അഹമ്മദാബാദ് : 200 കോടി രൂപയുടെ ഹെറോയിന്‍ മയക്കുമരുന്നുമായി പാക്കിസ്ഥാനി ബോട്ട് ഗുജറാത്ത് തീരത്തു നിന്നും പിടികൂടി. കച്ച് ജില്ലയിലെ ജഗാവു തീരത്തുനിന്നും 33 നോട്ടിക്കല്‍ മൈല്‍ അകലെവെച്ച് കോസ്റ്റ്ഗാര്‍ഡും ഗുജറാത്ത് ഭീകര വിരുദ്ധ സ്ക്വാഡും ചേര്‍ന്ന് സംയുക്തമായി നടത്തിയ ഓപ്പറേഷനിലാണ് ഇത്രയും ഹെറോയിന്‍ പിടിച്ചെടുത്തത്.
‘അല്‍ തയ്യാസ’ എന്ന പേരിലുള്ള ബോട്ടിലുണ്ടായിരുന്ന ആറ് പേര് കൂടി പിടിയിലായിട്ടുണ്ട്. ഇവരെല്ലാം പാക്കിസ്ഥാനികളാണ്. കോസ്റ്റ് ഗാര്‍ഡിന്റെ രണ്ട് അതിവേഗ ബോട്ടുകള്‍ ഉപയോഗിച്ചായിരുന്നു ഓപ്പറേഷന്. ഇവരെയും പിടികൂടിയ ബോട്ടും കൂടുതല്‍ അന്വേഷണത്തിനായി ജഗാവു തീരത്ത് എത്തിക്കും.
ഗുജറാത്തിലെത്തിച്ച മയക്കുമരുന്ന് റോഡ്മാര്‍ഗം പഞ്ചാബിലേക്ക് എത്തിക്കാനായിരുന്നു ശ്രമം. ഗുജറാത്ത് തീരം വഴി രാജ്യത്തേയ്ക്ക് ഹെറോയിന്‍ എത്തിച്ച് വിതരണം ചെയ്യാനുള്ള ശ്രമം സംയുക്ത നീക്കത്തിലൂടെ സുരക്ഷാ സംഘം തകര്‍ക്കുകയായിരുന്നു. കഴിഞ്ഞമാസം ഗുജറാത്തിലെ കച്ചില്‍ രണ്ട് പാകിസ്താനി ബോട്ടുകള്‍ ബിഎസ്എഫ് പിടികൂടിയിരുന്നു. കഴിഞ്ഞവര്‍ഷം ഗുജറാത്തിലെ മുന്ദ്ര തുറമുഖത്ത് എത്തിച്ച 2988 കിലോ ഹെറോയിനും പിടിച്ചെടുത്തിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: