ദോഹ: ഖത്തറില്‍ സ്‌കൂള്‍ ബസിനുള്ളില്‍ മലയാളി വിദ്യാര്‍ത്ഥിനി മരിച്ച സംഭവത്തില്‍ സ്‌കൂള്‍ അടച്ചുപൂട്ടാൻ വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ ഉത്തരവ്. അല്‍ബക്കറയിലെ സ്പ്രിങ്ഫീല്‍ഡ്‌സ് കിന്‍ഡര്‍ ഗാര്‍ഡന്‍ ആണ് അടപ്പിച്ചത്. ജീവനക്കാരുടെ ഭാഗത്തു നിന്ന് വീഴ്ചയുണ്ടായതായി അന്വേഷണത്തില്‍ കണ്ടെത്തിയതിനെ തുടര്‍ന്നായിരുന്നു മന്ത്രാലയത്തിന്റെ നടപടി. വീഴ്ച വരുത്തിയ സ്‌കൂള്‍ ബസ് ജീവനക്കാര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നും വിദ്യാഭ്യാസ മന്ത്രാലയം അറിയിച്ചു.
വിദ്യാഭ്യാസ മന്ത്രാലയം നടത്തിയ അന്വേഷണത്തില്‍ സ്‌കൂള്‍ ജീവനക്കാര്‍ക്ക് വീഴ്ച ഉണ്ടായതായി കണ്ടെത്തിയിരുന്നു. കോട്ടയം ചിങ്ങവനം കൊച്ചുപറമ്പില്‍ അഭിലാഷ്- സൗമ്യ ദമ്പതികളുടെ മകള്‍ മിര്‍സ മറിയം ജേക്കബിന്റെ (4) ജീവനായിരുന്നു സ്‌കൂള്‍ ബസ് ജീവനക്കാരുടെ അശ്രദ്ധയില്‍ നഷ്ടമായത്. നാലാം പിറന്നാള്‍ ദിനത്തിലാണ് മിന്‍സയുടെ ദാരുണാന്ത്യം. രാവിലെ സ്‌കൂളിലേക്ക് വന്ന കുട്ടി ബസിനുള്ളിലിരുന്ന് ഉറങ്ങിപ്പോയത് അറിയാതെ ബസ് ജീവനക്കാര്‍ വാഹനം പൂട്ടി പോവുകയായിരുന്നു. ബസിനുള്ളില്‍ കുടുങ്ങിയ കുട്ടി കനത്ത ചൂടില്‍ ശ്വാസം മുട്ടി മരിച്ചുവെന്നാണ് നിഗമനം.
മിന്‍സയുടെ മൃതദേഹം ഇന്ന് രാവിലെ നെടുമ്പാശേരി വിമാനത്താവളത്തിൽ എത്തിച്ചു. കഴിഞ്ഞ ദിവസം നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാക്കി മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കിയിരുന്നു. രണ്ട് ദിവസം നീണ്ട വിശദമായ ഫോറന്‍സിക് മെഡിക്കല്‍ പരിശോധനകള്‍ക്ക് ശേഷമാണ് മിന്‍സയുടെ മൃതദേഹം ബന്ധുക്കള്‍ക്ക് കൈമാറിയത്. അല്‍ വക്രയിലെ മോര്‍ച്ചറിക്ക് മുന്നില്‍ നൂറ് കണക്കിനാളുകൾ മിന്‍സയ്‌ക്ക് അന്ത്യാഞ്ജലികള്‍ അര്‍പ്പിക്കാനെത്തിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക