കൊച്ചി: വിഴിഞ്ഞം തുറമുഖ നിര്‍മാണത്തില്‍ പിണറായി സര്‍ക്കാരിനെതിരെ കോടതിയലക്ഷ്യ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് അദാനി ഗ്രൂപ്പ് ഹൈക്കോടതിയില്‍. ഹൈക്കോടതി വിധി സര്‍ക്കാര്‍ നടപ്പാക്കിയില്ലെന്നും തുറമുഖ നിര്‍മാണം സ്തംഭിച്ചിരിക്കുകയാണെന്നും അദാനി ഗ്രൂപ്പ് ഹൈക്കോടതിയെ അറിയിച്ചു. പോലീസ് നിര്‍മാണത്തിന് സുരക്ഷ നല്‍കാന്‍ തയാറായില്ല.
സുരക്ഷാ മേഖലയില്‍ ആയിരത്തിലധികം പ്രതിഷേധക്കാര്‍ തമ്പടിച്ചിരിക്കുകയാണ്. വിഴിഞ്ഞം തുറമുഖ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ സ്തംഭിച്ചെന്ന് അദാനി ഗ്രൂപ്പ് വ്യക്തമാക്കി. നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്ക് സുരക്ഷയൊരുക്കാതെ ഇതുമായി മുന്നോട്ട് പോകാന്‍ സാധിക്കില്ലെന്നും ഹൈക്കോടതിയില്‍ അറിയിച്ചു.
തുറമുഖ നിര്‍മാണത്തിനായി സുരക്ഷ ഒരുക്കണമെന്ന് ആവശ്യപ്പെട്ട് അദാനി ഗ്രൂപ്പും കരാര്‍ കമ്പനിയും ചേര്‍ന്ന് നേരത്തെ കോടതിയെ സമീപിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ വിഴിഞ്ഞം തുറമുഖ നിര്‍മ്മാണത്തിന് പൊലീസ് സംരക്ഷണം നല്‍കാന്‍ ഹൈക്കോടതി ഉത്തരവിട്ടിരുന്നു.
എന്നാല്‍, സര്‍ക്കാര്‍ ഈ ഉത്തരവ് പാലിക്കാന്‍ തയാറായില്ല. കഴിഞ്ഞ ദിവസവും സമരക്കാര്‍ ബാരിക്കേഡ് തള്ളിമാറ്റാന്‍ ശ്രമിച്ചു. തുറമുഖത്തേക്ക് വന്ന വാഹനങ്ങള്‍ തടയുകയും ചെയ്തിരുന്നു. ബാരിക്കേഡ് മറികടന്ന് അക്രമാസക്തരായ സമരക്കാര്‍ അകത്തുക കയറി. പൊലീസ് ഇവരെ തടഞ്ഞു. ഇതേ തുടര്‍ന്ന് സമരക്കാരും പൊലീസുമായി ഉന്തും തള്ളുമുണ്ടായി.
പൊലീസിന് സംരക്ഷണം നല്‍കാനായില്ലെങ്കില്‍ കേന്ദ്ര സേനയുടെ സഹായം തേടാമെന്നും ഹൈക്കോടതി വ്യക്തമാക്കിയിരുന്നു. കേന്ദ്ര സേനയുടെ സംരക്ഷണവും അദാനി ഗ്രൂപ്പ് ഹൈക്കോടതിയോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഹര്‍ജി നാളെ പരിഗണിക്കുമെന്ന് ഹൈക്കോടതി വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: