കണ്ണൂർ: പേ വിഷബാധയേറ്റ പശുവിന് ദയാവധം. കണ്ണൂർ ചിറ്റാരിപ്പറമ്പ് സ്വദേശി അരവിന്ദാക്ഷന്റെ പശുവിനെയാണ് പേവിഷബാധയേറ്റത് തുടർന്ന് കൊന്നത്. വെറ്റിനറി ഡോക്ടർമാരുടെ സംഘം സ്ഥലത്തെത്തി കുത്തിവയ്‌പ്പ് നൽകിയാണ് ദയാവധം നടപ്പാക്കിയത്. ജില്ലയില്‍ മറ്റൊരു പശുവിനും പേവിഷ ബാധയേറ്റിട്ടുണ്ടെന്നാണ് സംശയിക്കുന്നത്.
ചൊവ്വാഴ്ച മുതലാണ് പശു അസ്വസ്ഥത പ്രകടിപ്പിച്ച് തുടങ്ങിയതെന്നും പനിയാണെന്ന് കരുതി ചൊവ്വാഴ്ച മരുന്ന് നല്‍കിയെന്നും വീട്ടുകാര്‍ പറഞ്ഞു. എന്നിട്ടും പശു അസ്വസ്ഥത തുടര്‍ന്നതോടെ ഇന്ന് രാവിലെ ചിറ്റാരിപ്പറമ്പ് മൃഗാശുപത്രിയില്‍ നിന്നും വെറ്ററിനറി ഡോക്ടര്‍ ആല്‍വിന്‍ വ്യാസ് എത്തിയാണ് പേവിഷബാധ സ്ഥിരീകരിച്ചത്. പശുവിന്റെ അഞ്ച് മാസം പ്രായമായ കിടാവിന് പേവിഷ പ്രതിരോധ കുത്തിവയ്‌പ്പ് നല്‍കി മാറ്റി നിര്‍ത്തിയിരിക്കുകയാണ്. പശുവിന് മരുന്ന് നല്‍കിയ മൂന്ന് പേര്‍ കൂത്തുപറമ്പ് ബ്ലോക് തൊടീക്കളം ഫാമിലി ഹെൽത്ത് സെന്ററിലെത്തി ചികിത്സ തേടി.
കണ്ണൂര്‍ ചാലയിലെ സുനന്ദയുടെ പശു കഴിഞ്ഞ ദിവസം പേവിഷബാധയേറ്റ് ചത്തിരുന്നു. പേ വിഷബാധയുടെ ലക്ഷണങ്ങള്‍ കാണിച്ചതോടെ വെറ്റിനറി ഡോക്ടര്‍മാരെത്തി പരിശോധന നടത്തിയാണ് രോഗം സ്ഥിരീകരിച്ചത്. പശുവിനെ പട്ടി കടിച്ചതായുള്ള ലക്ഷണങ്ങളോ മുറിവുകളോ പ്രത്യക്ഷത്തില്‍ കാണുന്നില്ലാത്തതിനാല്‍ എങ്ങനെയാണ് പേ വിഷ ബാധയേറ്റത് എന്ന കാര്യം വ്യക്തമായിട്ടില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: