മോസ്കോ: വില വീണ്ടും കുറച്ചു നല്‍കാമെന്നും കൂടുതല്‍ എണ്ണ വാങ്ങണമെന്നും റഷ്യ ഇന്ത്യയോട് അഭ്യര്‍ഥിച്ചു. റഷ്യയില്‍ നിന്നുള്ള എണ്ണ ഇറക്കുമതി രണ്ടു ശതമാനമായിരുന്നത് 18 ആയി വര്‍ധിച്ച സാഹചര്യത്തിലാണ് അഭ്യര്‍ഥന. മേയില്‍ ബാരലിന് അന്താരാഷ്ട്ര വിപണിയില്‍ 110 ഡോളറുള്ളപ്പോള്‍, 16 ഡോളര്‍ കുറച്ചാണ് റഷ്യ ഇന്ത്യക്ക് എണ്ണ നല്‍കിയത്. ഇപ്പോള്‍ ബാരലിന് 30 ഡോളര്‍ കുറച്ചാണ് ഇന്ത്യക്ക് വില്‍ക്കുന്നത്. ഇതിനിയും കുറയ്ക്കാമെന്നാണ് റഷ്യയുടെ വാഗ്ദാനം. ഉക്രൈനുമായുള്ള യുദ്ധം റഷ്യയ്ക്കു സാമ്പത്തിക പ്രതിസന്ധിയുണ്ടാക്കുകയും യൂറോപ്യന്‍ രാജ്യങ്ങള്‍ റഷ്യന്‍ എണ്ണ വാങ്ങുന്നത് നിര്‍ത്തുകയും ചെയ്തപ്പോഴാണ് ഇന്ത്യയോടു കൂടുതല്‍ എണ്ണ വാങ്ങാന്‍ റഷ്യ അഭ്യര്‍ഥിച്ചത്.
അതേസമയം എണ്ണ വില നിയന്ത്രിച്ചു നിര്‍ത്താന്‍ ജി7 രാജ്യങ്ങളുടെ ഊര്‍ജ്ജിത ശ്രമം. ഇന്ത്യക്ക് റഷ്യ വില കുറച്ച് എണ്ണ നല്കുന്നതു കണക്കിലെടുത്താണിത്. സംസ്കൃത, അസംസ്കൃത എണ്ണകള്‍ക്കു റഷ്യ നിശ്ചിത വില നിലനിര്‍ത്തണമെന്നാണ് അവരുടെ ആവശ്യം. കാനഡ, അമേരിക്ക, ഫ്രാന്‍സ്, ജര്‍മനി, ഇറ്റലി, ജപ്പാന്, ബ്രിട്ടന് എന്നീ രാജ്യങ്ങളാണ് ജി7ലുള്ളത്. ഇറാഖ് കഴിഞ്ഞാല്‍ ഇന്ന് ഇന്ത്യ ഏറ്റവും അധികം എണ്ണ ഇറക്കുന്നത് റഷ്യയില്‍ നിന്നാണ്.
അതിനിടെ അമേരിക്കയുടെ ഉപരോധം അവഗണിച്ച് റഷ്യയില്‍ നിന്ന് എണ്ണ വാങ്ങിയ പോലെ തങ്ങളെയും പരിഗണിക്കണമെന്ന് ഇറാന് ഇന്ത്യയോട് അഭ്യര്‍ഥിച്ചു. അമേരിക്ക റഷ്യക്കു മേല്‍ ഏര്‍പ്പെടുത്തിയ ഉപരോധം തള്ളിയാണ് ഇന്ത്യ അവരില്‍ നിന്ന് എണ്ണ വാങ്ങുന്നത്. ഷാങ്ഹായ് കോ ഓപ്പറേഷന് ഉച്ചകോടിയുടെ ഭാഗമായി നടത്തുന്ന കൂടിക്കാഴ്ചയില്‍ ഇറാനിയന്‍ പ്രസിഡന്റ് ഇബ്രാഹിം റെയ്സി ഈ വിഷയം പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് ഉന്നയിച്ചേക്കും. ഉസ്ബെക്കിസ്ഥാനിലെ സമര്‍ഖണ്ഡില്‍ ഈ 15നും 16നുമാണ് ഉച്ചകോടി.
ഇന്ത്യയിലെ ഇറാന് അംബാസഡര്‍ അലി ഷെഗേനി വിദേശകാര്യ മന്ത്രി എസ്. ജയ്ശങ്കറുമായി കഴിഞ്ഞയാഴ്ച നടത്തിയ കൂടിക്കാഴ്ചയിലും ഇതുന്നയിച്ചിരുന്നു. യുഎസ് ഉപരോധത്തെത്തുടര്‍ന്ന് 2019ലാണ് ഇന്ത്യ ഇറാനില്‍ നിന്ന് എണ്ണ വാങ്ങുന്നത് നിര്‍ത്തിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: