പ്രകാശ്
തമസ്‌ക്കരിക്കപ്പെട്ട ചരിത്രത്തെ അഭ്രപാളിയില്‍ പുനരാവിഷ്‌കരിക്കുകയാണ് പത്തൊമ്പതാം നൂറ്റാണ്ട് എന്ന ചിത്രത്തിലൂടെ വിനയന്‍. ആയിരത്തി എണ്ണൂറുകളിലെ തിരുവിതാംകൂറിന്റെ സാമൂഹ്യ പരിസരമാണ് ചിത്രം ചര്‍ച്ച ചെയ്യുന്നത്. പത്തൊമ്പതാം നൂറ്റാണ്ടില്‍ ജീവിച്ചിരുന്ന വേലായുധ ചേകവരുടെ ജീവിതത്തിലൂടെയാണ് ചിത്രം പുരോഗമിക്കുന്നത്.
തിരുവിതാംകൂറിലെ ഒരു ബ്രിട്ടീഷ് ആസ്ഥാനത്തുനിന്നാണ് ചിത്രത്തിന്റെ തുടക്കം. സായിപ്പിന്റെ പ്രീതിക്കായി സവര്‍ണ്ണര്‍ അവര്‍ണരെ വേശ്യാവൃത്തിക്കും മരണം പുല്‍കേണ്ടുന്ന ആയോധന കലകള്‍ക്കും ഉപയോഗിക്കുന്നു. അതിനോട് പ്രതികരിക്കുന്ന വേലായുധനെ അവിടെ പരിചയപ്പെടുത്തുകയാണ് സംവിധായകന്‍. പിന്നീട് 12 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ചിത്രം പുരോഗമിക്കുന്നത്. അപ്പോള്‍ വേലായുധന്‍ ഒരു യോദ്ധാവും വ്യവസായിയുമാണ്. അക്കാലത്ത് തിരുവിതാംകൂറിനെ അലട്ടിയിരുന്ന പ്രശ്‌നം കായംകുളം കൊച്ചുണ്ണി കൊള്ളയടിച്ച പത്മനാഭന്റെ തിരുവാഭരണങ്ങള്‍ തിരിച്ചെടുക്കുക എന്നതായിരുന്നു. അതിനായി വേലായുധന്റെ സാഹായം തേടാന്‍ രാജാവ് തീരുമാനിക്കുന്നു. ഇതിനെ അയിത്തത്തിന്റെ പേര് പറഞ്ഞ് മുടക്കുന്നു രാജസദസ്സിലുള്ളവര്‍. എന്നാല്‍ നായര്‍ പട്ടാളം കൊച്ചുണ്ണിക്ക് മുന്നില്‍ തോല്‍ക്കുമ്പോള്‍ രാജ്ഞി വേലായുധന്റെ സഹായം തേടുന്നു. ദൗത്യം ഏറ്റെടുക്കുന്ന വേലായുധന്‍ കൊച്ചുണ്ണിയെ പിടിച്ചുകെട്ടി ആഭരണങ്ങള്‍ തിരിച്ചെടുക്കുന്നു. ഇതുമൂലം കൊച്ചുണ്ണിയുമായി അടുപ്പം സുക്ഷിച്ചിരുന്ന രാജസഭയിലെ അംഗങ്ങള്‍ ഭയക്കുകയും വേലായുധനെ ചതിച്ച് കൊലപ്പെടുത്തുകയും ചെയ്യുന്നു.
ഈഴവ സമൂഹം ഉള്‍പ്പടെയുള്ള തഴ്ന്ന സമൂഹത്തിനായി വേലായുധന്‍ പണംകൊണ്ടും കരുത്തുകൊണ്ടും പോരാടിയ കഥയാണ് ചിത്രം പറയുന്നത്. കഥകളിയും അമ്മച്ചി പുടവയും (മുട്ടിന് താഴെയിറക്കമുള്ള മുണ്ട്) സവര്‍ണ്ണര്‍ക്ക് മാത്രം പ്രാപ്യമായിരുന്ന കാലത്ത് അവ അവര്‍ണ്ണര്‍ക്ക് നല്‍കി വ്യവസ്ഥിതിയെ വേലായുധന്‍ വെല്ലുവിളിക്കുന്നുണ്ട്. തിരുവിതാംകൂറില്‍ നിലനിന്നിരുന്ന മുലക്കരം, മീശക്കരം, അയിത്തം തുടങ്ങിയ അനാചാരങ്ങളെ കാലത്തിന്റെ വേദന ഉള്‍ക്കൊണ്ട് അവതരിപ്പിക്കാന്‍ ചിത്രത്തിന് സാധിച്ചു. മാറുമറയ്‌ക്കാന്‍ അനുവാദമില്ലാത്ത ഒരു കാലത്തെ അവതരിപ്പിച്ചപ്പോള്‍ അത് അശ്ലീലത്തിലൊതുങ്ങാതിരുന്നത് സംവിധാനമികവ് തന്നെ. സാങ്കേതികത്തികവില്‍ മികച്ച് നില്‍ക്കുന്നു ചിത്രം. എന്നാല്‍ കഥാപാത്രങ്ങളുടെ തിരഞ്ഞെടുപ്പും സംഭാഷണവും കുറെക്കൂടി മികച്ചതാക്കാമായിരുന്നു. കഥാപാത്ര തിരഞ്ഞെടുപ്പില്‍ നീലി മാത്രമാണ് നീതി പുലര്‍ത്താനായത്. ചരിത്രത്തില്‍ നാം നല്ലവനായി വാഴ്‌ത്തിയ കായംകുളം കൊച്ചുണ്ണിയെ ചിത്രം കള്ളനായി മാത്രമാണ് പരിഗണിക്കുന്നത്. മോഷണ മുതലിന്റെ ചെറിയൊരു പങ്കുനല്‍കി ജനങ്ങളെ വഞ്ചിക്കുന്ന ഒരു കള്ളന്‍. ഇത് സമകാലിക കേരള രാഷ്‌ട്രീയത്തോടുള്ള സംവിധായകന്റെ പരിഹാസമായും പ്രേക്ഷകര്‍ കാണും.
മുലക്കരം ആവശ്യപ്പെട്ട പ്രമാണിമാര്‍ക്ക് മുല മുറിച്ച് നല്‍കുന്ന നീലിയിലാണ് ചിത്രം അവസാനിക്കുന്നത്. ചരിത്രത്തില്‍ ഇങ്ങനെയൊരു സംഭവം നടന്നിട്ടുള്ളതായി രേഖപ്പെടുത്തിയിട്ടില്ലെങ്കിലും അവതരണ മികവുകൊണ്ട് സിനിമയിലെ ഈ ദൃശ്യം പ്രേക്ഷകരുടെ കണ്ണുകള്‍ ഈറനണിയിക്കുന്നുണ്ട്. 1812 ല്‍ നിരോധിച്ച നിയമം പത്തൊമ്പതാം നൂറ്റാണ്ടില്‍ മുഴുവനായും ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കത്തിലും നിലനിന്നു എന്ന് ചിത്രം പറയുന്നു. രാജാവ് നിരോധിച്ചിട്ടും പ്രമാണിമാര്‍ അത് അനുസരിച്ചില്ലെന്നും ചിത്രം പറഞ്ഞുവയ്‌ക്കുന്നു.
കായംകുളം കൊച്ചുണ്ണിയെ പിടിച്ചുകെട്ടിയ വേലായുധന് സമ്മാനങ്ങള്‍ നല്‍കുന്നതിനു പോലും സഭ അനുവദിച്ചിരുന്നില്ല. തീരുമാനങ്ങളൊന്നും എടുക്കാന്‍ കഴിയാത്ത അവസ്ഥയിലായിരുന്നു രാജാവെന്ന് സിനിമ പറയുന്നു. ഗുരുദേവന്റെ അരുവിപ്പുറം പ്രതിഷ്ഠക്ക് മുന്നേ വേലായുധന്‍ ഈഴവ ശിവനെ പ്രതിഷ്ഠിച്ചിരുന്നെന്നാണ് ചിത്രത്തിന്റെ ഭാഷ്യം. ചരിത്ര സിനിമകളുടെ എല്ലാ മികവും അവകാശപ്പെടാനാകില്ലെങ്കിലും മലയാളത്തിലെ ചരിത്ര സിനിമകളില്‍ മികച്ച് നില്‍ക്കുന്നു വിനയന്റെ പത്തൊമ്പതാം നൂറ്റാണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: