കൊച്ചി: ആക്രമണകാരികളായ നായ്ക്കളില്‍ നിന്ന് ജനങ്ങളെ സംരക്ഷിക്കാനുള്ള ബാധ്യത സര്‍ക്കാരിനുണ്ടെന്ന് ഹൈക്കോടതി. ഇത്തരം നായ്ക്കളെ കണ്ടെത്തി പൊതുസ്ഥലങ്ങളില്‍ നിന്നു മാറ്റേണ്ടതും സര്‍ക്കാരാണെന്ന് ഹൈക്കോടതി ചൂണ്ടിക്കാട്ടി.
തെരുവുനായശല്യം പരിഹരിക്കാന്‍ നടപടിയെടുക്കുന്നുണ്ടെന്നു സര്‍ക്കാര്‍ വിശദീകരിച്ച സാഹചര്യത്തില്‍ ഇവയെ അനാവശ്യമായി ഉപദ്രവിക്കരുതെന്ന് സംസ്ഥാന പോലീസ് മേധാവി മുഖേന സര്‍ക്കാര്‍ പൊതുജനങ്ങള്‍ക്കു നിര്‍ദേശം നല്‍കണമെന്നും ഡിവിഷന് ബെഞ്ച് ഉത്തരവിട്ടു. കേരളത്തില്‍ തെരുവുനായ്ക്കളുടെ ആക്രമണം പെരുകിയെന്ന വിവിധ റിപ്പോര്‍ട്ടുകളെത്തുടര്‍ന്ന് ഇന്നലെ പ്രത്യേക സിറ്റിങ് നടത്തിയാണ് ജസ്റ്റിസ് എ.കെ. ജയശങ്കരന്‍ നമ്പ്യാര്‍, ജസ്റ്റിസ് പി. ഗോപിനാഥ് എന്നിവരുള്‍പ്പെട്ട ഡിവിഷന് ബെഞ്ച് ഇക്കാര്യം പരിഗണിച്ചത്.
പ്രശ്നപരിഹാരത്തിനു ചില തീരുമാനങ്ങളെടുത്തിട്ടുണ്ടെന്നും ഇതുസംബന്ധിച്ചു വിശദമായ റിപ്പോര്‍ട്ട് 16നു സമര്‍പ്പിക്കാമെന്നും സര്‍ക്കാരിനുവേണ്ടി ഹാജരായ അഡീഷണല്‍. എജി അശോക് എം. ചെറിയാന് അറിയിച്ചു. തുടര്‍ന്ന് ഹര്‍ജി 16 ലേക്കു മാറ്റി. തെരുവുനായ്ക്കളെ കൊന്നൊടുക്കുന്ന സംഭവങ്ങളുണ്ടായെന്ന് ഹര്‍ജിയില്‍ അമിക്കസ്ക്യൂറി ചൂണ്ടിക്കാട്ടി. ഇതുകൂടി കണക്കിലെടുത്താണ് ഹൈക്കോടതി നിര്‍ദേശങ്ങള്‍ കൊടുത്തത്. തിരുവനന്തപുരത്ത് അടിമലത്തുറ ബീച്ചില്‍ ബ്രൂണോയെന്ന തെരുവുനായയെ അടിച്ചുകൊന്നു കടലിലെറിഞ്ഞതിനെത്തുടര്ന്ന് ഹൈക്കോടതി കഴിഞ്ഞ വര്‍ഷം സ്വമേധയാ സ്വീകരിച്ച ഹര്‍ജിയാണ് ഡിവിഷന് ബെഞ്ച് ഇന്നലെ പരിഗണിച്ചത്. ഹര്‍ജിയില്‍ 2021 ആഗസ്ത് രണ്ടിനും ഒക്ടോബര്‍ 29നും 2022 ജൂലൈ എട്ടിനും നല്കിയ ഇടക്കാല ഉത്തരവുകളില്‍ കൈക്കൊണ്ട നടപടികളും സര്‍ക്കാര്‍ വിശദീകരിക്കണം.
തൃക്കാക്കരയില്‍ തെരുവുനായ്ക്കളെ പുനരധിവസിപ്പിക്കാന്‍ കഴിയുന്ന മേഖലകള്‍ നഗരസഭ കണ്ടെത്തണമെന്ന് ഉത്തരവു പറയുന്നു. തദ്ദേശ ഭരണ മേഖലകളില്‍ തെരുവുനായ്ക്കളുടെ വന്ധ്യംകരണത്തിനു നടപടിയെടുക്കാനുള്ള സൗകര്യങ്ങള്‍ സംസ്ഥാന മൃഗ ക്ഷേമ ബോര്‍ഡ് വിലയിരുത്തണം. 24 മണിക്കൂറും പ്രവര്‍ത്തിക്കുന്നതും രാത്രിയില്‍ അടിയന്തര സേവനം നല്‍കുന്നതുമായ വെറ്ററിനറി ക്ലിനിക്കുകളുടെ വിവരങ്ങളും ഫോണ്‍ നമ്പരും ബോര്‍ഡ് വെബ്സൈറ്റില്‍ പ്രസിദ്ധീകരിക്കണം. തെരുവുനായ്ക്കള്‍ പെരുകുന്നതു നിയന്ത്രിക്കാനും ഇവയ്ക്ക് മതിയായ വാക്സിന് കൊടുക്കാനുമുള്ള നടപടികള്‍ നിരീക്ഷിക്കണമെന്നും ഹൈക്കോടതി നിര്‍ദേശിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: