ബെംഗളൂരു: ബെംഗളൂരുവില്‍ അടുത്തിടെയുണ്ടായ മഴയുടെയും വെള്ളപ്പൊക്കത്തിന്റെയും പശ്ചാത്തലത്തില്‍, നഗരത്തിലുടനീളം നടന്നുവരുന്ന മഴവെള്ളം ഒഴുക്കിവിടുന്ന പ്രവൃത്തി സമയബന്ധിതമായി പൂര്‍ത്തീകരിക്കുമെന്നും ഇതിനായി കൂടുതല്‍ ഫണ്ട് നല്‍കുമെന്നും മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ നിയമസഭയില്‍ പറഞ്ഞു.
അടുത്തിടെ പെയ്ത പേമാരിയും വെള്ളപ്പൊക്കവും പൗരന്മാര്ക്ക് അസൗകര്യവും സ്വത്തുക്കള്‍ക്ക് നാശനഷ്ടവുമുണ്ടാക്കിയ പശ്ചാത്തലത്തില്‍ ബെംഗളൂരുവില്‍ മഴവെള്ളം ഒഴുകിപ്പോകുന്നതുമായി ബന്ധപ്പെട്ട ചോദ്യോത്തര വേളയില്‍ കോണ്‍ഗ്രസ് എംഎല്‍എ കൃഷ്ണ ബൈരേ ഗൗഡയുടെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു മുഖ്യമന്ത്രി.
മഴവെള്ള അഴുക്കുചാലുകളിലെ കൈയേറ്റങ്ങള്‍ ഒഴിപ്പിക്കുന്നതിന് സമയമെടുക്കുന്നുണ്ടെന്നും സര്‍ക്കാര്‍ അതിനുള്ള ശ്രമത്തിലാണെന്നും, മഴവെള്ളം ഒഴുകിപ്പോകുന്നതിനുള്ള മാസ്റ്റര്‍ പ്ലാന്‍ അതിന്റെ ശേഷി വര്‍ധിപ്പിക്കുന്നതിനായി പുനര്‍രൂപകല്‍പ്പന ചെയ്യുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
നഗരത്തിലുടനീളമുള്ള മഴവെള്ള അഴുക്കുചാലുകള്‍ വികസിപ്പിക്കുന്ന ജോലികള്‍ നടന്നുവരുന്നു. പണി തടസ്സമില്ലാതെ തുടരും. ഇതിനായി 1500 കോടി രൂപ ബജറ്റില്‍ സൂക്ഷിച്ചിട്ടുണ്ട്, അടുത്തിടെ 300 കോടി കൂടി നല്കിയതിനാല് മഴവെള്ളം ഒഴുകിപ്പോകുന്നതിനുള്ള പദ്ധതിക്ക് ആകെ 1800 കോടി രൂപയുണ്ട്. എന്നാല്‍ ഇത് മതിയാകില്ലെന്നും അധിക ബജറ്റ് നല്‍കുമെന്നും ബൊമ്മൈ പറഞ്ഞു.
മൊത്തം 859.90 കിലോമീറ്റര്‍ സ്റ്റോം വാട്ടര്‍ ഡ്രെയിനേജ് ജോലികള്‍ പൂര്‍ത്തീകരിക്കുമെന്ന് സര്‍ക്കാര്‍ ഉറപ്പാക്കും. ഇതിനായി ചിലപ്പോള്‍ രണ്ട് വര്‍ഷമെടുത്തേക്കാം, പക്ഷേ ഞങ്ങള്‍ അതിനായി തുടര്‍ച്ചയായ ബജറ്റ് നല്കി പണി പൂര്‍ത്തിയാക്കും. മഴവെള്ള ഡ്രെയിനുകള്ക്കായി ഇതിനകം ഒരു മാസ്റ്റര്‍ പ്ലാന്‍ ഉണ്ട്. അത് കൂടുതല്‍ മെച്ചപ്പെടുത്തുകയും വാഹക ശേഷി വര്‍ദ്ധിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു. ബാക്കിയുള്ള മഴവെള്ളം പുറന്തള്ളുന്ന ജോലികള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കാന്‍ ഞാന്‍ ഉത്തരവിടും. ഇതോടൊപ്പം 160 ഓളം തടാകങ്ങളിലും സ്ലൂയിസ് ഗേറ്റുകള്‍ സ്ഥാപിക്കാനും ഉത്തരവിട്ടിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ബിബിഎംപി പരിധിയില്‍ 633 മഴവെള്ള അഴുക്കുചാലുകള്‍ ഉണ്ട്. മൊത്തം 859.90 കിലോമീറ്റര്‍ നീളമുണ്ട് ഇതിന്. ഇതില്‍ 490 കിലോമീറ്റര്‍ പൂര്‍ത്തിയായി. ശേഷിക്കുന്നവയുടെ പ്രവൃത്തി വികസിപ്പിച്ചുകൊണ്ടിരിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അടുത്തിടെ പെയ്ത മഴ മഹാദേവപുര പോലുള്ള രണ്ട് സോണുകളില്‍ ഏറ്റവും മോശം അവസ്ഥയിലേക്ക് നയിച്ചു. ബെംഗളൂരുവിലെ എണ്‍പത് ശതമാനവും വെള്ളവും ഇങ്ങോട്ടാണ് ഒഴുകുന്നത്. മഹാദേവപുരയില്‍ മാത്രം 69 തടാകങ്ങളുണ്ട്, അവയെല്ലാം കവിഞ്ഞൊഴുകുന്നു. അതിനാല്‍, യുദ്ധകാലാടിസ്ഥാനത്തില്‍ ഞങ്ങള്‍ പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുക്കുമെന്നും അടുത്ത ബജറ്റിലും ഇതിന് കൂടുതല്‍ ഫണ്ട് നല്‍കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഈ മാസമാദ്യം ഉണ്ടായതു പോലെ വ്യാപകവും തുടര്‍ച്ചയായതുമായ മഴ ഇതുവരെ നഗരത്തില്‍ ഉണ്ടായിട്ടില്ലെന്ന് ചൂണ്ടിക്കാട്ടിയ ബൊമ്മൈ, മഴവെള്ളം ഒഴുകുന്ന ഓടകളുടെ ശേഷിയിലും കനത്ത മഴയില്‍ ഒഴുകുന്ന വെള്ളത്തിന്റെ അളവിലും പൊരുത്തക്കേടുണ്ടെന്ന് ചൂണ്ടിക്കാട്ടി.
മഴവെള്ള അഴുക്കുചാലുകളുടെ വികസനത്തിന് സമയം ആവശ്യമാണ്, കോണ്‍ഗ്രസ് സര്‍ക്കാരിന്റെ കാലത്ത് അനുവദിച്ച അവയില്‍ പലതും ഇപ്പോള്‍ പൂര്‍ത്തിയാകുകയാണ്. ഇതിനായി കയ്യേറ്റങ്ങള്‍ ആദ്യം നീക്കം ചെയ്യണം. ആ പ്രവര്‍ത്തികള്‍ സര്‍ക്കാര്‍ നടത്തി വരികയാണെന്നും അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: