര്‍ട്ടി ഇന്ന് അഴിമതിയില്‍ മുങ്ങിത്താഴുകയാണ്. കേരളത്തില്‍ ഗവര്‍ണര്‍ക്കെതിരേയുള്ള കൊലവെറികള്‍ക്ക് അടിസ്ഥാനവും അഴിമതികളാണ്. ക്രമക്കേടുകള്‍, ബന്ധുജനപ്രീണനം, വഴിവിട്ട നിയമനം… സര്‍വകലാശാലകള്‍ മാത്രം കേന്ദ്രീകരിച്ചുള്ള ഈ അഴിമതികളാണ് കേരള ഗവര്‍ണര്‍ വിളിച്ചു പറയുന്നത്. ഭരണക്രമത്തില്‍ സര്‍വത്ര നടത്തിക്കൊണ്ടിരിക്കെ അതുതടയാനുള്ള സംവിധാനമായ ലോകായുക്തയെ നിര്‍വീര്യമാക്കാനുള്ള നിയമനിര്‍മാണം ഗവര്‍ണര്‍ തടയുമോ എന്നാണ് പിണറായി സര്‍ക്കാരിന് ഭയം. അതായത്, ഗവര്‍ണര്‍ ആരീഫ് മുഹമ്മദ് ഖാനും മുഖ്യമന്ത്രി പിണറായി വിജയനും തമ്മിലുള്ള, ആര് ശക്തന് എന്ന മത്സരമല്ല ഇത്. പിണറായി വിജയന് വിശ്വസിക്കുന്ന കമ്യൂണിസ്റ്റ് പാര്‍ട്ടി (മാര്‍ക്സിസ്റ്റ്) ഓഫ് ഇന്ത്യയും ആരീഫ് ഖാന് വിശ്വസിക്കുന്ന ഭാരതീയ ജനതാപാര്‍ട്ടിയും തമ്മിലുള്ള തര്‍ക്കമല്ല ഇത്. ഒരു സംസ്ഥാനത്തെ ജനങ്ങളും അവരുടെ ജനാധിപത്യ ഭരണഘടനാ മൗലിക അവകാശങ്ങള്‍ സംരക്ഷിക്കാന്‍ നില്ക്കുന്ന ഒരാളും അതിനെതിരായി അതെല്ലാം തന്നിഷ്ടത്തിന് മാത്രം നടപ്പാക്കുന്ന, തെരഞ്ഞെടുപ്പിലൂടെ അധികാരത്തിലെത്തിയ ഒരാളും തമ്മിലുള്ള തര്‍ക്കമാണ്. അവിടെ വോട്ടു രാഷ്ട്രീയത്തിന് അതീതമായി, അഴിമതിസംസ്കാരത്തിനെതിരായി പുതിയൊരു ‘കേരള ജോഡോ’യ്ക്കുള്ള അവസരമാണ് ഉയരുന്നത്. ഒരേസമയം അഴിമതിയെ എതിര്‍ക്കാനും രാഷ്ടീയാതീതമായി ഒന്നിക്കാനുമുള്ള ഈ അവസരത്തെയാണ് വാസ്തവത്തില്‍ ‘ജോഡോ ഭാരത്’ എന്ന് വിളിക്കേണ്ടത്. അഴിമതി വിമുക്തിയിലേക്കുള്ള ആ ജോഡോ ഭാരത് വിജയിപ്പിക്കേണ്ടത് അങ്ങനെ നാം എല്ലാവരുടേയും കര്‍ത്തവ്യവുമാകുന്നു.
പിന്കുറിപ്പ്:
സംസ്ഥാനത്ത് ഭരണഘടനാ പ്രതിസന്ധിയെന്ന് പ്രതിപക്ഷ നേതാവ് പറയുന്നു. സൂക്ഷിക്കണം, ദേശീയ നേതാവായ കേരള എംപി പറയാത്തത് പറയാന്‍ ആരു പറഞ്ഞുവെന്ന് കെ.സി. വേണുഗോപാല്‍ ചോദിക്കാനിടയുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: