ഗ്രേറ്റര്‍ നോയ്ഡ: രാജ്യത്തെ ക്ഷീര മേഖലയുടെ യഥാര്‍ഥ നേതാക്കള്‍ സ്ത്രീകളാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. മേഖലയുടെ 70 ശതമാനവും സ്ത്രീകളാണ്. കൂടാതെ ക്ഷീര സഹകരണ സംഘങ്ങളിലും കൂടുതല്‍ പ്രാതിനിധ്യം സ്ത്രീകള്‍ക്കാണ് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഉത്തര്‍ പ്രദേശിലെ ഗ്രേറ്റര്‍ നോയ്ഡയില് നാലു ദിവസത്തെ അന്താരാഷ്ട്ര ക്ഷീര സംഘടനാ (ഐഡിഎഫ്) ഉച്ചകോടി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
രാജ്യത്തെ ചെറുകിട ക്ഷീരോല്പാദക കേന്ദ്രങ്ങളുടെ കഠിന പ്രയത്നത്തിന്റെ ഫലമായി ലോകത്തെ ഏറ്റവും വലിയ പാലുത്പാദക രാജ്യമായി ഇന്ത്യ മാറി. എട്ട് കോടി കുടുംബങ്ങളാണ് ക്ഷീര മേഖലയുമായി ബന്ധപ്പെട്ട് ജീവിക്കുന്നത്. കര്‍ഷകരാണ് ക്ഷീരമേഖലയുടെ ശക്തി. 2014ല്‍ 146 മില്യണ്‍ ടണ്‍ പാലാണ് രാജ്യത്തുത്പാദിപ്പിച്ചിരുന്നത്. ഇപ്പോളത് 210 മില്യണ്‍ ടണ്‍ ആയി. 44 ശതമാനം വര്‍ധനയാണുണ്ടായത്. ക്ഷീര മേഖലയിലും ഡിജിറ്റൈസേഷന് എത്തിയിട്ടുണ്ട്. ഇത് കര്‍ഷകര്‍ക്ക് ഏറെ സഹായകരമാണെന്നും പ്രധാനമന്ത്രി പറഞ്ഞു.
അഞ്ച്-ആറ് വര്‍ഷങ്ങള്‍ക്കുള്ളില്‍ ക്ഷീര-കാര്‍ഷിക മേഖലയില്‍ ആയിരത്തിലധികം സ്റ്റാര്‍ട്ടപ്പുകളാണ് ആരംഭിച്ചത്. ക്ഷീരമേഖലയുമായി ബന്ധപ്പെട്ട എല്ലാ മൃഗങ്ങളെയും രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ആനിമല്‍ ബേസ് പദ്ധതി പ്രകാരം ആധുനിക സാങ്കേതികവിദ്യയുടെ സഹായത്തോടെ ജീവജാലങ്ങളുടെ ബയോമെട്രിക് ഐഡന്റിഫിക്കേഷന്‍ സംവിധാനങ്ങളും പൂര്‍ത്തിയാകുന്നതായി അദ്ദേഹം അറിയിച്ചു.
ക്ഷീര മേഖലയെക്കുറിച്ചുള്ള ഓരോരുത്തരുടെയും അറിവുകള്‍ മറ്റുള്ളവര്‍ക്ക് പകര്‍ന്നു നല്കാന് ഈ ഉച്ചകോടി സഹായകമാകുമെന്ന് വിശ്വസിക്കുന്നു. പശുദാനം എന്നത് ഇന്ത്യന്‍ പാരമ്പര്യത്തിന്റെ ഭാഗമാണ്. നിലവില്‍ ക്ഷീരമേഖല നേരിടുന്ന പ്രധാന പ്രശ്നം ജീവജാലങ്ങളുടെ തൊലിപ്പുറത്തുണ്ടാകുന്ന രോഗമാണ്. ഇത് നിയന്ത്രിക്കുന്നതിനാവശ്യമായ മാര്‍ഗങ്ങള്‍ സ്വീകരിക്കുന്നതിലുള്ള ശ്രമങ്ങളിലാണ് സര്‍ക്കാര്‍, പ്രധാനമന്ത്രി പറഞ്ഞു. ഉച്ചകോടിയിലെ എക്സിബിഷനും പ്രധാനമന്ത്രി സന്ദര്‍ശിച്ചു.
15 വരെയാണ് ഉച്ചകോടി. 50 രാജ്യങ്ങളില്‍ നിന്നായി 1500 പേര് ഉച്ചകോടിയില്‍ പങ്കെടുക്കുമെന്നാണ് പ്രതീക്ഷ. 48 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് രാജ്യത്ത് ഐഡിഎഫ് ഉച്ചകോടി നടക്കുന്നതെന്ന് കേന്ദ്രമന്ത്രി പുരുഷോത്തം രൂപാല പറഞ്ഞു. ഡയറി ഫോര്‍ ന്യൂട്രീഷന്‍ ആന്‍ഡ് ലൈവ്ഹുഡ് എന്നതാണ് ഉച്ചകോടിയുടെ പ്രമേയം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: