പാലക്കാട്: ആര്‍എസ്എസ് നേതാവ് ശ്രീനിവാസന് കൊലക്കേസില്‍ ഒരാള്‍ കൂടി അറസ്റ്റില്‍. പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകനായ മലപ്പുറം സ്വദേശി സിറാജുദീനാണ് അറസ്റ്റിലായത്. കേസിലെ 38 മത്തെ പ്രതിയാണ് സിറാജുദീന്‍. ഇതോടെ കേസില്‍ അറസ്റ്റിലായവരുടെ എണ്ണം 26 ആയി.
സിറാജുദ്ദീന് നിരവധി ബിജെപി- ആര്‍എസ്എസ് പ്രവര്‍ത്തകരെ ലക്ഷ്യമിട്ടതായും വിവരം ഉണ്ട്. ഇയാളില്‍ നിന്നും മലപ്പുറത്തെ 12 ആര്‍എസ്എസ്-ബിജെപി നേതാക്കളുടെ പേരുകള്‍ അടങ്ങിയ ലിസ്റ്റ് പിടിച്ചെടുത്തു. കേസുമായി ബന്ധപ്പെട്ട് ഉച്ചയോടെയായിരുന്നു മലപ്പുറം സ്വദേശി സിറാജുദ്ദീനെ പ്രത്യേക അന്വേഷണം സംഘം അറസ്റ്റ് ചെയ്തത്.
ശ്രീനിവാസനെ കൊല ചെയ്യുന്നതിന് ഒരു മണിക്കൂര്‍ മുമ്പ് ഇയാള്‍ ഗൂഢാലോചനയില്‍ പങ്കെടുത്തുവെന്നാണ് പോലീസ് പറയുന്നത്. പാലക്കാട് ജില്ലാ ആശുപത്രിയില്‍ വെച്ചായിരുന്നു ഗൂഢാലോചന. ആര്‍എസ്എസ് നേതാവ് സഞ്ജിത്ത് കൊലക്കേസിലും ഇയാള്‍ക്ക് പങ്കെന്ന് സൂചനയുണ്ട്. ഏപ്രില്‍ 16നാണ് ശ്രീനിവാസന് കൊല ചെയ്യപ്പെട്ടത്.
ഇയാളുടെ പക്കല്‍ നിന്നും കണ്ടെടുത്ത പെന്‍ഡ്രൈവില്‍ സഞ്ജിത്തിനെ കൊലപ്പെടുത്തുന്നതിന്റെ ദൃശ്യങ്ങള്‍ ഉണ്ട്. ഇതാണ് സഞ്ജിത്തിന്റെ കൊലയില്‍ സിറാജുദ്ദീന് പങ്കുണ്ടെന്ന സൂചന നല്‍കുന്നത്. ക്രിമിനല്‍ കേസുകളില്‍ പ്രതികളാകുന്ന പോപ്പുലര്‍ഫ്രണ്ട് പ്രവര്‍ത്തകരെ ഒളിവില്‍ കഴിയാന്‍ സഹായിക്കുന്നത് ഇയാളാണ്.
കേസില്‍ ഒളിവില്‍ കഴിയുന്നവര്‍ക്കായി ലുക്ക് ഔട്ട് നോട്ടീസ് പുറത്തിറക്കി. ഒന്‍പത് പേര്‍ക്കെതിരെയാണ് പോലീസ് ലുക്ക് ഔട്ട് നോട്ടീസ് പുറത്തിറക്കിയത്. ഇതുവരെ 26 പ്രതികളെയാണ് പിടികൂടിയത്. കേസില്‍ 11 പേരെയാണ് ഇനി പിടികൂടാനുള്ളത്. ഫോട്ടോ ലഭ്യമായ ഒന്‍പത് പ്രതികള്‍ക്കെതിരെ ഇന്ന് ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: