തിരുവനന്തപുരം: അന്താരാഷ്‌ട്ര തീര ശുചീകരണ ദിനത്തിന്റെ ഭാഗമായുള്ള ശുചീകരണ പ്രവര്‍ത്തനങ്ങള്‍ തിരുവനന്തപുരത്ത് കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി മുരളീധരന്‍ നാളെ ഉദ്ഘാടനം ചെയ്യും. കേന്ദ്ര സര്‍ക്കാരിന്റെ 75 ദിവസം നീണ്ടുനില്‍ക്കുന്ന ‘സ്വച്ഛ് സാഗര്‍, സുരക്ഷിത് സാഗര്‍’ തീരദേശ ശുചീകരണ പരിപാടിയുടെ ഭാഗമാണിത്. രാവിലെ എട്ടു മണിക്ക് കോവളം ബീച്ചിലാണ് പരിപാടി.
ലോകത്തിലെ ഏറ്റവും ദൈര്‍ഘ്യമേറിയതും വലുതുമായ തീരദേശ ശുചീകരണ പരിപാടി കേന്ദ്ര ഭൗമ ശാസ്ത്ര മന്ത്രാലയമാണ് ഏകോപിപ്പിക്കുന്നത്. കേന്ദ്ര മന്ത്രാലയങ്ങളുടെയും തീരദേശ സംസ്ഥാനങ്ങളിലെ സര്‍ക്കാരുകളുടെയും കൂടി സഹകരണത്തോടെയാണ് പരിപാടി നടപ്പിലാക്കുന്നത്. സപ്തംബര്‍ 17ന് അന്താരാഷ്‌ട്ര തീരദേശ ശുചീകരണ ദിനത്തിന്റെ ഭാഗമായി രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നടക്കുന്ന പരിപാടികളില്‍ കേന്ദ്രമന്ത്രിമാര്‍, ഗവര്‍ണര്‍മാര്‍, സംസ്ഥാന മന്ത്രിമാര്‍ തുടങ്ങിയവര്‍ പങ്കെടുക്കും.
നാഷണല്‍ സെന്റര്‍ ഫോര്‍ എര്‍ത്ത് സയന്‍സ് സ്റ്റഡീസ് ഡയറക്ടര്‍ പ്രൊഫ. ജ്യോതിരഞ്ജന്‍ എസ്.റേ പരിപാടിയില്‍ അധ്യക്ഷത വഹിക്കും. കൊച്ചിയില്‍ നടക്കുന്ന തീരദേശ ശുചീകരണ ദിന പരിപാടിയില്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ പങ്കെടുക്കും. നാഷണല്‍ സര്‍വീസ് സ്‌കീം (എന്‍എസ്എസ്), ഇന്ത്യന്‍ കോസ്റ്റ് ഗാര്‍ഡ്, ദേശീയ ദുരന്ത നിവാരണ അതോറിറ്റി, സീമ ജാഗരണ്‍ മഞ്ച്, എസ്എഫ്ഡി, പര്യാവരണ്‍ സംരക്ഷണ്‍ ഗതിവിധി മറ്റ് സാമൂഹിക സംഘടനകള്‍, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ തുടങ്ങിയവയും ശുചീകരണ പ്രവര്‍ത്തനങ്ങളില്‍ പങ്കെടുത്തുവരികയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: