ഇറക്കത്ത് രാധാകൃഷ്ണന്
മാതാവിന്റെ ജന്മസുകൃതമാണ് ഉത്തമസന്താനങ്ങള്‍. മകനായാലും മകളായാലും സത്സന്താനങ്ങളാണ് മാതാപിതാക്കള്‍ക്ക് യശസ്സു നേടിക്കൊടുക്കുന്നത്. അച്ഛനമ്മമാരുടെ ജീവിതം ധന്യമാക്കുന്നതും ഉത്തമരായ മക്കള്‍ തന്നെയാണ്. രാജ്യത്തിനും മാനവവംശത്തിനും അഭിമാനമായ ഉത്തമസന്താനങ്ങള്‍ പിറക്കുന്നത് മാതാപിതാക്കളുടെ ആഗ്രഹത്തിന് ഈശ്വരസാക്ഷാത്ക്കാരം ലഭിക്കുമ്പോള്‍ മാത്രമാണ്.
കശ്യപമഹര്‍ഷിയും അദിതിയും നാരായണ ഭഗവാനെ മകനായി ആഗ്രഹിച്ചതിന്റെ ഫലമായാണ്, ദശരഥന്റെയും കൗസല്യയുടെയും മകനായി ജനിച്ചതെന്ന് ശ്രീരാമന് അമ്മയോട് ഉപദേശിക്കുന്നുണ്ടല്ലോ. ശ്രീകൃഷ്ണന് ദേവകിയുടെയും വസുദേവരുടെയും പുത്രനായതും ഭഗവദ്കൃപകൊണ്ടാണെന്ന് ഗര്‍ഗമുനിയും ഉപദേശിക്കുന്നുണ്ട്. ധ്രുവനെക്കൊണ്ടാണ് ഉത്താനപാദനും സുനീതിയും കീര്‍ത്തി നേടിയത്. അതുപോലെ സുകൃതം നേടിയ മാതാപിതാക്കളായിരുന്നു ദേവഹൂതിയും കര്ദമമഹര്ഷിയും. അവരുടെ പുത്രനായി, ഭഗവാന് കപില മഹര്‍ഷിയായി ജന്മമെടുത്തു. ബ്രഹ്മപുത്രനായ സ്വായംഭുവമനുവിന്റെ പ്രിയപുത്രി ദേവഹൂതി രാജകുമാരി കര്‍ദമമുനിയുടെ പത്നിയായതും ഈശ്വരഹിതമായി സംഭവിച്ചതാണ്. കര്‍ദമമഹര്‍ഷി ബഹുകാലം സരസ്വതീനദീതീരത്ത് വിഷ്ണുഭഗവാനെ മനസ്സില്‍ പ്രതിഷ്ഠിച്ച് തപസ്സു ചെയ്തതിന്റെ ഫലമായാണ് ഭഗവാന് പ്രത്യക്ഷനായത്. ഉദയസൂര്യന്റെ ശോഭയോടെ കിരീടവും കുണ്ഡലങ്ങളും ധരിച്ച് ശംഖ്, ചക്രം, ഗദ, വെണ്‍താമര എന്നിവ വഹിച്ച് ശുഭ്രവസ്ത്രധാരിയായി പുഞ്ചിരി പൊഴിച്ചു നില്ക്കുന്ന ഭഗവാന്റെ രൂപം കര്‍ദമമുനിക്ക് കണ്‍കുളിര്‍ക്കെ കാണാന്‍ കഴിഞ്ഞു. ഗൃഹസ്ഥാശ്രമത്തിലേക്കു കടക്കുവാന്‍ ബ്രഹ്മാവിന്റെ ആജ്ഞയുള്ളതിനാല്‍ അദ്ദേഹം അത് സ്വീകരിക്കുവാന്‍ നിശ്ചയിച്ചു.
‘കര്‍ദമന്റെ ഭക്തിയാര്‍ന്ന സ്തുതിയില്‍ എന്ത് ഉദ്ദേശ്യത്താലാണോ എന്നെ അര്‍ച്ചിച്ചത് അത് നടക്കട്ടെ’യെന്ന് ഭഗവാന് കര്‍ദമനെ അനുഗ്രഹിച്ചു. ബ്രഹ്മപുത്രനും ചക്രവര്‍ത്തിയും കീര്‍ത്തിമാനുമായ മനുവിന്റെ മകള്‍ ദേവഹൂതിയെ വധുവായി സ്വീകരിച്ചു കൊള്ളുവാന്‍ ഭഗവാന് അനുഗ്രഹിച്ചു: ‘ഒന്‍പതു പുത്രിമാരുണ്ടാകുന്ന രാജപുത്രി അനുരാഗപൂര്‍വം അങ്ങയെ ശുശ്രൂഷിക്കും. പുത്രിമാരെ മരീച്യാദി മുനിമാര്‍ വിവാഹം ചെയ്യും. അങ്ങേയ്ക്ക് എന്റെ അംശജാതനായ ഒരു പുത്രനുണ്ടാകും. അവന് സാംഖ്യയോഗം ലോകത്തില്‍ പരത്തും. അതിനു ശേഷം അങ്ങ് എന്നില്‍ തന്നെ വന്നു ചേരും. ‘
ഭഗവാന്റെ കല്പനയനുസരിച്ച് ദേവഹൂതിയെ കര്‍ദമന്‍ വിവാഹം കഴിച്ചു. അവര്‍ക്ക് ഒന്‍പത് കന്യകമാര്‍ പിറന്നു. ദേവഹൂതിക്ക് ഒരു പുത്രന് ജനിച്ചാല്‍ ആശ്രമധര്‍മം പാലിക്കാനായി ഞാന്‍ ഗൃഹം ഉപേക്ഷിക്കുമെന്ന് കര്‍ദമന്‍ ഭാര്യയായ ദേവഹൂതിയെ അറിയിച്ചിരുന്നു. കപിലഭഗവാന്‍ പുത്രനായി ജനിച്ചപ്പോള്‍ തന്നെ കര്‍ദമന്‍ അതിനനുസരിച്ചുള്ള ഒരുക്കങ്ങളെല്ലാം ആരംഭിച്ചിരുന്നു.
സാംഖ്യശാസ്ത്രം പ്രചരിപ്പിക്കാനായി വിഷ്ണുഭഗവാന്റെ അവതാരമായി ദേവഹൂതിയില്‍ കപിലഭഗവാന്‍ അങ്ങനെ ജന്മമെടുത്തു. പിതാവ് വനവാസത്തിനു പോയശേഷം കപിലന് ബിന്ദുസരസ്സിന്റെ തീരത്തുള്ള ആശ്രമത്തില്‍ വച്ച് സാംഖ്യശാസ്ത്രം അമ്മയ്ക്ക് ഉപദേശിച്ചു കൊടുത്തു. മനുഷ്യന് ദുഃഖസുഖങ്ങളില്‍ നിന്ന് മോചനം ലഭിക്കാനുള്ള ഉത്തമ മാര്‍ഗം ആത്മസാക്ഷാത്ക്കാര ലക്ഷണയോഗമാണ്. സര്വാംഗയുക്തയോഗം കപിലന് അമ്മയ്ക്ക് ഉപദേശിച്ചു കൊടുത്തു.
ജീവനും ബന്ധമോക്ഷങ്ങള്ക്കും കാരണം മനസ്സാണ്. ശുദ്ധമായ ഹൃദയത്തില്‍ ഭക്തിയും ജ്ഞാനവും വൈരാഗ്യവും ഉദിച്ചാല്‍ ആത്മാവിനേയും മായയേയും കാണാനാകും. സജ്ജനസംഗം മുക്തികവാടം തുറക്കും. സ്വന്തം കാര്യം മറന്നും അന്യരുടെ ദുഃഖശാന്തിക്ക് പരിശ്രമിക്കുക. ഭഗവദ് കഥകള്‍ കേട്ട് രമിക്കുന്നവരെ ദുഃഖമകറ്റി ഭഗവാന് രക്ഷിക്കും. ജ്ഞാനം ലഭിച്ചാല്‍ അവസാനം ഭഗവാനോട് ചേരുകയും ചെയ്യാം.
ഒരു ജീവന് പലപല ജന്മങ്ങള് കൈക്കൊണ്ടതിനു ശേഷം സമസ്ത വസ്തുവിലും വൈരാഗ്യം വന്ന് ഭഗവാന്റെ ഉത്തമഭക്തനായി, അര്ത്ഥജ്ഞനായി ചിത്തസന്ദേഹങ്ങള് കളഞ്ഞ് ധീരനായി ഭഗവാനെ ആശ്രയിക്കുന്നു. അങ്ങനെയുള്ള മനുഷ്യന് പിന്നെ പുനര്‍ജന്മമില്ല. മരണഭയം അവനെ അലട്ടുന്നേയില്ല.
കപിലമുനിയുടെ തത്ത്വോപദേശം ലഭിച്ച ദേവഹൂതിക്ക് ദേഹഭാവന ഇല്ലാതായി. ഭഗവാനെ വാഴ്ത്തി സ്തുതിക്കാന്‍ തുടങ്ങി. ഭാഗവതത്തില്‍ ഏഴു ശ്ലോകങ്ങളില്‍ക്കൂടി ദേവഹൂതി ഭഗവാനെ സ്തുതിക്കുന്നു.
‘ലോകങ്ങളെ മുഴുവന്‍ സൃഷ്ടിച്ച്, രക്ഷിക്കുന്ന ഭഗവാന് എന്റെ ഉദരത്തില്‍ പത്തുമാസം എങ്ങനെ കിടന്നു. അങ്ങയെ ദര്‍ശിക്കുവാന്‍ സാധിച്ചതിനാല്‍ ഞാന്‍ ഭാഗ്യശാലിയാണ്. ഈ കപിലാവതാരം ആത്മജ്ഞാനത്തിന് ഉപയുക്തമായ സാംഖ്യശാസ്ത്രം പ്രചരിപ്പിക്കുന്നതിനാണ് രൂപം സ്വീകരിച്ചത്. അങ്ങയുടെ നാമങ്ങളെ കീര്‍ത്തിക്കുകയും കേള്‍ക്കുകയും നമസ്ക്കരിക്കുകയും ചെയ്യുന്നവന് നീചനാണെങ്കില്ക്കൂടി എത്രയും വേഗം ശ്രേഷ്ഠനാകും. അങ്ങയുടെ ദര്‍ശനം ലഭിച്ചാല്‍ അത് പറയുവാനുമില്ലല്ലോ! സാക്ഷാല്‍ പരബ്രഹ്മം തന്നെയായിരിക്കുന്നവനും പരംപുരുഷനും വിഷയാസക്തി രഹിതര്‍ക്ക് മനസ്സില്‍ ധ്യാനിക്കാന്‍ യോഗ്യനും വേദങ്ങളെ ഉള്ളില്‍ ധരിച്ചിരിക്കുന്നവനും വിഷ്ണുഭഗവാന് തന്നെ കപിലന് എന്ന പേരോടു കൂടി ജനിച്ചവനുമായ ഭഗവാനെ ഞാന്‍ നമസ്ക്കരിക്കുന്നു.’ ദേവഹൂതിസ്തുതിയില് ഭഗവാന് സന്തുഷ്ടനായി.
മാതാവിന് തത്ത്വബോധം നല്കി കപിലന് യാത്ര ചോദിച്ചു. ആശ്രമഭൂമിയില്‍ മനോനിയന്ത്രണത്തോടു കൂടി അമ്മ ദേവഹൂതി താമസിച്ചു. ജപപൂജാദികള്‍ കൊണ്ടും ഭക്തികൊണ്ടും ബ്രഹ്മജ്ഞാനിയായി ആത്മസ്വരൂപത്തില്‍ ചിത്തമുറപ്പിച്ച് ദേവഹൂതി സമാധിനിമഗ്നയായി. ആ സ്ഥലം സിദ്ധപദം എന്ന പേരില്‍ പ്രസിദ്ധമായി. ഓം നമോ ഭഗവതേ വാസുദേവായ.
പ്രതികരിക്കാൻ ഇവിടെ എഴുതുക