കൊച്ചി: നരേന്ദ്ര മോദി സര്‍ക്കാരിന്റെ കീഴില്‍ അഭിവൃദ്ധി പ്രാപിക്കുന്ന ഭാരതത്തെ അസ്ഥിരപ്പെടുത്തുക എന്ന അജണ്ടയുടെ ഭാഗമായാണ് രാഹുല്‍ ഗാന്ധി രാജ്യത്തിനെതിരായും പ്രധാനമന്ത്രിക്ക് എതിരായും സംസാരിക്കുന്നവരുമായി കൂടിക്കാഴ്ച നടത്തുന്നതെന്ന് ബിജെപിദേശീയ ജന. സെക്രട്ടറി തരുണ്‍ ഛുഖ്.
ദേശവിരുദ്ധര്‍ക്കൊപ്പം ചിലവഴിക്കാന്‍ സമയം കണ്ടെത്തിയ രാഹുല്‍, രാജ്യത്തിന് വേണ്ടി ജീവിച്ചവര്‍ക്ക് വേണ്ടി ഏതാനുംനിമിഷം നീക്കി വയ്ക്കുന്നതില്‍ വിമുഖത പ്രകടിപ്പിച്ചു. പ്രമുഖ സ്വാതന്ത്ര്യസമര സേനാനികളായ പി. ഗോപിനാഥന് നായര്‍, കെ.ഇ. മാമ്മന്‍ എന്നിവരുടെ സ്മൃതി മണ്ഡപങ്ങള്‍ ഉദ്ഘാടനം ചെയ്യാമെന്നേറ്റ ശേഷം പിന്മാറിയതെന്തുകൊണ്ടാണെന്നും ഇത്തരത്തില്‍ അവരെ അപമാനിക്കാനുള്ള കാരണം എന്താണെന്നും രാഹുല്‍ വിശദീകരിക്കണം. തുക്ഡേ തുക്ഡേ ഗ്യാങിനൊപ്പമാണ് രാഹുലിന്റെ ഭാരത് ഛോഡോ യാത്രയെന്നും തരുണ്‍ ഛുഖ് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
കേരളത്തിന്റെ തെറ്റായ സാമ്പത്തിക നയങ്ങളും കാഴ്ചപ്പാടുകളുമാണ് സംസ്ഥാനത്തിന്റെ സാമ്പത്തിക രംഗത്തിന്റെ തകര്‍ച്ചയ്ക്ക് കാരണം. ഖജനാവ് അടച്ചുപൂട്ടണോ എന്നാണ് സര്‍ക്കാരിന്റെ ചിന്ത. കേന്ദ്രത്തിന്റെ പൂര്‍ണ്ണ പിന്തുണയാണ് കേരളത്തിനുള്ളത്. ബിജെപി ഇതര സര്‍ക്കാരുകള്‍ പോലും കേന്ദ്രത്തില്‍ നിന്ന് അര്‍ഹമായത് ലഭിക്കുന്നില്ല എന്ന പരാതി ഉന്നയിക്കില്ല. വായ്പ എടുത്തുമാത്രം ഒരു സര്‍ക്കാരിനും നില നില്ക്കാന് സാധിക്കില്ല. നിയമവിരുദ്ധമായി പോലും ബൃഹത് വായ്പകളാണ് ഏതാനും വര്‍ഷമായി കേരളം എടുത്തുകൊണ്ടിരിക്കുന്നത്. ഇക്കാര്യം സിഎജി ഇതിനോടകം ചൂണ്ടിക്കാട്ടിയിട്ടുണ്ട്. രാജ്യത്തെ ജനങ്ങളുടെ പ്രതീക്ഷയ്ക്കൊത്ത് പ്രവര്‍ത്തിക്കാന്‍ കഴിയില്ലെന്ന് തെളിയിച്ചിട്ടുള്ളതാണ് കമ്യൂണിസ്റ്റ് ഭരണകൂടങ്ങള്‍. ദശാബ്ദങ്ങളായി ഭരിച്ച ത്രിപുരയും ബംഗാളും ഇതിന് ഉദാഹരണമാണ്.
കേരളത്തില്‍ വിദ്യാഭ്യാസ- സാംസ്കാരിക – നവോത്ഥാന രംഗമെല്ലാം ഇടത് ഭരണത്തിന് കീഴില്‍ തകര്‍ന്നടിഞ്ഞു. അഴിമതി മൂര്‍ധന്യത്തിലെത്തി. ഉന്നതവിദ്യാഭ്യാസത്തിനായി 40 ശതമാനത്തോളം വിദ്യാര്‍ഥികളും, തൊഴില്‍ തേടി 75 ശതമാനത്തിലധികം അഭ്യസ്തവിദ്യരും സംസ്ഥാനം വിട്ടു പോകുന്നു. കേരളത്തില്‍ കൃഷിയോ പുതിയ നിക്ഷേപങ്ങളോ ഉണ്ടാകുന്നില്ല. മാറ്റത്തിന് സമയമായി എന്ന് കേരളീയരും ചിന്തിച്ചുതുടങ്ങി. സംസ്ഥാനത്തിന്റെ പുരോഗതിക്ക് കേരളത്തിലും ബിജെപിയുടെ നേതൃത്വത്തില്‍ ഡബിള്‍ എന്ജിന് സര്‍ക്കാര്‍ അധികാരത്തിലെത്തണമെന്നും ഛുഖ് പറഞ്ഞു. ബിജെപി ജന. സെക്രട്ടറിമാര്‍ അഖിലേന്ത്യ തലത്തില്‍ നടത്തുന്ന ചാക്രിയ പ്രവാസിന്റെ ഭാഗമായി രണ്ട് ദിവസത്തെ കേരള സന്ദര്‍ശനത്തിനെത്തിയതായിരുന്നു അദ്ദേഹം.
എറണാകുളം ബിടിഎച്ചില്‍ നടന്ന വാര്‍ത്താസമ്മേളനത്തില്‍ ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി ജോര്‍ജ് കുര്യന്, സെക്രട്ടറി എസ്.സുരേഷ്, സംസ്ഥാന വക്താവ് കെ.വി.എസ്.ഹരിദാസ്, ജില്ലാ പ്രസിഡന്റ് എസ്. ജയകൃഷ്ണന്, യുവമോര്‍ച്ച ദേശീയ സെക്രട്ടറി പി. ശ്യാം രാജ് എന്നിവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: