തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖത്തിനെതിരെ നടക്കുന്ന സമരം രാജ്യദ്രോഹം ആണെന്ന് ട്രിവാന്‍ഡ്രം ചേമ്പര്‍ ഓഫ് കോമേഴ്സ്(ടിസിസിഐ) കുറ്റപ്പെടുത്തി. രാജ്യത്തിന്റെ സാമ്പത്തിക പുരോഗതി അട്ടിമറിക്കാനും സുരക്ഷ അപകടപ്പെടുത്താനും ലക്ഷ്യം വച്ചുള്ളതാണ് സമരം എന്ന് ടിസിസിഐ പ്രസ്താവനയില്‍ ആരോപിച്ചു.
മത്സ്യത്തൊഴിലാളികളുടെ ന്യായമായ ആവശ്യങ്ങള്‍ അംഗീകരിക്കണം. സര്‍ക്കാര്‍ ഇതിന് തയാറായ ശേഷവും മത്സ്യത്തൊഴിലാളികളെ തെറ്റിദ്ധരിപ്പിച്ച് സമരത്തിലേക്ക് തള്ളിവിടുന്ന ഒരു സംഘം സമരനേതാക്കളുടെ നടപടി ദേശവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് തുല്യമാണ് എന്ന് ടിസിസിഐ അഭിപ്രായപ്പെട്ടു.
പ്രളയകാലത്ത് മാതൃകാപരവും ത്യാഗോജ്ജ്വലവും ആയ രക്ഷാപ്രവര്‍ത്തനം നടത്തിയ മത്സ്യത്തൊഴിലാളികളുടെ നന്മയുടെ മറവില്‍ കപട പരിസ്ഥിതിവാദികളുമായി ഗൂഢാലോചന നടത്തി വികസനം തടസ്സപ്പെടുത്താനാണ് ഇത്തരക്കാര്‍ ശ്രമിക്കുന്നത്. സമരത്തിന് പിന്നില്‍ വിദേശശക്തികളുടെ സ്വാധീനവും പണവും ഉണ്ടെന്ന് സംശയമുണ്ടെന്നും വിഴിഞ്ഞം തുറമുഖം വരുന്നത് മൂലം സാമ്പത്തിക നഷ്ടം ഉണ്ടാകാന്‍ പോകുന്ന തുറമുഖങ്ങളുടെയും രാജ്യങ്ങളുടെയും പങ്ക് പരിശോധിക്കണമെന്നും ടിസിസിഐ ആവശ്യപ്പെട്ടു.
സമരത്തിന് പിന്നിലെ ഗൂഢാലോചന പുറത്ത് കൊണ്ടുവരണം എന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തോട് ആവശ്യപ്പെട്ടിട്ടുണ്ട്.തുറമുഖ പദ്ധതി സമയബന്ധിതമായി പൂര്‍ത്തിയാക്കും എന്ന് മന്ത്രി നേരത്തെ ഉറപ്പ് നല്‍കിയിരുന്നു. നിര്‍മാണം തടസ്സപ്പെടുന്നില്ല എന്ന് ഉറപ്പാക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ എടുക്കുന്ന നടപടികള്‍ അഭിനന്ദനാര്‍ഹമാണ്. കോടതി വിധികള്‍ നടപ്പിലാക്കാന്‍ സര്‍ക്കാര്‍ തുടര്‍ന്നും ശ്രമിക്കുമെന്ന് ഉറപ്പുണ്ടെന്നും ടിസിസിഐ ഭാരവാഹികള്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: