ആലപ്പുഴ: എന്തു പഠിക്കാനാണ് മുഖ്യമന്ത്രിയടക്കം എട്ടു മന്ത്രിമാര്‍ വിദേശ യാത്രയ്ക്കു കച്ച മുറുക്കുന്നതെന്ന ചോദ്യം ശക്തമാകുന്നു. കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്തു നിരവധി രാജ്യങ്ങള്‍ സന്ദര്‍ശിച്ച് പ്രഖ്യാപനങ്ങള്‍ നടത്തിയെങ്കിലും ഒന്നുപോലും പ്രാവര്‍ത്തികമായിട്ടില്ല. വെള്ളപ്പൊക്കക്കെടുതി തടയാനുള്ള റൂം ഫോര്‍ റിവര്‍ പദ്ധതിയും ജപ്പാന് കമ്പനി തോഷിബയുടെ സഹായത്തോടെ കേരളത്തില്‍ ലിഥിയം ബാറ്ററി നിര്‍മിക്കുമെന്ന പ്രഖ്യാപനവും അതില്‍ പ്രധാനം.
സംസ്ഥാനത്ത് തുടര്‍ച്ചയായുണ്ടാകുന്ന പ്രളയം മുന്നില്‍ക്കണ്ടാണ് റൂം ഫോര്‍ റിവര്‍ പദ്ധതി പഠിക്കാന്‍ 2019 മേയില്‍ മുഖ്യമന്ത്രി പിണറായി വിജയനും അന്നത്തെ ചീഫ് സെക്രട്ടറി ടോം ജോസും അഡീഷണല്‍ ചീഫ് സെക്രട്ടറി ബിശ്വാസ് മേത്തയും ഉള്‍പ്പെടെയുള്ള സംഘം നെതര്‍ലാന്‍ഡ്സ് സന്ദര്‍ശിച്ചത്. പദ്ധതി പ്രഖ്യാപിച്ച് മൂന്നു വര്‍ഷം കഴിഞ്ഞിട്ടും പഠന റിപ്പോര്‍ട്ട് വെളിച്ചം കണ്ടില്ല. ഹൈഡ്രോഡൈനാമിക് പഠനത്തിനു ചെന്നൈ ഐഐടിക്കു കരാര്‍ നല്‍കിയത് 1.38 കോടി രൂപയ്ക്കാണ്. സന്ദര്‍ശനം ഉള്‍പ്പെടെ ഒന്നരക്കോടിയാണ് പഠനച്ചെലവ്. ഇതിനു ശേഷവും ഓരോ വര്‍ഷവും പ്രളയം കേരളത്തെ വിഴുങ്ങുകയാണ്. വര്‍ഷത്തില്‍ എട്ടു മാസവും വെള്ളപ്പൊക്കക്കെടുതി അനുഭവിക്കാനാണ് കുട്ടനാട്ടുകാരുടെ വിധി. ഇത്തവണയും കാലവര്‍ഷത്തില്‍ വ്യാപക നാശമുണ്ടായി.
മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ ടോക്കിയോ സന്ദര്‍ശന ശേഷമാണ് കേരളത്തിനു ലിഥിയം ബാറ്ററി നിര്‍മിക്കാനുള്ള സാങ്കേതിക വിദ്യ ജപ്പാന് കമ്പനി തോഷിബ നല്‍കുമെന്ന് പ്രചാരണം നടത്തിയത്. ലിഥിയം ടൈറ്റാനിയം ഓക്സൈഡ് ഉപയോഗിച്ചുള്ള ബാറ്ററിയുടെ സാങ്കേതിക വിദ്യ കൈമാറുമെന്നായിരുന്നു പ്രഖ്യാപനം. എന്നാല്‍ ബാറ്ററി നിര്‍മാണം നടന്നില്ല. ജപ്പാന് സന്ദര്‍ശിച്ചതിലൂടെ ഖജനാവ് ചോര്‍ന്നതു മാത്രം മിച്ചം.
ടോക്കിയോയിലെ സെമിനാറില്‍ നൂറ്റമ്പതിലധികം വ്യവസായികള്‍ പങ്കെടുത്തെന്നും വിവിധ മേഖലകളില്‍ ജപ്പാന് കമ്പനികളെ കേരളത്തിലേക്കു സ്വാഗതം ചെയ്തെന്നും മുഖ്യമന്ത്രി അറിയിച്ചെങ്കിലും ഒന്നും നടപ്പായില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: