കരുനാഗപ്പള്ളി: മാതാഅമൃതാനന്ദമയി എന്നും പ്രചോദനമാണെന്ന് ആര്‍എസ്എസ് സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത്. കൊല്ലം അമൃതപുരിയിലെ മാതാ അമൃതാനന്ദമയി മഠത്തിലെത്തി അമ്മയുമായി കൂടിക്കാഴ്ച നടത്തിയ ശേഷം സംസാരിക്കുകയായിരുന്നു സര്‍സംഘചാലക്.
നമ്മുടെ മഹത്തായ പാരമ്പര്യത്തിന്റെയും സംസ്കൃതിയുടെയും വെളിച്ചത്തില്‍ എല്ലായ്പ്പോഴും വളരെ ലളിതമായ വാക്കുകളില്‍ അമ്മയില്‍ നിന്ന് വളരെ നല്ല ഉപദേശം ലഭിക്കുന്നു. എങ്ങിനെ പെരുമാറണം, എങ്ങനെ പ്രവര്‍ത്തിക്കണം തുടങ്ങിയ കാര്യങ്ങളില്‍ അമ്മ എല്ലായ്പോഴും ഉപദേശങ്ങള്‍ തരും. ഇതെല്ലാം പ്രവര്‍ത്തനത്തിന് പുതിയ പ്രചോദനം നല്കുന്നു. അതിനാലാണ് ഞാന്‍ സ്ഥിരമായി ഇവിടെ വന്നു കൊണ്ടിരിക്കുന്നതെന്നും മോഹന്‍ ഭാഗവത് പറഞ്ഞു.
വൈകിട്ട് 3.45ന് ആശ്രമത്തിലെത്തിയ സര്‍സംഘചാലകിനെ മുതിര്‍ന്ന സ്വാമിമാരുടെ നേതൃത്വത്തില്‍ സ്വീകരിച്ചു. തുടര്‍ന്ന് അമ്മയെ കണ്ട് അനുഗ്രഹം വാങ്ങിയ അദ്ദേഹം രണ്ടു മണിക്കൂറോളം നീണ്ട കൂടിക്കാഴ്ചയ്ക്കു ശേഷമാണ് മടങ്ങിയത്.
ആര്‍എസ്എസ് ദക്ഷിണ ക്ഷേത്രീയ പ്രചാരക് എ. സെന്തില്‍കുമാര്‍, പ്രാന്തകാര്യവാഹ് പി.എന്‍. ഈശ്വരന്, ക്ഷേത്രീയ സേവാപ്രമുഖ് കെ.പത്മകുമാര്‍, പ്രാന്തപ്രചാരക് എസ്. സുദര്ശനന്, ക്ഷേത്രീയ വിശേഷസമ്പര്‍ക്ക പ്രമുഖ് എ. ജയകുമാര്‍, പ്രാന്തസഹകാര്യവാഹ് ടി.വി.പ്രസാദ് ബാബു, സഹസമ്പര്‍ക്ക് പ്രമുഖ് സി.സി. ശെല്വന്, സഹവ്യവസ്ഥാപ്രമുഖ് രാജന് കരൂര്‍, കാര്യകാരി അംഗം വി. മുരളീധരന് എന്നിവരും അദ്ദേഹത്തിനൊപ്പം ഉണ്ടായിരുന്നു. നാലു ദിവസത്തെ സന്ദര്‍ശനത്തിനായി ഇന്ന് ഉച്ചയോടെയാണ് സര്‍സംഘചാലക് തിരുവനന്തപുരം വിമാനത്താവളത്തിലെത്തിയത്.
ഇന്നു രാത്രിയോടെ എറണാകുളത്ത് പ്രാന്തകാര്യാലയമായ മാധവനിവാസിലെത്തിയ അദ്ദേഹം നാളെ രാവിലെ തൃശ്ശൂര്‍ ശങ്കരമഠത്തിലേക്ക് പോകും. നാളെയും മറ്റന്നാളുമായി അവിടെ വിവിധ സംഘടനായോഗങ്ങളില്‍ പങ്കെടുക്കും. സമുഹത്തിലെ വ്യത്യസ്ത മേഖലകളിലെ പ്രമുഖരുമായി കൂടിക്കാഴ്ച നടത്തും. 18ന് രാവിലെ മുതല്‍ ഗുരുവായൂര്‍ രാധേയം ആഡിറ്റോറിയത്തില്‍ ചേരുന്ന ആര്‍എസ്എസ് ബൈഠക്കില്‍ പങ്കെടുക്കും. വൈകിട്ട് 5ന് ഗുരുവായൂര്‍ ശ്രീകൃഷ്ണകോളജ് ഗ്രൗണ്ടില്‍ ഗുരുവായൂര്‍ സംഘജില്ലയിലെ പൂര്‍ണഗണവേഷധാരികളായ പ്രവര്‍ത്തകരുടെ സാംഘിക്കില്‍ സംസാരിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: