അഗര്‍ത്തല: ത്രിപുരയില്‍ ബിജെപിയ്ക്ക് പിന്തുണയുമായി സിപിഎം. ത്രിപുരയിലെ ഉനാകോട്ടി ജില്ലയിലെ കൈലാഷഗറിലെ ശ്രീനാഥ്പൂര്‍ പഞ്ചായത്ത് പ്രസിഡന്റ് തെരഞ്ഞെടുപ്പിലാണ് ബിജെപിയ്ക്ക് പൂര്‍ണ പിന്തുണയുമായി സിപിഎം രംഗത്തെത്തിയത്. കോണ്‍ഗ്രസിനെ തടയാനാണ് സിപിഎം ബിജെപിക്ക് പിന്തുണ പ്രഖ്യാപിച്ചത്.
ബിജെപി അംഗം ഇനുച് അലിയാണ് പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിച്ചത്. സിപിഐഎം അംഗങ്ങളും ബിജെപി അംഗങ്ങളും ഇനുച് അലിക്ക് വോട്ട് ചെയ്തു. ശ്രീനാഥ്പൂരിലെ 13 അംഗ പഞ്ചായത്ത് സമിതിയില്‍ ബിജെപിക്ക് ആറ് അംഗങ്ങളാണുള്ളത്. സിപിഐഎമ്മിന് അഞ്ച് അംഗങ്ങളും. ബാക്കിയുള്ള രണ്ട് സീറ്റുകള്‍ കോണ്‍ഗ്രസിനാണ്.
തെരഞ്ഞെടുപ്പ് കഴിഞ്ഞപ്പോള്‍ സിപിഐഎമ്മും കോണ്‍ഗ്രസും ചേര്‍ന്നാണ് ആദ്യ ഭരണസമിതി രൂപീകരിച്ചത്. എന്നാല്‍, മൂന്നു മാസത്തിനുള്ളില്‍ തന്നെ സഖ്യം അടിച്ച് പിരിഞ്ഞു. തുടര്‍ന്ന് ഇരുവരും പരസ്പരം അവിശ്വാസം രേഖപ്പെടുത്തി. പ്രസിഡന്റിനും വൈസ് പ്രസിഡന്റിനുമെതിരെ അവിശ്വാസ പ്രമേയം കൊണ്ടുവരികയും വിജയിക്കുകയും ചെയ്തിരുന്നു.
ഇതിനെ തുടര്‍ന്നാണ് ഈ സ്ഥാനങ്ങളിലേക്ക് തെരഞ്ഞെടുപ്പ് വേണ്ടി വന്നത്. സിപിഎം ബിജെപിയ്ക്ക് പിന്തുണ പ്രഖ്യാപിച്ചതോടെ തെരഞ്ഞെടുപ്പില്‍ നിന്ന് കോണ്‍ഗ്രസ് വിട്ട് നിന്നു. കോണ്ഗ്രസിനെക്കാലും വിശ്വസിക്കാന്‍ കൊള്ളാവുന്ന പാര്‍ട്ടി ബിജെപിയാണെന്നും അതിനാലാണ് ബിജെപി സ്ഥാനര്‍ത്ഥിക്ക് വോട്ടു ചെയ്തതെന്നും സിപിഎം നേതൃത്വം വ്യക്തമാക്കി. തങ്ങള്‍ക്ക് വോട്ടു ചെയ്ത സിപിഎം നടപടിയെ ബിജെപിയും സ്വാഗതം ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: