ലഖ്നൗ: ദലിത് സഹോദരിമാരെ ക്രൂരമായി ബലാത്സംഗം ചെയ്ത് കൊന്ന് കെട്ടിത്തൂക്കി രക്ഷപ്പെട്ട പ്രതികളെ എന്‍കൗണ്ടറിലൂടെ പിടികൂടി യുപി പോലീസ്. ഉത്തര്‍പ്രദേശിലെ ലഖിംപുര്‍ ഖേരിയില്‍ പതിനേഴും പതിനഞ്ചും വയസ്സുള്ള ദളിത് പെണ്‍കുട്ടികളാണ് ക്രൂരമായ പീഡനത്തിന് ഇരയായത്. സംഭവത്തിലെ പ്രതികളായ ആറു പേരും പിടിയിലായെന്ന് യുപി പോലീസ് അറിയിച്ചു.
പ്രതികളായ സൊഹൈല്‍, ജുനൈദ്, ഹഫീസുള്‍, റഹ്മാന്, കരീമുദ്ദീന്‍, ആരിഫ് എന്നിവരെ സംഭവം നടന്ന് മണിക്കൂറുകള്‍ക്കുള്ളില്‍ തന്നെ പോലീസ് പിടികൂടിയിരുന്നു. പോലീസിനെ കണ്ട് രക്ഷപ്പെടാന്‍ ശ്രമിച്ച പ്രതിയായ ജൂനൈദിനെ എന്‍കൗണ്ടറിലൂടെയാണ് അറസ്റ്റ് ചെയ്തത്. ഓടി രക്ഷപ്പെടാന്‍ ശ്രമിച്ച ഇയാളെ കാലില്‍ വെടിവച്ചു വീഴ്ത്തുകയായിരുന്നു. പെണ്‍കുട്ടികളെ പ്രതികള്‍ക്ക് പരിചയപ്പെടുത്തിയ അയല്‍വാസി ഛോട്ടുവിനെയും യുപി പോലീസ് പിടികൂടിയിട്ടുണ്ട്.
സുഹൈലും ജൂനൈദുമായി പെണ്‍കുട്ടികള്‍ സൗഹൃദത്തിലായിരുന്നു. ഇരുവരും ചേര്‍ന്ന് പെണ്‍കുട്ടികളെ കരിമ്പുപാടത്തു കൊണ്ടുപോയി പീഡനത്തിന് ഇരയാക്കി. പെണ്‍കുട്ടികള്‍ വിവാഹം കഴിക്കണമെന്ന് ആവശ്യപ്പെട്ടപ്പോള്‍ കഴുത്തുഞെരിച്ചു കൊന്ന് അവര്‍ ധരിച്ചിരുന്ന ഷാളില്‍ കെട്ടിത്തൂക്കി.
ആത്മഹത്യയാണെന്ന് വരുത്തി തീര്‍ക്കാനാണ് ഇങ്ങനെ ശ്രമിച്ചതെന്ന് പോലീസ് അറിയിച്ചു. സൊഹൈലും ജുനൈദും ഹഫീസുള്ളും പേര്‍ന്നാണ് ഇവരെ കൊലപ്പെടുത്തിയത്. പിന്നീട് ഇവരെ കെട്ടിത്തൂക്കുന്നതിനും തെളിവുകള്‍ നശിപ്പിക്കുന്നതിനുമായി കരീമുദ്ദീനെയും ആരിഫിനെയും സഹായത്തിനു വിളിക്കുകയായിരുന്നു. പ്രതികള്‍ക്കെതിരെ ഐപിസി സെക്ഷന്‍ 302, 376, പോക്സോ നിയമം എന്നിവ ചുമത്തിയിട്ടുണ്ട്. അറസ്റ്റ് ചെയ്ത പ്രതികളെ കോടതിയില്‍ ഹാജരാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: