പാലക്കാട് : പാലമില്ലാത്തതിതെ തുടര്‍ന്ന് മുളയില്‍ കെട്ടിവെച്ച് രോഗിയെ ആശുപത്രിയില്‍ എത്തിച്ച് പറമ്പിക്കുളം ഓവന്‍പാടി കോളനി നിവാസികള്‍. 2019ലെ പ്രളയത്തില്‍ പാലം തകര്‍ന്നതിനെ തുടര്‍ന്ന് പ്രദേശവാസികള്‍ ഏറെ ദുരിതത്തിലാണ്. കോളനി നിവാസികള്‍ക്ക് അടിയന്തിര ചികിത്സാ ആവശ്യമുള്ള ഘട്ടങ്ങളില്‍ പല തവണ ഇക്കാര്യം അധികൃതരുടെ ശ്രദ്ധയില്‍പ്പെടുത്തിയെങ്കിലും നടപടിയൊന്നുമായിട്ടില്ല.
കഴിഞ്ഞ ദിവസം പ്രദേശവാസിയായ സ്ത്രീയുടെ ആരോഗ്യനില വഷളായതിനെ തുടര്‍ന്ന് അവരെ മുളയില്‍ കെട്ടിവെച്ച് ഏഴ് കിലോമീറ്റോളം ചുമന്നാണ് ആശുപത്രിയിലെത്തിച്ചത്. കോളനിവാസിയായ മണിപ്പാടിയപ്പനെയാണ് സമീപവാസികള്‍ മുളയില്‍വെച്ച് കെട്ടി ചുമന്ന് കൊണ്ട് പോയത്. സമീപത്തെ അല്ലിമൂപ്പന്‍ കോളനിയില്‍ നിന്നു മാത്രമാണ് ടൗണിലേക്ക് വാഹന സൗകര്യമുള്ളത്. രോഗിയെ ഇവിടെയെത്തിച്ച ശേഷം ജീപ്പില്‍ സ്ത്രീയെ കോയമ്പത്തൂരിലെ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. അതിനിടെ കാടിലൂടെ നടന്നു പോകുന്നതിനിടയില്‍ ഇവരെ കാട്ടാനയും ഓടിച്ചു.
2019ലെ പ്രളയത്തിലാണ് കോളനിയുമായി ബന്ധിപ്പിച്ചിരുന്ന പാലം തകര്‍ന്നത്. ഇതോടെ കോളനി നിവാസികള്‍ പൂര്‍ണമായും ഒറ്റപ്പെട്ടു. കടയിലും ആശുപത്രിയിലേക്കും വിദ്യാര്‍ത്ഥികള്‍ക്ക് സ്‌കൂളില്‍ പോകാനുമെല്ലാം വലിയ പ്രശ്നമാണ് കോളനിവാസികള്‍ നേരിടുന്നത്. പുറം ലോകവുമായി യാതൊരു ബന്ധവുമില്ലാതെയാണ് ഇവിടുത്തെ മിക്ക കുടുംബങ്ങളും കഴിയുന്നത്. പാലം പുതുക്കി നിര്‍മിക്കണമെന്ന് ആവശ്യപ്പെട്ട് നിരവധി തവണ കോളനിവാസികള്‍ പഞ്ചായത്തിനേയും മറ്റ് അധികൃതരെയും സമീപിച്ചിരുന്നു. എന്നാല്‍ നടപടിയൊന്നുമായില്ല. 30ഓളം കുടുംബങ്ങളാണ് കോളനിയില്‍ താമസിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: