ലഖ്നൗ: നാല് പേരുടെ മരണത്തിനും ഏഴ് പേര്‍ക്ക് ഗുരുതരമായി പൊള്ളലേല്‍ക്കാനും ഇടയാക്കിയ ലെവാന ഹോട്ടലിലെ തീപിടിത്തം അധികൃതരുടെ അനാസ്ഥ മൂലമെന്ന് കണ്ടെത്തല്‍. ഇതിന് ഉത്തരവാദികളായ വിവിധ സര്‍ക്കാര്‍ വകുപ്പുകളില്‍ പെട്ട 15 ഉദ്യോഗസ്ഥരെ സസ്പെന്റ് ചെയ്തു. സര്‍വ്വീസല്‍ നിന്നും വിരമിച്ച നാല് ഉദ്യോഗസ്ഥര്‍ക്കെതിരെ പ്രത്യേകം നടപടിയെടുക്കും. മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ നിര്‍ദേശപ്രകാരമായിരുന്നു നടപടി. ഹോട്ടല്‍ കെട്ടിടം അനധികൃതമെന്ന് കണ്ടാല്‍ ബുള്‍ഡോസര്‍ ഉപയോഗിച്ച് ഇടിച്ച് നിരത്തും. ഇതിനുള്ള അന്വേഷണം നടക്കുകയാണ്.
ലഖ്നോവിലെ സിഎഫ്ഒ വിജയ് കുമാര്‍ സിങ്ങ്, ഫയര്‍ ഓഫീസര്‍ യോഗേന്ദ്ര പ്രസാദ് എന്നിവര്‍ സസ്പെന്റ് ചെയ്യപ്പെട്ട ഉദ്യോഗസ്ഥരില്‍ ഉള്‍പ്പെടുന്നു. ഹോട്ടലിലെ തീപിടത്തത്തെക്കുറിച്ച് ഉന്നതതല അന്വേഷണം നടന്നിരുന്നു. പൊലീസ് കമ്മീഷണര്‍ എസ്ബി ശിരോദ്കര്, ലഖ്നൗ ഡിവിഷണല്‍ കമ്മീഷണര്‍ റോഷന് ജേക്കബ് എന്നിവര്‍ സംയുക്തമായാണ് അന്വേഷണം നടത്തുന്നത്. ഹോട്ടലിലും പരിസരത്തും നിയമലംഘനങ്ങള്‍ നിരവധി നടന്നിട്ടും ഒരു ഉദ്യോഗസ്ഥരും ഇതിനെതിരെ പ്രതികരിച്ചിരുന്നില്ല. തുടര്‍ന്നായിരുന്നു തീപിടിത്തത്തെക്കുറിച്ച് അന്വേഷിക്കാന്‍ ശിരോദ്കറും റോഷന് ജേക്കബും അംഗങ്ങളായ അന്വേഷണ സമിതി രൂപീകരിച്ചത്.
ആഭ്യന്തരം, ഊര്‍ജ്ജം, നിയമനം, ഹൗസിങ്ങ്, നഗരാസൂത്രണം (ലഖ്നൗ വികസന അതോറിറ്റി) എന്നീ അഞ്ച് സര്‍ക്കാര്‍ വകുപ്പുകളില്‍ പെട്ട ഉദ്യോഗസ്ഥരാണ് ശിക്ഷ ഏറ്റുവാങ്ങേണ്ടി വന്ന 19 ഉദ്യോഗസ്ഥര്‍. സുനില്‍ യാദവ്, യോഗേന്ദ്ര പ്രസാദ് യാദവ് (ഫയര്‍ ഓഫീസര്‍മാര്‍), മുഖ്യഫയര് ഓഫീസര്‍ വിജയ് കുമാര്‍ സിങ്ങ്, വൈദ്യുതി സുരക്ഷ അസിസ്റ്റന്റ് ഡയറക്ടര്‍ വിജയ് കുമാര്‍ റാവു, അസിസ്റ്റന്റ് എഞ്ചിനീയര്‍ ആശിശ് കുമാര്‍ മിശ്ര, സബ് ഡിവിഷണല്‍ ഓഫീസര്‍ രാജേഷ് കുമാര്‍ മിശ്ര, മഹേന്ദ്ര കുമാര്‍ മിശ്ര പിസിഎസ് എന്നിവരെയെല്ലാം സസ്പെന്റ് ചെയ്തിട്ടുണ്ട്. ലഖ്നോ ഡവലപ്മെന്റ് അതോറിറ്റ് അസിസ്നറ്റന്റ് എഞ്ചിനീയ്ര രാകേഷ് മോഹന്‍, ജൂനിയര്‍ എഞ്ചിനീയര്‍മാരായ ജിതേന്ദ്ര നാഥ് ദുബെ, രവീന്ദ്ര കുമാര്‍ ശ്രീവാസ്തവ, ജയ്വീര് സിങ്ങ്, രാം പ്രതാപ് മാറ്റെ എന്നിവരെയും സസ്പെന്റ് ചെയ്തിട്ടുണ്ട്. ജില്ല എക്സൈസ് ഓഫീസര്‍ സന്തോഷ് കുമാര്‍ തിവാരി, എക്സൈസ് ഇന്‍സ്പെക്ടര്‍ അമിത് കുമാര്‍ ശ്രീവാസ്തവ, ജൈനന്ദ്ര ഉപാധ്യായ് എന്നിവരെയും സസ്പെന്റ് ചെയ്തു.
വെന്റിലേഷന്, ആളുകള്‍ അകത്ത് വരുന്നതും പുറത്തുപോകുന്നതുമായ സംവിധാനം, അഗ്നി സുരക്ഷ സംവിധാനങ്ങള്‍ എന്നിവയില്‍ ഗുരുതരമായ പിഴവുകള്‍ വന്നതായി കണ്ടെത്തി. തീ അണയ്ക്കാനുള്ള ഉപകരണങ്ങളിലും ധാരാളം പോരായ്മകള്‍ കണ്ടെത്തിയിരുന്നു. തീ അണയ്ക്കല്‍ സംവിധാനത്തിന് പോരായ്മകള്‍ ഉണ്ടായിട്ടും ലൈസന്‍സ് നല്‍കിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: