ന്യൂദല്‍ഹി: കടുവയുടെ നാട്ടിലേക്ക് ചീറ്റകളുമായി ബി 744 ജംബോ ജെറ്റ് വിമാനം നാളെ എത്തും. മധ്യപ്രദേശിലെ കുനോ നാഷണല്‍ പാര്‍ക്കിലേക്ക് എട്ട് ചീറ്റകളെ കൊണ്ടുവരുന്നതിനായി പ്രത്യേകം തയ്യാറാക്കിയ ജംബോ ജെറ്റ് നമീബിയന്‍ തലസ്ഥാനമായ വിന്‍ഹോക്കില്‍ ഇന്നലെ എത്തി.
1952ല്‍ രാജ്യത്ത് വംശനാശം സംഭവിച്ചതിന് ശേഷം 1970ലാണ് ചീറ്റകളെ എത്തിക്കുന്നതിന് നമീബിയയുമായി ഇന്ത്യ ധാരണയിലെത്തിയത്. മോദിസര്‍ക്കാര്‍ എത്തിയതിനുശേഷമാണ് കരാര്‍ നടപ്പാക്കുന്നതിനുള്ള ശ്രമങ്ങള്‍ പുനരുജ്ജീവിപ്പിച്ചത്. 1948ലാണ് ഛത്തീസ്ഗഡിലെ കൊരിയ ജില്ലയിലെ സാല് വനങ്ങളില്‍ അവസാനത്തെ ചീറ്റ മരിച്ചത്.
‘കടുവയുടെ നാട്ടിലേക്ക് ഗുഡ്വില് അംബാസഡര്‍മാരെ കൊണ്ടുപോകാന്‍ ധീരന്മാരുടെ നാട്ടില്‍ ഗരുഡന് പറന്നിറങ്ങി എന്നാണ് ജംബോജെറ്റിന്റെ ചിത്രം പുറത്തുവിട്ട് വിന്‍ഡ്ഹോക്കിലെ ഇന്ത്യന്‍ ഹൈക്കമ്മിഷന് ട്വീറ്റ് ചെയ്തത്. ഭൂഖണ്ഡാന്തര ട്രാന്‍സ്ലോക്കേഷന്‍ പദ്ധതിയുടെ ഭാഗമായാണ് അഞ്ച് പെണ് ചീറ്റപ്പുലികളെയും മൂന്ന് ആണ്‍ചീറ്റപ്പുലികളെയും ഇന്ത്യയിലെത്തിക്കുന്നത്.
രാജസ്ഥാനിലെ ജയ്പൂരിലെത്തിക്കുന്ന ചീറ്റകളെ അവിടെ നിന്ന് പ്രത്യേകം പ്രത്യേകം ഹെലിക്കോപ്ടറുകളിലാകും മധ്യപ്രദേശിലെ ഷിയോപൂര്‍ ജില്ലയിലെ കുനോ നാഷണല്‍ പാര്‍ക്കിലേക്ക്, അവരുടെ പുതിയ ഭവനത്തിലേക്ക് കൊണ്ടുപോകുന്നത്. തന്റെ പിറന്നാള്‍ ദിനത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി കുനോ നാഷണല്‍ പാര്‍ക്കിലേക്ക് ചീറ്റകളെ തുറന്നുവിടും. പുലികളെ കൊണ്ടുവരുന്നതിന് അതീവ സുരക്ഷിതമായ സൗകര്യങ്ങളാണ് വിമാനത്തിലൊരുക്കിയിരിക്കുന്നത്.
കടുവയുടെ ചിത്രം ആലേഖനം ചെയ്ത അള്‍ട്രാ ലോങ് റേഞ്ച് ജെറ്റാണ് ഈ വിമാനം പതിനാറ് മണിക്കൂര്‍ തുടര്‍ച്ചയായി പറക്കാന്‍ ശേഷിയുള്ളതിനാല്‍ ഇന്ധനം നിറയ്ക്കാന്‍ ഇടത്താവളങ്ങളുണ്ടാവില്ല ചീറ്റകളുടെ ആരോഗ്യസുരക്ഷയ്ക്കും മുന്‍കരുതലുണ്ട്. വിമാനത്തില്‍ കയറി കഴിഞ്ഞാല്‍ പിന്നെ അവര്‍ വെറും വയറ്റില്‍ കഴിയേണ്ടിവരും. ഭക്ഷണം നീണ്ട യാത്രയില്‍ ആരോഗ്യപ്രശ്നങ്ങളുണ്ടാക്കുമെന്നതിനാലാണിത്. ഒരു നീണ്ട യാത്ര മൃഗങ്ങളില്‍ ഓക്കാനം പോലുള്ള വികാരങ്ങള്‍ സൃഷ്ടിച്ചേക്കാമെന്നതിനാല്‍ ഇത്തരമൊരു മുന്‍കരുതല്‍ ആവശ്യമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: