തിരുവനന്തപുരം: സ്കൂള്‍ വിദ്യാര്‍ത്ഥികളെ ലക്ഷ്യമിട്ടു വില്പനയ്ക്കു ഇതര സംസ്ഥാനങ്ങളില്‍ നിന്നു എത്തിച്ച 96.20 ഗ്രാം എംഡിഎംഎയുമായി നാലു പേരെ ജില്ല ആന്റി നാര്‍ക്കോട്ടിക് സ്പെഷ്യല്‍ ആക്ഷന്‍ ഫോഴ്സ്(ഡാന്‍സാഫ് ടീം) അയിരൂര്‍ പൊലീസിന്റെ സഹായത്തോടെ അറസ്റ്റ് ചെയ്തു. ഇതിന് മുപ്പതു ലക്ഷം രൂപ വിലമതിക്കും. കഴിഞ്ഞ ദിവസം ഉച്ചയോടെ സംഘം ഇടവ ഭാഗത്ത് എത്തുന്നതായി വിവരം ലഭിച്ചതിനെ തുടര്‍ന്നു നടത്തിയ നീക്കത്തിലാണ് പ്രതികളെ അറസ്റ്റു ചെയ്യാനായത്.
മടവൂര്‍ ഞാറയില്‍ക്കോണം കരിമ്പുവിള അമ്പിളിമുക്കില്‍ കുന്നില്‍ വീട്ടില്‍ റിയാദ്(28), നാവായിക്കുളം ഞാറയില്‍ക്കോണം കരിമ്പുവിള ചരുവിള പുത്തന്‍വീട്ടില്‍ അര്‍ഷാദ്(26), പൂന്തുറ മുട്ടത്തറ ഗവ. ആശുപത്രിക്കു സമീപം മാണിക്യവിളാകം പുതുവല്‍ വീട്ടില്‍ മുഹമ്മദ് ഹനീഫ(38), അഴൂര്‍ പെരുമാതുറ മാടന്‍വിള കൊട്ടാരംതുരുത്തില്‍ അങ്ങതില്പത്ത് വീട്ടില്‍ ഷാഹിന്‍(25) എന്നിവരെയാണ് പിടികൂടിയത്. മൂന്നാം പ്രതി മുഹമ്മദ് ഹനീഫ 2008ലെ സത്താര്‍ കൊലക്കേസിലും നിരവധി കൊലപാതക ശ്രമക്കേസുകളിലും പ്രതിയാണ്. മയക്കുമരുന്ന് ഇടപാടുകളിലെ കണ്ണികളായ ഇവര്‍ ദിവസങ്ങള്‍ക്കു മുന്‍പ് ആന്ധ്രയില്‍ പോയിരുന്നതായി ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തില്‍ സംഘത്തെ നര്‍ക്കോട്ടിക് വിഭാഗം പിന്തുടരുന്നുണ്ടായിരുന്നു.
അവിടെ പ്രതികള്‍ സഞ്ചരിച്ച കാര്‍ കേടായതിനെ തുടര്‍ന്നു സംഘം അടുത്തദിവസം ബംഗളൂരുവില്‍ എത്തി. അവിടെ നിന്നു എംഡിഎംഎയുമായി ടൂറിസ്റ്റ് ബസില്‍ കൊല്ലത്തെത്തി. പിന്നീട് ഹൈവേയിലൂടെയുള്ള യാത്ര ഒഴിവാക്കി തീരദേശം വഴി സ്വകാര്യ ബസില്‍ യാത്ര ചെയ്യവേയാണ് ഇടവയില്‍ എത്തിയത്. ഇവരുടെ നീക്കങ്ങള്‍ അപ്പപ്പോള്‍ നിരീക്ഷിക്കുകയായിരുന്ന നര്‍ക്കോട്ടിക് വിഭാഗം ഇവരെ പിന്തുടര്ന്ന് എത്തിയാണ് ഇടവ ജംക്ഷനു സമീപത്ത് നിന്നു അറസ്റ്റു ചെയ്തത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: